UAE Eid Al Fitr Holiday: പെരുന്നാൾ അവധി പ്രഖ്യാപിച്ച് യുഎഇ; ഇക്കുറിയും നാല് മുതൽ ആറ് ദിവസം വരെ അവധിക്ക് സാധ്യത
UAE Eid Al Fitr Holiday 2025: ഷാർജയിലെ പൊതുമേഖലാ ജീവനക്കാർക്ക് വെള്ളിയാഴ്ച വാരാന്ത്യ അവധി ദിവസമാണ്. അതിനാൽ ചില സർക്കാർ ജീവനക്കാർക്ക് പെരുന്നാളിന് ആറ് ദിവസം വരെ അവധി ലഭിക്കും. ഈ മാസം 29 ന് യുഎഇയിൽ ചന്ദ്രനെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അബുദാബി: യുഎഇയിലെ എല്ലാ സർക്കാർ ജീവനക്കാർക്കുമുള്ള പെരുന്നാൾ (ഈദുൽ ഫിത് ർ) അവധി പ്രഖ്യാപിച്ചു (Eid Al Fitr Holiday). പെരുന്നാൾ ഹിജ്റ 1446 ലെ ശവ്വാൽ ഒന്നിന് ആരംഭിച്ച് ശവ്വാൽ മൂന്നിന് അവസാനിക്കുമെന്ന് അധികൃതർ അറിയിച്ചു. റമസാൻ 30 ദിവസം പൂർത്തിയാക്കിയാൽ ഈ മാസം 30 പെരുന്നാൾ അവധിയിൽ കൂടിച്ചേരും. 29 ന് ചന്ദ്രക്കല കണ്ടാൽ, ജോർജിയൻ കലണ്ടർ പ്രകാരം പെരുന്നാൾ 30 നായിരിക്കുമെന്നും ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് വ്യക്തമാക്കി.
ഈ ദിവസങ്ങൾ കണക്കിലെടുത്ത് സർക്കാർ ജീവനക്കാർക്ക് ഈ മാസം 29 മുതൽ ഏപ്രിൽ ഒന്ന് വരെ പെരുന്നാളിൻ്റെ അവധി ലഭിക്കുന്നതാണ്. അതേസമയം, 29 ന് ചന്ദ്രനെ കാണാതിരിക്കുകയും റമസാൻ 30 ദിവസം നീണ്ടുനിൽക്കുകയും ചെയ്യാനുള്ള സാധ്യതയുമുണ്ട്. അങ്ങനെയായാൽ ശവ്വാൽ മാസത്തിലെ ആദ്യ ദിവസം മാർച്ച് 31 ആയിരിക്കും. ഈ സാഹചര്യത്തിൽ 29 മുതൽ ഏപ്രിൽ രണ്ട് വരെ അഞ്ച് ദിവസത്തെ നീണ്ട വാരാന്ത്യം അവധിക്ക് കാരണമാവുകയും ചെയ്യും.
അതേസമയം, ഷാർജയിലെ പൊതുമേഖലാ ജീവനക്കാർക്ക് വെള്ളിയാഴ്ച വാരാന്ത്യ അവധി ദിവസമാണ്. അതിനാൽ ചില സർക്കാർ ജീവനക്കാർക്ക് പെരുന്നാളിന് ആറ് ദിവസം വരെ അവധി ലഭിക്കുമെന്ന സന്തോഷവാർത്തയുമുണ്ട്. ഈ മാസം 30 ന് പെരുന്നാൾ വന്നാൽ ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് ഈ മാസം 28 മുതൽ ഏപ്രിൽ ഒന്ന് വരെ അഞ്ച് ദിവസമാണ് അവധി. 31 നാണ് പെരുന്നാൾ എങ്കിൽ 28 മുതൽ ഏപ്രിൽ രണ്ട് വരെ ആറ് ദിവസവും അവധി ലഭിക്കും.
ഈ മാസം 29 ന് യുഎഇയിൽ ചന്ദ്രനെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. റമസാന്റെ അവസാനത്തെ അടയാളപ്പെടുത്തുന്ന ശവ്വാൽ ഒന്നിനാണ് പെരുന്നാൾ ആഘോഷിക്കുന്നത്.