Dubai Traffic: ദുബായിൽ ടെയിൽഗേറ്റിങ് കണ്ടെത്തി പിഴയീടാക്കാൻ ഇനി മുതൽ റഡാറുകൾ; പുതിയ നീക്കവുമായി പോലീസ്
Dubai Tailgating: ടെയിൽഗേറ്റിങ് അടക്കമുള്ള ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താൻ ഇനിമുതൽ റഡാറുകൾ ഉപയോഗിക്കുമെന്ന് ദുബായ് പോലീസ്. നിലവിൽ ബോധവത്കരണ പരിപാടികൾ നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.

ദുബായിൽ ടെയിൽഗേറ്റിങ് കണ്ടെത്തി പിഴയീടാക്കാൻ ഇനി മുതൽ റഡാറുകൾ ഉപയോഗിക്കുമെന്ന് ദുബായ് പോലീസ്. മുന്നിലുള്ള വാഹനവുമായി ബൈക്ക് യാത്രികർ ആവശ്യത്തിനുള്ള അകലം സൂക്ഷിക്കണമെന്ന് പോലീസ് അറിയിച്ചു. ഇതിനായുള്ള ബോധവത്കരണ പരിപാടികൾ നടത്തിവരികയാണ്.
നേരത്തെ മുന്നറിയിപ്പ് മാത്രമാണ് നൽകിയിരുന്നത് എന്ന് അധികൃതർ അറിയിച്ചു. ടെയിൽഗേറ്റിങ് കുറ്റങ്ങൾ വർധിച്ചുവരുന്നതിനാൽ ഇനിമുതൽ പിഴയീടാക്കും. നാല് ബ്ലാക്ക് പോയിൻ്റും 400 ദിർഹം പിഴയുമാണ് ടെയിൽഗേറ്റിങിൻ്റെ ശിക്ഷ. ടെയിൽഗേറ്റിങ് ഉൾപ്പെടെ വിവിധ ട്രാഫിക് കുറ്റകൃത്യങ്ങൾ ചെയ്യുന്നവരുടെ വാഹനങ്ങൾ 30 ദിവസത്തേക്ക് പിടിച്ചുവെക്കുമെന്ന് കഴിഞ്ഞ വർഷം പോലീസ് അറിയിച്ചിരുന്നു.
ഈ മാസം അഞ്ച്, ബുധനാഴ്ച ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് ട്രാഫിക് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ, ട്രാഫിക് നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ ഉപയോഗിച്ചിരുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഈ റഡാറുമായി ഇപ്പോൾ ബന്ധപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ട്രയൽ പീരിയഡിൽ റഡാറുകളുടെ കൃത്യത ഉറപ്പാക്കാൻ കഴിഞ്ഞു എന്ന് അധികൃതർ അറിയിച്ചു.
Also Read: UAE Traffic Law : അലക്ഷ്യമായി റോഡിലൂടെ നടന്നാലും പിഴ; ട്രാഫിക് നിയമം കർക്കശമാക്കി യുഎഇ
ടെയിൽഗേറ്റിങിനൊപ്പം ദുബായിലെ മറ്റ് ട്രാഫിക് നിയമലംഘനങ്ങളും റഡാർ നിരീക്ഷിക്കും. ഉയർന്ന ശബ്ദമുള്ള വാഹനങ്ങൾ ഓടിയ്ക്കുന്നതടക്കം ശിക്ഷാർഹമായ കുറ്റകൃത്യമാണ്. ഇത്തരം വാഹനങ്ങളുടെ ശബ്ദവും അതിൻ്റെ തീവ്രതയുമൊക്കെ മനസ്സിലാക്കാൻ റഡാറുകൾക്ക് കഴിയും. 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിൻ്റുകളുമാണ് ഉയർന്ന ശബ്ദമുള്ള വാഹനം ഉപയോഗിക്കുന്നതിൻ്റെ ശിക്ഷ. ബൈക്ക് യാത്രികർ നിയമങ്ങളെല്ലാം പാലിക്കേണ്ടതുണ്ട്. അലക്ഷ്യമായി ഡ്രൈവ് ചെയ്യരുതെന്നും മറ്റ് യാത്രികരുടെ സുരക്ഷയ്ക്ക് പരിഗണന നൽകണമെന്നും അധികൃതർ പറഞ്ഞു.
ഉയർന്ന വേഗത്തിൽ വാഹനമോടിയ്ക്കുക, ട്രാഫിക് സിഗ്നലുകൾ തെറ്റിയ്ക്കുക, ട്രാഫിക്കിനെതിരെ വാഹനമോടിയ്ക്കുക, ലൈൻ തെറ്റിയ്ക്കുക, സീറ്റ്ബെൽറ്റ് ധരിയ്ക്കാതിരിക്കുക, വഴിയാത്രികരുടെ സുരക്ഷയ്ക്ക് ഭീഷണിയാവുക, യാത്രയ്ക്കിടെ ഫോൺ ഉപയോഗിക്കുക തുടങ്ങി വിവിധ ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴയൊടുക്കേണ്ടിവരും.
കുറച്ച് മാസങ്ങൾക്ക് മുൻപാണ് യുഎഇയിലെ ട്രാഫിക് നിയമങ്ങൾ പരിഷ്കരിച്ചത്. 2024 ഒക്ടോബറിൽ വിവിധ കുറ്റകൃത്യങ്ങൾക്കുള്ള പിഴത്തുക ഉയർത്തുന്നതിനൊപ്പം റോഡ് സുരക്ഷ കർശനമാക്കിയുള്ള മറ്റ് നിയമങ്ങളും അവതരിപ്പിച്ചിരുന്നു. ഈ മാസം 29 മുതൽ പുതിയ റോഡ് നിയമങ്ങൾ നടപ്പിലാക്കിത്തുടങ്ങും.