Qatar Ramadan 2025: റമദാൻ മാസത്തിൽ ഖത്തറിൽ അഞ്ച് മണിക്കൂർ ജോലി; വീട്ടിലിരുന്നും ജോലി ചെയ്യാം, ഇളവുകൾ ഇങ്ങനെ
Ramadan in Qatar 2025: മൊത്തം ജീവനക്കാരുടെ എണ്ണത്തിന്റെ 30 ശതമാനം വരെ ആളുകൾക്ക് വീട്ടിലിരുന്ന ജോലി ചെയ്യാനുള്ള അവസരവുമൊരുക്കും. സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ റമദാൻ പ്രവൃത്തി സമയത്തെ കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ വന്നിട്ടില്ല.

ദോഹ: റമദാൻ പുണ്യ മാസാരംഭത്തിൻ്റെ ഭാഗമായി നിരവധി ഇളവുകൾ പ്രഖ്യാപിച്ച് ഖത്തർ മന്ത്രിസഭ. സർക്കാർ ജീവനക്കാരുടെ ഓഫീസ് പ്രവൃത്തി സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. സിവിൽ സർവീസ്, ഗവൺമെന്റ് ഡെവലപ്മെന്റ് ബ്യൂറോ എന്നിവയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് സമയക്രമത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. റമദാൻ മാസത്തിൽ ഒരു ദിവസം അഞ്ച് മണിക്കൂർ മാത്രം ജോലി ചെയ്താ മതിയാവും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെയായിരിക്കും പ്രവൃത്തി സമയം.
നോമ്പുകാലമായാൽ രാവിലെ 10 മണി വരെ ജോലിക്കെത്താനുള്ള അനുവാദവും ഉണ്ട്. എത്തിയ സമയം മുതൽ 5 മണിക്കൂർ ജോലി ചെയ്യുകയും ചെയ്യണമെന്നാണ് നിബന്ധന. ഇതുകൂടാതെ റിമോട്ട് വർക്ക് സിസ്റ്റവും നടപ്പിലാക്കാൻ പദ്ധതിയിടുന്നുണ്ട്. മൊത്തം ജീവനക്കാരുടെ എണ്ണത്തിന്റെ 30 ശതമാനം വരെ ആളുകൾക്ക് വീട്ടിലിരുന്ന ജോലി ചെയ്യാനുള്ള അവസരവുമൊരുക്കും. സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ റമദാൻ പ്രവൃത്തി സമയത്തെ കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ വന്നിട്ടില്ല.
ഇതോടൊപ്പം, വിശുദ്ധ റമദാൻ മാസത്തിൽ 2024 – 2025 അധ്യയന വർഷത്തേക്കുള്ള ഔദ്യോഗിക പ്രവൃത്തി സമയവും വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ സ്‌കൂളുകളുടെയും കിന്റർഗാർട്ടനുകളുടെയും സമയമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 8:30 മുതൽ ഉച്ചയ്ക്ക് 12 വരെയായിരിക്കും സർക്കാർ സ്‌കൂളുകളിലെയും കിന്റർഗാർട്ടനുകളിലെയും വിദ്യാർഥികളുടെ പ്രവൃത്തി സമയം.
സ്കൂളുകളിലെ അഡ്മിനിസ്‌ട്രേറ്റീവ്, ടീച്ചിങ് സ്റ്റാഫിന്റെ ജോലി സമയം രാവിലെ 8:30 മുതൽ ഉച്ചയ്ക്ക് 12:30 വരെയായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. വിദ്യാർഥികൾക്ക് അക്കാദമിക് നേട്ടം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായും കൂടാതെ റമദാൻ പുണ്യ മാസത്തിന്റെ പ്രത്യേകത കണക്കിലെടുത്തുമാണ് സമയക്രമത്തിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നതെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
പൊതുജനാരോഗ്യ മന്ത്രാലയം അവരുടെ നിർദ്ദിഷ്ട പ്രവർത്തന ആവശ്യകതകൾ അടിസ്ഥാനമാക്കി അതത് പ്രവൃത്തി സമയങ്ങളും ഷെഡ്യൂളുകളും നിശ്ചയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.