തെരഞ്ഞെടുപ്പ് ഉടന്‍ വേണം; നെതന്യാഹുവിനെതിരെ തെരുവിലിറങ്ങി ഇസ്രായേലികള്‍
ഇസ്രായേല്‍ ഇസ്ഫഹാനില്‍ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തെത്തിയിരുന്നു. ഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്നാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ടെല്‍അവീവ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ പ്രതിഷേധവുമായി ജൂതര്‍. രാജ്യത്തിന്റെ 55 സ്ഥലങ്ങളില്‍ നെതന്യാഹുവിനെതിരെ ശനിയാഴ്ച പ്രതിഷേധ റാലികള്‍ നടന്നു. ഇസ്രായേല്‍ മാധ്യമങ്ങളാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
നെതന്യാഹു രാജിവെച്ച് പുതിയ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. ഗസയ്‌ക്കെതിരെയുള്ള ആക്രമണത്തെ കൂടാതെ ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ജനങ്ങള്‍ ആശങ്കയറിയിച്ച് തെരുവിലിറങ്ങിയത്.
അതേസമയം, ഇസ്രായേല്‍ ഇസ്ഫഹാനില്‍ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തെത്തിയിരുന്നു. ഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്നാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പകരത്തിന് പകരം വീട്ടിയിരിക്കുമെന്ന് ഐആര്‍ജിസി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇറാനിലെ ഇസ്ഫഹാന്‍ നഗരത്തില്‍ നിന്ന് സ്‌ഫോടന ശബ്ദം കേട്ടതായും എന്നാല്‍ ഇതിന്റെ കാരണം വ്യക്തമല്ലെന്നും ഇറാന്‍ ഫാര്‍ ന്യൂസും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറാന്റെ യുറേനിയം പദ്ധതിയുടെ കേന്ദ്രമായ നതാന്‍സ് ഉള്‍പ്പെടെ നിരവധി ഇറാനിയന്‍ ആണവ സൈറ്റുകള്‍ ഉള്ള സ്ഥലം കൂടിയാണ് ഇസ്ഫഹാന്‍. ആക്രമണത്തെ തുടര്‍ന്ന് രാജ്യത്തുള്ള വിമാന യാത്ര നിര്‍ത്തിവെച്ചിട്ടുണ്ട്. ഇസ്ഫഹാന്‍, ഷിറാല്, ടെഹ്‌റാന്‍ എന്നീ നഗരങ്ങളിലൂടെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി ഇറാന്‍ അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഇസ്രായേല്‍ ആക്രമണത്തെ കുറിച്ച് യുഎസിന് അറിവുള്ളതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര മാധ്യമമായ ബിബിസിയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടത്. രാജ്യത്തെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് അമേരിക്കയും വ്യക്തമാക്കിയിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ഇറാനെതിരെ ആക്രമണം നടത്തില്ലെന്ന് ഇസ്രായേല്‍ നേരത്തെ അറിയിച്ചിരുന്നു. ഇറാന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുകയുമായിരുന്നു ഇസ്രായേലിന്റെ ലക്ഷ്യം. എന്നാല്‍ ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.
അതേസമയം, ഇസ്രായേലിനെ ആക്രമിച്ച സൈന്യത്തിനെ പ്രശംസിച്ച് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി രംഗത്തെത്തിയിരുന്നു. ഇസ്രായേലിനെതിരെയുള്ള ആക്രമണം അവസാനിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ശത്രുവിനെ പാഠം പഠിപ്പിക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ആക്രമണത്തില്‍ ലക്ഷ്യമിട്ടത് ഇസ്രായേലിന്റെ സൈനിക താവളങ്ങളായിരുന്നു. ശത്രുവിനെ പാഠം പഠിപ്പിക്കാന്‍ കഴിഞ്ഞു. ഇസ്രായേലിനെതിരെ ആക്രമണം നടത്തിയതില്‍ ഇറാന്‍ സൈന്യത്തെ പ്രശംസിക്കുന്നു,’ റെയ്സി പറഞ്ഞു.
അതേസമയം, സൈനിക ഓപ്പറേഷന്‍ അവസാനിപ്പിച്ചതായി സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ബഖേരിയും പറഞ്ഞിരുന്നു. ഇസ്രായേലിനെതിരെയുള്ള ആക്രമണം തങ്ങള്‍ അവസാനിപ്പിച്ചെന്നും ഇനി ഇസ്രായേല്‍ പ്രതികരിച്ചാല്‍ മാത്രം മറുപടി നല്‍കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് ഇറാന് മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്ക തീരുമാനിച്ചതായി അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ അറിയിച്ചിരുന്നു. ഇസ്രായേലിനെതിരെയുള്ള ആക്രമണത്തില്‍ ഇറാനെ ഉപരോധത്തിലാക്കാന്‍ യൂറോപ്യന്‍ യൂണിയന് മേല്‍ അംഗരാജ്യങ്ങളുടെ സമ്മര്‍ദമുണ്ട്. ഇറാനെതിരെ ഉപരോധം കൊണ്ടുവരാന്‍ ചില രാജ്യങ്ങള്‍ ആവശ്യപ്പെട്ടതായി യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി ജോസെപ് ബോറെല്‍ പറഞ്ഞു.
ഏപ്രില്‍ ഒന്നിന് സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിലെ ഇറാന്‍ കോണ്‍സുലേറ്റിന് നേരെ ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടിയായി ഇസ്രായേലിലേക്ക് ഇറാന്‍ മുന്നൂറോളം ഡ്രോണുകളും മിസൈലുകളും അയച്ചു.