Eid Holiday Oman: ഒമാനിൽ പെരുന്നാളവധി 9 ദിവസം വരെ; വിവിധ ഗൾഫ് രാജ്യങ്ങളിലെ അവധി അറിയാം
Eid Holidays In GCC Countries: വിവിധ ഗൾഫ് രാജ്യങ്ങളിലെ ചെറിയ പെരുന്നാൾ അവധികൾ പ്രഖ്യാപിച്ചു. ഒമാൻ, കുവൈറ്റ് എന്നിവിടങ്ങളിലെ ജീവനക്കാർക്ക് 9 ദിവസം വരെ അവധി ലഭിച്ചേക്കും.

വിവിധ ഗൾഫ് രാജ്യങ്ങളിൽ പെരുന്നാളവധി പ്രഖ്യാപിച്ചപ്പോൾ കോളടിച്ചത് ഒമാനിൽ ജോലി ചെയ്യുന്നവർക്കാണ്. 9 ദിവസം വരെയാണ് ഒമാനിലെ പെരുന്നാൾ അവധി. മാർച്ച് 29 ന് അവധി ആരംഭിക്കും. ശവ്വാൽ മാസപ്പിറ എന്ന് കാണുന്നു എന്നതിനനുസരിച്ച് അവധി ദിനങ്ങൾ 9 ദിവസം വരെ നീളും. ശവ്വാൽ ഒന്നിനാണ് ചെറിയ പെരുന്നാൾ.
ഒമാൻ
സർക്കാർ ജീവനക്കാർക്കും സ്വകാര്യ ജീവനക്കാർക്കുമുള്ള അവധി ദിനങ്ങൾ ഒമാൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം 29ന് നിലാവ് കണ്ട് 30 ന് പെരുന്നാൾ ആയാൽ അവധി ലഭിക്കുക അഞ്ച് ദിവസമായിരിക്കും. മാർച്ച് 29 ശനിയാഴ്ച മുതൽ ഏപ്രിൽ രണ്ട്, ബുധനാഴ്ച വരെയാവും അവധി. എന്നാൽ, അന്ന് നിലാവ് കണ്ടില്ലെങ്കിൽ, പെരുന്നാൾ മാർച്ച് 31നായാൽ 9 ദിവസം അവധി ലഭിക്കും. മാർച്ച് 29 മുതൽ ഏപ്രിൽ ആറ് ഞായറാഴ്ച വരെ അവധി നീളും. ഒമാനിൽ വെള്ളിയും ശനിയും വീക്കെൻഡ് അവധികളാണ്. ഇതും കൂടി ചേർത്താണ് 9 ദിവസത്തെ അവധി.
കുവൈറ്റ്
മാർച്ച് 30നാണ് പെരുന്നാളെങ്കിൽ കുവൈറ്റിലെ പൊതുമേഖലാ സ്ഥാപനങ്ങൾ ഏപ്രിൽ രണ്ടിനേ തുറക്കുകയുള്ളൂ. മാർച്ച് 30നാവും അവധി ആരംഭിക്കുക. 31നാണ് പെരുന്നാളെങ്കിൽ മാർച്ച് 30 മുതൽ ഏപ്രിൽ ആറ് വരെ 9 ദിവസമാവും അവധി. കുവൈറ്റിലും വെള്ളി, ശനി ദിവസങ്ങളാണ് വീക്കെൻഡ് അവധി.




സൗദി അറേബ്യ
പൊതുമേഖലയിലെ ജോലിക്കാർക്ക് സൗദിയിൽ നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. മാർച്ച് 30 മുതൽ ഏപ്രിൽ രണ്ട് വരെയാവും അവധി.
യുഎഇ
യുഎഇയിൽ നിലാവ് കാണുന്നതിനനുസരിച്ച് ജീവനക്കാർക്ക് നാലോ അഞ്ചോ ദിവസം അവധി ലഭിക്കും. മാർച്ച് 30, ഞായറാഴ്ച മുതൽ ഏപ്രിൽ 2, ബുധനാഴ്ച വരെയാണ് ചെറിയ പെരുന്നാളിൻ്റെ അവധി തീരുമാനിച്ചിരിക്കുന്നത്. മാർച്ച് 29ന് നിലാവ് കണ്ട് മാർച്ച് 30ന് പെരുന്നാൾ ആയാൽ 29, 30, 31, ഏപ്രിൽ 1 ദിവസങ്ങളിൽ അവധി ലഭിക്കും. പെരുന്നാൾ മാർച്ച് 31നാണെങ്കിൽ ഈ ദിവസങ്ങൾക്കൊപ്പം ഏപ്രിൽ രണ്ടിന് കൂടി അവധി ലഭിക്കും.