സിഡ്‌നിയിലെ ഷോപ്പിങ് മാളിൽ ആക്രമണം; അഞ്ചുപേർ കൊല്ലപ്പെട്ടു
കത്തിയുമായെത്തിയ അക്രമി മാളിലുണ്ടായിരുന്ന നിരവധിപേരെ കുത്തിപ്പരിക്കേൽപ്പിച്ചെന്നാണ് വിവരം. സംഭവസമയത്ത് നിരവധിപേർ മാളിലുണ്ടായിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സിഡ്‌നി: സിഡ്‌നിയിലെ തിരക്കേറിയ ഷോപ്പിങ് മാളിൽ നടന്ന കത്തിയാക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധിപേർക്ക് ആക്രമണത്തിൽ കുത്തേറ്റതായാണ് വിവരം. അക്രമികളിൽ ഒരാളെന്ന് സംശയിക്കുന്നയാളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ടോടെയാണ് സിഡ്‌നിയിലെ ‘വെസ്റ്റ്ഫീൽഡ് ബോണ്ടി ജങ്ഷൻ’ മാളിൽ ആക്രമണമുണ്ടായത്. കത്തിയുമായെത്തിയ അക്രമി മാളിലുണ്ടായിരുന്ന നിരവധിപേരെ കുത്തിപ്പരിക്കേൽപ്പിച്ചെന്നാണ് വിവരം. സംഭവസമയത്ത് നിരവധിപേർ മാളിലുണ്ടായിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആക്രമണത്തെത്തുടർന്ന് പലരും മാളിലെ സൂപ്പർമാർക്കറ്റിലാണ് അഭയംതേടിയത്. ഏകദേശം ഒരുമണിക്കൂറോളം ജനങ്ങൾ ഇവിടെ ഒളിച്ചിരുന്നതായും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. അതിനിടെ, മാളിൽനിന്നുള്ള ചില ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഒരാൾ കത്തിയുമായി മാളിനുള്ളിലൂടെ ഓടുന്നതും പലരും പരിക്കേറ്റ് തറയിൽകിടക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ജനങ്ങൾ പരിഭ്രാന്തരായി ഓടുന്ന കാഴ്ചയാണ് മാളിൽ കാണാനായതെന്ന് ഒരു ദൃക്‌സാക്ഷിയും പ്രതികരിച്ചു.
സംഭവത്തെത്തുടർന്ന് ഷോപ്പിങ് മാൾ അടച്ചിട്ടുണ്ട്. ജനങ്ങൾ പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകണമെന്നും പോലീസ് അഭ്യർഥിച്ചു. ആക്രമണത്തിന് പിന്നിൽ ആരാണെന്നോ എന്താണ് ആക്രമണത്തിന് പ്രേരണയായതെന്നോ ഇതുവരെ വ്യക്തമല്ല.