Dubai : ഒരു ട്രിപ്പിന് നൽകേണ്ടത് അഞ്ച് ദിർഹം; ബസ് ഓൺ ഡിമാൻഡ് സർവീസ് വ്യാപിപ്പിച്ച് ദുബായ്
Dubai Bus On Demand Service: ദുബായിലെ ബസ് ഓൺ ഡിമാൻഡ് സർവീസ് വ്യാപിപ്പിച്ചു. പ്രധാനപ്പെട്ട 10 സ്ഥലങ്ങളിലേക്ക് കൂടി സർവീസ് വ്യാപിപ്പിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.

ബസ് ഓൺ ഡിമാൻഡ് സർവീസ് വ്യാപിപ്പിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). പ്രധാനപ്പെട്ട 10 സ്ഥലങ്ങളിലേക്ക് കൂടിയാണ് സർവീസ് വ്യാപിപ്പിച്ചത്. ആളുകളിൽ നിന്ന് വലിയ സ്വീകാര്യത ലഭിച്ചതിനെ തുടർന്നാണ് തീരുമാനമെന്ന് ആർടിഎ അറിയിച്ചു. ഒരു ട്രിപ്പിന് അഞ്ച് ദിർഹമാണ് ഈ സർവീസിൽ നൽകേണ്ടത്.
ബർഷ ഹെയിറ്റ്സ്, ഊദ് മേത തുടങ്ങി 10 സ്ഥലങ്ങളിലേക്ക് കൂടിയാണ് സർവീസ് വ്യാപിപ്പിച്ചത്. ഈ സർവീസിലൂടെ തിരക്കേറിയ ഇടങ്ങളിൽ സുഗമമായുള്ള യാത്രയ്ക്കുള്ള അവസരമാണ് ആർടിഎ ഒരുക്കുന്നത്. നേരത്തെ തന്നെ എമിറേറ്റിലെ വിവിധ ഇടങ്ങളിൽ ബസ് ഓൺ ഡിമാൻഡ് സർവീസ് ഉണ്ടായിരുന്നു. ഇപ്പോൾ മറ്റിടങ്ങളിലേക്ക് കൂടി സർവീസ് വ്യാപിപ്പിച്ചിരിക്കുകയാണ്.
“നേരത്തെ അൽ ബർഷ, ദുബായ് സിലിക്കോൺ ഒയേസിസ്, അൽ നഹ്ദ തുടങ്ങിയ ഇടങ്ങളിൽ സർവീസുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ബിസിനസ് ബേയിലേക്കും 2024 അവസാനത്തോടെ ഡൗൺടൗൺ ദുബായിലേക്കും സർവീസ് വ്യാപിപ്പിച്ചു. ആളുകളിൽ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് സർവീസ് വ്യാപിപ്പിക്കുന്നത്. പൊതുഗതാഗതം ഉപയോഗിക്കുന്നവരിൽ നിന്ന് അഭ്യർത്ഥനകൾ വന്നിരുന്നു. ഇത് പൊതുഗതാഗതത്തെ ശക്തിപ്പെടുത്തും. ആളുകളുടെ യാത്രാനുഭവവും ഇത് മെച്ചപ്പെടുത്തും. “ആർടിഎയുടെ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി ഡയറക്ടർ അദേൽ ഷക്രി പറഞ്ഞു.
Also Read: Eid Holiday Oman: ഒമാനിൽ പെരുന്നാളവധി 9 ദിവസം വരെ; വിവിധ ഗൾഫ് രാജ്യങ്ങളിലെ അവധി അറിയാം
ഇൻ്റലിജൻ്റ് റെസ്പോൺസ് സിസ്റ്റത്തിൻ്റെ പിന്തുണയോടെയാണ് സേവനം നടത്തുന്നത്. സ്മാർട്ട് ആപ്ലിക്കേഷൻ വഴി ട്രിപ്പുകൾ ബുക്ക് ചെയ്യാൻ യാത്രക്കാർക്ക് കഴിയും. ഇത് വഴി തന്നെ ബസ് റൂട്ടും ബസ് എവിടെയാണ് എന്നുമൊക്കെ അറിയാനാവും. 13 സീറ്റുകളുള്ള ബസ് ആണ് സർവീസ് നടത്തുന്നത്. പ്രത്യേക റൂട്ടും ഇതിനുണ്ട്. പിക്കപ്പ് പോയിൻ്റുകൾ എവിടെയാണെന്നറിയാൻ ഡ്രൈവർമാർക്ക് യാത്രക്കാരുമായി സംസാരിക്കാനും കഴിയും.
ഒമാനിലെ പെരുന്നാളവധി
വിവിധ ഗൾഫ് രാജ്യങ്ങളിൽ പെരുന്നാളവധി പ്രഖ്യാപിച്ചിരുന്നു. ഇതിൽ കുവൈറ്റും ഒമാനുമാണ് കോളടിച്ചത്. ഈ രണ്ട് രാജ്യങ്ങളിലെ ജീവനക്കാർക്ക് 9 ദിവസം വരെ അവധി ലഭിച്ചേക്കും. മാർച്ച് 29നാണ് അവധി ആരംഭിക്കുക. ശവ്വാൽ മാസപ്പിറ കാണുന്നതിനനുസരിച്ചാവും അവധി ദിനങ്ങൾ തീരുമാനിക്കപ്പെടുക. ശവ്വാൽ ഒന്നിനാണ് ഗൾഫ് രാജ്യങ്ങളിലെ ചെറിയ പെരുന്നാൾ.