Eid Travel Package: അവധി കിട്ടുമ്പോൾ ട്രിപ്പ് പോകാമെന്ന് കരുതിയാൽ പണി പാളും; യുഎഇയിൽ പാക്കേജുകളുടെ തുക 30 ശതമാനം വർധിച്ചു
UAE Eid Travel Packages: യുഎഇയിൽ നിന്നുള്ള ടൂർ പാക്കേജുകളുടെ തുക വർധിച്ചു. ആവശ്യക്കാർ വർധിച്ചതോടെയാണ് പാക്കേജ് തുക വർധിച്ചത്. വിമാന ടിക്കറ്റിലും ഹോട്ടൽ വാടകയിലും വർധനവുണ്ടായിട്ടുണ്ട്.

യുഎഇയിൽ ടൂർ പാക്കേജുകളുടെ തുക 30 ശതമാനത്തോളം വർധിച്ചു. ചെറിയ പെരുന്നാളിന് ലഭിക്കുന്ന നാല്, അഞ്ച് ദിവസത്തെ അവധി സമയത്ത് കുടുംബമായി ടൂർ പോകാൻ ആളുകൾ ടൂർ പാക്കേജുകളെടുക്കുന്നുണ്ട്. ഇതോടൊപ്പം നാട്ടിലേക്ക് യാത്ര പോകാനും ആളുകൾ ട്രാവൽ ഏജൻസികളിലെ ടൂർ പാക്കേജുകൾ പരിഗണിക്കുന്നു. ഇക്കാരണങ്ങൾ കൊണ്ട് പാക്കേജുകളുടെ തുക 30 വർധിച്ചു എന്നാണ് ട്രാവൽ ഏജൻസികളെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
പെരുന്നാളിൻ്റെ സമയത്ത് പൊതുവെ പ്രവാസികൾ സ്വന്തം നാട്ടിലേക്ക് പോകാറുണ്ട്. ഇതോടൊപ്പം പുതിയ സ്ഥലങ്ങൾ സന്ദർശിക്കാനും ആളുകൾ സമയം കണ്ടെത്തും. യുഎഇയിൽ നിന്ന് വീസ ആവശ്യമില്ലാത്ത തുർക്കി, ബോസ്നിയ, റഷ്യ, പോളണ്ട്, അസർബൈജാൻ, തായ്‌ലൻഡ്, ജോർജിയ തുടങ്ങിയ രാജ്യങ്ങളാണ് കൂടുതൽ ആളുകളും സന്ദർശിക്കുന്നത്. ഇവിടങ്ങളിലേക്ക് ആകർഷണീയമായ ട്രാവൽ പാക്കേജുകളും ഉണ്ട്.
ചെറിയ പെരുന്നാളിൻ്റെ സമയത്ത് ആളുകൾ പ്രിയപ്പെട്ടവരെ കാണാൻ പോകാറുണ്ട് എന്ന് മുസാഫിർ ഡോട്ട് കോം വൈസ് പ്രസിഡൻ്റ് റാഷിദ സാഹിദ് പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. ആവശ്യക്കാർ അധികമായതിനാൽ വിമാന യാത്രാ ടിക്കറ്റ് 10 മുതൽ 15 ശതമാനം വരെ വർധിച്ചു. ഹോട്ടൽ തുകയിൽ 20 മുതൽ 30 ശതമാനം വരെ വർധനയുണ്ടായി. അതുകൊണ്ട് തന്നെ എല്ലാം ഉൾപ്പെടുന്ന ട്രാവൽ പാക്കേജുകളാന് ഇപ്പോൾ ആളുകൾ തിരഞ്ഞെടുക്കുന്നത് എന്നും ഇവർ പറഞ്ഞു.
ഈ വർഷത്തെ ചെറിയ പെരുന്നാളിന് യുഎഇയിലെ സ്വകാര്യ മേഖലയിലെയും സർക്കാർ മേഖലയിലെയും ജീവനക്കാർക്ക് അഞ്ച് ദിവസം വരെയാണ് അവധി ലഭിക്കുക. ജീവനക്കാർക്ക് നാലോ അഞ്ചോ ദിവസം അവധി ലഭിക്കും. മാർച്ച് 30, ഞായറാഴ്ച മുതൽ ഏപ്രിൽ 2, ബുധനാഴ്ച വരെയാണ് ചെറിയ പെരുന്നാളിൻ്റെ അവധി. ഷവ്വാൽ നിലാവ് കാണുന്നതിനനുസരിച്ചാവും അവധികളുടെ എണ്ണം. മാർച്ച് 29ന് നിലാവ് കണ്ടാൽ മാർച്ച് 30ന് പെരുന്നാൾ ആയാൽ 29, 30, 31, ഏപ്രിൽ 1 ദിവസങ്ങളിലാവും അവധി. പെരുന്നാൾ 31നാണെങ്കിൽ ഇതിനൊപ്പം ഏപ്രിൽ രണ്ടിന് കൂടി അവധി ലഭിക്കും.