5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Iraq: അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ഇറാഖി സ്ത്രീകള്‍; സമരം ഇനി എത്രനാള്‍

Iraq Laws Against Women: 1986ല്‍ ഇറാഖ് സര്‍ക്കാര്‍ അംഗീകരിച്ച സ്ത്രീകള്‍ക്കെതിരായ എല്ലാ വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള കണ്‍വെന്‍ഷന്‍ (CEDAW) പലര്‍ക്കും ഓര്‍മയില്ല എന്നതാണ് സത്യം. ഇതുമാത്രമല്ല വിവിധ തരം അതിക്രമങ്ങളില്‍ നിന്ന് അതിജീവിച്ച സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നീതി ലഭ്യമാക്കുന്നതിലും രാജ്യം പരാജയപ്പെട്ടു.

Iraq: അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ഇറാഖി സ്ത്രീകള്‍; സമരം ഇനി എത്രനാള്‍
(Image Courtesy : Stocktrek Images/Stocktrek Images/Getty Images)
shiji-mk
SHIJI M K | Updated On: 19 Nov 2024 16:47 PM

വിദ്യാഭ്യാസം നേടേണ്ട, കളിച്ച് ചിരിച്ച് ഉല്ലസിക്കേണ്ട പ്രായത്തില്‍ വിവാഹിതയാകുന്നതിനെ കുറിച്ച് ചിന്തിച്ച് നോക്കൂ, എത്ര ഭയാനകമാണല്ലേ അത്. ബാല്യത്തില്‍ ഭര്‍ത്താവിനൊപ്പം കിടപ്പറ പങ്കിടാന്‍ വിധിക്കപ്പെട്ട എത്രയോ ഹതഭാഗ്യരുള്ള നാടാണ് ഇറാഖ്. സ്ത്രീകള്‍ എന്നത് അടുക്കളയിലും കിടപ്പറയിലും ഭര്‍ത്താവിന്റെ ഇംഗിതങ്ങള്‍ക്ക് അനുസരിച്ച് മാത്രം പെരുമാറേണ്ടി വരുന്ന വസ്തുക്കളായി മാറുന്ന കാഴ്ചയാണ് ഇറാഖിലേത്. പെണ്‍കുട്ടികളുടെ വിവാഹപ്രായം ഒമ്പത് വയസാക്കാനുള്ള നെട്ടോട്ടത്തിലാണ് ഇറാഖ്. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യത്ത് സ്ത്രീകള്‍ നയിക്കുന്ന സമരങ്ങളും ശക്തമാണ്.

കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് ബാല വിവാഹ നിയമത്തില്‍ സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന മാറ്റത്തിനെതിരെ ഇറാഖിലെ ആയിരക്കണക്കിന് സ്ത്രീകള്‍ സമരമുഖത്തേക്കിറങ്ങിയത്. നിയമം പറയുന്നതനുസരിച്ച് രാജ്യത്തെ ഏതൊരു പൗരനും കുടുംബകാര്യങ്ങള്‍ തീരുമാനിക്കുന്നതിന് മതസാമുദായിക സംഘടനകകളാണോ അല്ലെങ്കില്‍ ജ്യൂഡീഷ്യറിയാണോ ഇടപെടേണ്ടത് എന്ന കാര്യം തീരുമാനിക്കാമെന്നാണ്. മാത്രമല്ല, പുരുഷന്മാര്‍ക്ക് ഒമ്പത് വയസ് മുതലുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്യാനുള്ള അനുമതിയും നിയമം നല്‍കുന്നുണ്ട്.

ഇറാഖിനെ പിടിച്ചുകുലുക്കുന്ന സ്ത്രീകള്‍

2019 മുതല്‍ ഇറാഖില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ വിവിധ തരത്തില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. ലിംഗസമത്വത്തിനൊപ്പം, സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങള്‍ക്കെതിരെയും രാജ്യത്ത് പ്രതിഷേധങ്ങള്‍ ശക്തമാണ്. 2019 ഒക്ടോബറില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങളെ ഇറാഖിലെ ഒക്ടോബര്‍ വിപ്ലവം എന്നാണ് ലോകം വാഴ്ത്തിയത്. രാജ്യത്ത് ലിംഗസമത്വത്തിനെതിരെ നടന്ന ആ പോരാട്ടം വളരെ നിര്‍ണായകമായിരുന്നുവെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ടെങ്കിലും, നിമയങ്ങള്‍ അത് സ്ത്രീകള്‍ക്കൊപ്പമല്ലെന്ന് വീണ്ടും തെളിയിക്കപ്പെടുകയാണ്.

1986ല്‍ ഇറാഖ് സര്‍ക്കാര്‍ അംഗീകരിച്ച സ്ത്രീകള്‍ക്കെതിരായ എല്ലാ വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള കണ്‍വെന്‍ഷന്‍ (CEDAW) പലര്‍ക്കും ഓര്‍മയില്ല എന്നതാണ് സത്യം. ഇതുമാത്രമല്ല വിവിധ തരം അതിക്രമങ്ങളില്‍ നിന്ന് അതിജീവിച്ച സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നീതി ലഭ്യമാക്കുന്നതിലും രാജ്യം പരാജയപ്പെട്ടു. ഇറാഖിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള നിയമപരമായ വിവേചനത്തിനും പുരുഷാധിപത്യ അതിക്രമങ്ങള്‍ക്കും കാരണങ്ങള്‍ പലതാണ്. ഇവയെ പ്രധാനമായും മൂന്നായി തിരിക്കാം, പുരുഷാധിപത്യ താത്പര്യങ്ങളുടെ നിലനില്‍പ്പ്, ഇറാഖി നിയമവ്യവസ്ഥയുടെ സ്വഭാവം, ഭരണകൂടത്തിന്റെ ബലഹീനത.

നിയമം പുരുഷനൊപ്പം

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളെ നിസാരവത്ക്കരിക്കുന്ന ഭരണഘടനയാണ് ഇറാഖിലേത്. പീനല്‍ കോഡില്‍ പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ 41(1) പ്രകാരം ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നത് നിയമപരമായ അവകാശം വിനിയോഗിക്കുന്നുവെന്നാണ്, അതിനാല്‍ തന്നെ ഭര്‍ത്താവിന്റെ മര്‍ദനം കുറ്റകൃത്യവുമല്ല. ആര്‍ട്ടിക്കിള്‍ 128ല്‍ പറയുന്ന മാന്യമായ ഉദ്ദേശത്തോടെ ചെയ്യുന്ന കുറ്റകൃത്യ വിഭാഗത്തിലാണ് ഭര്‍ത്താവിന്റെ അതിക്രമം വരുന്നത്.

ഒരാള്‍ സ്ത്രീയെ ലൈംഗികാതിക്രമം നടത്തിയ ശേഷം അവളെ വിവാഹം ചെയ്യുകയാണെങ്കില്‍ കുറ്റകൃത്യമായി കണക്കാനാകില്ലെന്നാണ് ആര്‍ട്ടിക്കിള്‍ 398 പറയുന്നത്. ഇതെല്ലാം കൊണ്ട് തന്നെ ഇറാഖിലെ നിയമങ്ങള്‍ സ്ത്രീകള്‍ക്കെതിരാണ്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളാണ് അവിടെ നിലനില്‍ക്കുന്നത്.

ഓരോ സ്ത്രീയും എളിമയോടും കന്യകാത്വത്തോടും കളങ്കരഹിതയായും അവളുടെ കുടുംബത്തിന്റെ അന്തസ് കാത്തുസൂക്ഷിക്കണമെന്നാണ് നിയമങ്ങള്‍ പറയുന്നത്. ഇത്തരത്തിലുള്ള പല നിയമങ്ങളും വിദ്യാഭ്യാസം, തൊഴില്‍ എന്നിവ നേടുന്നതില്‍ നിന്ന് സ്ത്രീകളെ പിന്തിരിപ്പിക്കുന്നു. തന്റെ കുടുംബത്തിന് നാണക്കേട് ഉണ്ടാകാതിരിക്കാന്‍ സ്ത്രീകളും പെണ്‍കുട്ടികളും തങ്ങള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളെ തര്‍ക്ക പരിഹാരത്തിലൂടെ പരിഹരിക്കുന്നു. അവര്‍ അതിന് ആഗ്രഹിക്കുന്നുവെന്നല്ല, അപ്രകാരം ചെയ്യാനായി അവരില്‍ സമ്മര്‍ദം ചെലുത്തുന്നുവെന്ന് പറയാം.

അതിജീവതമാരേക്കാള്‍ പ്രാധാന്യം കുടുംബത്തിന്റെ അന്തസിനാണ് ഇറാഖില്‍ നല്‍കപ്പെടുന്നത്. അതിജീവിതമാരുടെ സമുദായത്തില്‍ നിന്നുള്ള പുരുഷന്മാരായിരിക്കും പല മേഖലകളിലും ജോലി ചെയ്യുന്നത്. അതിനാല്‍ തന്നെ സ്ത്രീകള്‍ക്ക് പകരം എല്ലാ കാര്യങ്ങളും സംസാരിക്കുന്നതും ഈ പുരുഷന്മാരായിരിക്കും.

ആര്‍ക്കോ വേണ്ടിയുള്ള നിയമങ്ങള്‍

ഭരണഘടനയുടെ 41ാം അനുച്ഛേദം അനുസരിച്ച് ഇറാഖികള്‍ അവരുടെ സമുദായം, വിശ്വാസം, തിരഞ്ഞെടുപ്പുകള്‍ എന്നിവയേക്കാള്‍ അവരുടെ വ്യക്തിപരമായ പദവിയില്‍ പ്രതിബദ്ധത ഉള്ളവരായിരിക്കണമെന്നാണ്. അതിനാല്‍ തന്നെ വിവാഹത്തില്‍ സ്ത്രീകള്‍ക്ക് തുല്യ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും നിര്‍ബന്ധിത വിവാഹം അനുവദിക്കപ്പെടുകയും ചെയ്യുന്നു. ഇറാഖിലെ വ്യക്തിനിയമത്തിലെ ആര്‍ട്ടിക്കിള്‍ 7(1) പറയുന്നതനുസരിച്ച് ഇരുകൂട്ടര്‍ക്കും 18 വയസ് ഉണ്ടെങ്കില്‍ മാത്രമേ വിവാഹം നടക്കൂവെന്നാണ്. എന്നാല്‍ അതേ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 8 പറയുന്നത് ഒരു ജഡ്ജിയുടെ അനുമതിയുണ്ടെങ്കില്‍ 15 വയസുള്ള പെണ്‍കുട്ടിയെയും വിവാഹം ചെയ്യാമെന്നാണ്. എന്നാല്‍ ഈ നിയമം അടിമുടി അഴിച്ചുപണിയുന്നതിലൂടെ വിവാഹപ്രായം ഒമ്പതിലേക്കെത്തുന്നു.

Also Read: Iraq Marriage Law: ഒമ്പത് വയസുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്യാം; നിയമഭേദഗതിക്കൊരുങ്ങി ഇറാഖ്‌

എല്ലാ നിയമങ്ങള്‍ക്കും മുകളില്‍ മതത്തിന്റെ സ്വാധീനം തന്നെയാണ് എടുത്തുപറയേണ്ടത്. ശക്തമായ യാഥാസ്ഥിതിക ഗ്രൂപ്പുകള്‍ അവരുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് നിയമങ്ങള്‍ വ്യാഖ്യാനിക്കുന്നു. ഭരണകൂടത്തിന്റെയും മത അധികാരികളുടെയും സമ്മതത്തോടെ സ്ത്രീകള്‍ക്കെതിരെയുള്ള നിയമങ്ങള്‍ പുനര്‍നിര്‍വചിക്കുന്നു.

ശൈശവ വിവാഹം പ്രോത്സാഹിപ്പിക്കപ്പെടണോ?

പതിനഞ്ച് വയസില്‍ പെണ്‍കുട്ടികളെ വിവാഹം ചെയ്യാമെന്ന നിയമത്തില്‍ മാറ്റം വരുത്തി വിവാഹം ഒമ്പത് വയസിലാകാം എന്നതിലേക്ക് എത്തിയിരിക്കുകയാണ് ഇറാഖ്. ഇറാഖിലെ 28 ശതമാനം പെണ്‍കുട്ടികളും 18 വയസ് തികയുന്നതിന് മുമ്പ് വിവാഹതിരായിട്ടുണ്ടെന്നാണ് യുനിസെഫിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ശൈശവ വിവാഹങ്ങള്‍ പെണ്‍കുട്ടികളുടെ ബാല്യകാലത്തെ തകര്‍ക്കുകയും അവരുടെ ക്ഷേമത്തിന് ഭീഷണിയാവുകയും ചെയ്യുന്നുണ്ട്. 18 വയസിന് മുമ്പ് വിവാഹം കഴിക്കുന്ന സ്ത്രീകള്‍ ഗാര്‍ഹിക പീഡനത്തിന് ഇരകളാകുന്നു. അവിവാഹിതരായ സമപ്രായക്കാരേക്കാള്‍ മോശമായ സാമ്പത്തിക, ആരോഗ്യ അവസ്ഥയിലേക്ക് അവരെത്തുന്നു. മാത്രമല്ല, ആവശ്യത്തിന് വിദ്യാഭ്യാസം നേടാനാകാത്തതും ഈ പെണ്‍കുട്ടികളെ പ്രതികൂലമായി ബാധിക്കുന്നു.

ഈ പെണ്‍കുട്ടികളെല്ലാം തന്നെ കൗമാരത്തില്‍ തന്നെ ഗര്‍ഭിണികളാവുകയും ചെയ്യുന്നുണ്ട്. ഗര്‍ഭിണികളാകുന്നതോടെ അവര്‍ കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഒറ്റപ്പെടുന്നത് ഇറാഖിലെ കാഴ്ചയാണ്. ഇത് അവരുടെ മാനസികാരോഗ്യത്തെ താളം തെറ്റിക്കുന്നു. ഇങ്ങനെ തുടങ്ങി പലകാരണങ്ങളാണ് ഇറാഖി സ്ത്രീകളെ ഈ നിയമത്തിനെതിരെ സമരം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.

Latest News