US President Joe Biden: ബന്ദികളെ വിട്ടയയ്ക്കാൻ തയ്യാറെങ്കിൽ വെടിനിർത്തൽ നാളെത്തന്നെ: ജോ ബൈഡൻ
സാധാരണക്കാരെ കൊല്ലാനായി യു എസ് ബോംബുകൾ നൽകാൻ ആഗ്രഹിക്കുന്നില്ലെന്നും ബൈഡൻ വ്യക്തമാക്കി.
ഗാസ : ബന്ദികളെ മോചിപ്പിക്കാൻ തീവ്രവാദി സംഘം സമ്മതിച്ചാൽ, ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ‘നാളെത്തന്നെ വെടിനിർത്തൽ സാധ്യമാകുമെന്ന് യു എസ് പ്രസിഡൻ്റ് ജോ ബൈഡൻ ശനിയാഴ്ച ഒരു പ്രധാന പ്രസ്താവനയിൽ പറഞ്ഞു. സിയാറ്റിലിന് പുറത്ത് ധനസമാഹരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്രായേലിന് ബൈഡൻ്റെ മുന്നറിയിപ്പ്
മുൻ മൈക്രോസോഫ്റ്റ് എക്‌സിക്യൂട്ടീവിൻ്റെ വീട്ടിലാണ് ധനസമാഹരണ പരിപാടി നടന്നത്. പരിപാടിയിൽ നൂറോളം പേരാണ് പങ്കെടുത്തത്. ഹമാസ് ബന്ദികളാക്കിയവരെ വിട്ടയച്ചാൽ നാളെത്തന്നെ വെടിനിർത്തൽ ഉണ്ടാകുമെന്ന് ബിഡൻ പറഞ്ഞതായി റിപ്പോർട്ടുണ്ട്. ഇനി യുദ്ധം അവസാനിപ്പിക്കേണ്ടത് ഹമാസാണെന്ന് ഇസ്രയേൽ പറഞ്ഞതായി അദ്ദേഹ പറഞ്ഞു.
അവർക്ക് യുദ്ധം അവസാനിപ്പിക്കാൻ താൽപര്യം ഉണ്ടെങ്കിൽ നമുക്ക് അത് നാളെ അവസാനിപ്പിക്കാം. യുദ്ധം ആരംഭിച്ചതിന് ശേഷം ആയിരക്കണക്കിന് ആളുകൾ അഭയം പ്രാപിച്ച ദക്ഷിണ ഗാസയിലെ റഫയെ ഇസ്രായേൽ സൈന്യം ആക്രമിച്ചാൽ ആയുധങ്ങളും പീരങ്കി ഷെല്ലുകളും നൽകുന്നത് യു എസ് നിർത്തുമെന്ന് ബുധനാഴ്ച
തന്നെ ബൈഡൻ ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയിരുന്നു.
സാധാരണക്കാരെ കൊല്ലാനായി യു എസ് ബോംബുകൾ നൽകാൻ ആഗ്രഹിക്കുന്നില്ലെന്നും ബൈഡൻ വ്യക്തമാക്കി. ഹമാസുമായുള്ള യുദ്ധത്തിൽ അമേരിക്കയുടെ സഖ്യ കക്ഷിയായ ഇസ്രയേലിനുള്ള ശക്തമായ മുന്നറിയിപ്പായാണ് ഇത് വിലയിരുത്തപ്പെടുന്നത്. “ഉപയോഗിച്ച ആയുധങ്ങളും പീരങ്കി ഷെല്ലുകളും ഞങ്ങൾ നൽകാൻ പോകുന്നില്ല.” എന്ന് സി. എൻ.എന്നിന് നൽകിയ അഭിമുഖത്തിൽ, യു എസ് പ്രസിഡൻ്റ് പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ ഹമാസും ഇസ്രായേലും വെടിനിർത്തൽ കരാറിലെത്തിയിട്ടില്ല. ഇരുപക്ഷത്തിനും വേണ്ടി നിരവധി ചർച്ചകൾ നടത്തിയിട്ടും അതൊന്നും ഫലം കണ്ടില്ല. ഒക്‌ടോബർ 7 ന് ഹമാസ് തെക്കൻ ഇസ്രായേൽ ആക്രമിച്ചതിന് ശേഷം കുറഞ്ഞത് 250 പേരെ ബന്ദികളാക്കി ഗാസ മുനമ്പിൽ പാർപ്പിച്ചു.
ഇസ്രായേൽ പറയുന്നതനുസരിച്ച്, കുറഞ്ഞത് 128 പേർ ഇപ്പോഴും ബന്ദികളാണ്. അവരിൽ 36 പേർ ഇതിനകം കൊല്ലപ്പെട്ടു. ഹമാസ് ആക്രമണത്തിൽ 1170 പേർ കൊല്ലപ്പെട്ടപ്പോൾ ഇസ്രയേലിൻ്റെ തിരിച്ചടിയിൽ ഗാസയിൽ 34,000 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.