5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Imran Khan: അല്‍ ഖാദിര്‍ ട്രസ്റ്റ് അഴിമതി കേസ്; ഇമ്രാന്‍ ഖാന് 14 വര്‍ഷവും ഭാര്യക്ക് 7 വര്‍ഷവും തടവ് ശിക്ഷ

Imran Khan Sentenced to 14 Years: 1554 കോടി രൂപയുടെ അഴിമതി കേസാണ് ഇരുവര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്തത്. റിയല്‍ എസ്റ്റേറ്റ് വ്യവസായിയുമായുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമായി യുകെയിലെ നാഷണല്‍ ക്രൈം ഏജന്‍സി പാകിസ്താനിലേക്ക് തിരിച്ചയച്ച 1,554 കോടി രൂപ ഇമ്രാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള പത്തുപേര്‍ ദുരുപയോഗം ചെയ്തു എന്നതാണ് കേസ്.

Imran Khan: അല്‍ ഖാദിര്‍ ട്രസ്റ്റ് അഴിമതി കേസ്; ഇമ്രാന്‍ ഖാന് 14 വര്‍ഷവും ഭാര്യക്ക് 7 വര്‍ഷവും തടവ് ശിക്ഷ
ഇമ്രാന്‍ ഖാന്‍, ഭാര്യ ബുഷ്‌റ ബീബി Image Credit source: PTI
shiji-mk
Shiji M K | Published: 17 Jan 2025 16:42 PM

ഇസ്ലാമാബാദ്: അഴിമതി കേസില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യക്കും തടവുശിക്ഷ. ഇമ്രാന്‍ ഖാനെ 14 വര്‍ഷത്തേക്കും ഭാര്യ ബുഷ്‌റ ബീബിയെ ഏഴ് വര്‍ഷത്തേക്കുമാണ് കോടതി ശിക്ഷിച്ചത്. അല്‍ ഖാദിര്‍ ട്രസ്റ്റ് ഭൂമി കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. പാകിസ്താന്‍ അഴിമതി വിരുദ്ധ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

2023 ഡിസംബറിലാണ് ദേശീയ അക്കൗണ്ടബിലിറ്റി ബ്യൂറോ ഇമ്രാന്‍ ഖാനും ഭാര്യക്കും പുറമെ മറ്റ് എട്ട് പേര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തത്. പിന്നീട് വ്യത്യസ്ത കാരണങ്ങളാല്‍ മൂന്നുതവണ കേസിന്റെ വിധി പറയുന്നത് മാറ്റിവെച്ചിരുന്നു.

1554 കോടി രൂപയുടെ അഴിമതി കേസാണ് ഇരുവര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്തത്. റിയല്‍ എസ്റ്റേറ്റ് വ്യവസായിയുമായുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമായി യുകെയിലെ നാഷണല്‍ ക്രൈം ഏജന്‍സി പാകിസ്താനിലേക്ക് തിരിച്ചയച്ച 1,554 കോടി രൂപ ഇമ്രാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള പത്തുപേര്‍ ദുരുപയോഗം ചെയ്തു എന്നതാണ് കേസ്.

ഝലമിലെ അല്‍ ഖാദിര്‍ സര്‍വകലാശാലയ്ക്ക് വേണ്ടി 57.25 ഏക്കര്‍ ഭൂമി ഏറ്റെടുത്തത് ഉള്‍പ്പെടെ ഒത്തുതീര്‍പ്പിന് അല്‍ ഖാദിര്‍ ട്രസ്റ്റിന്റെ ട്രസ്റ്റിയായ ബുഷ്‌റ ബീബിയും തുക കൈപ്പറ്റിയിരുന്നു. ഇരുനൂറോളം കേസുകളാണ് ഇമ്രാന്‍ ഖാനെതിരെ നിലനില്‍ക്കുന്നത്.

Also Read: China Rent Office Space: തൊഴില്‍രഹിതരെ ഇതിലേ ഇതിലേ; ജോലി ചെയ്യുന്നതായി അഭിനയിക്കാന്‍ മുറിയൊരുക്കി ചൈന

2023 ഓഗസ്റ്റ് മുതല്‍ മുന്‍ പ്രധാനമന്ത്രി ജയിലില്‍ കഴിയുകയാണ്. ഇതിനിടയലാണ് മറ്റൊരു അഴിമതി കേസില്‍ ഇമ്രാന്‍ ഖാനെതിരെ തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. എന്നാല്‍ പുതിയ ശിക്ഷ വിധി ഇമ്രാന്‍ ഖാനെ നിശബ്ദനാക്കാനുള്ള ശ്രമമാണെന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ ആരോപിക്കുന്നത്.

അതേസമയം, രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറാനുള്ള സൈന്യവുമായുള്ള കരാര്‍ അംഗീകരിക്കുന്നതിന് ഇമ്രാന്‍ ഖാന് മേല്‍ സമ്മര്‍ദമുണ്ടായിരുന്നുവെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹത്തിന്റെ ജയില്‍ വാസവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നും ഇതാണ് ശിക്ഷകള്‍ പല തവണ വൈകിയതിന് കാരണമെന്നും റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.