Consumer Compaints Dubai: ഉപഭോക്തൃ പരാതികൾ ഇനി വാട്സപ്പിലൂടെ നൽകാം; ദുബായിൽ പുതിയ സംവിധാനമൊരുക്കി അധികൃതർ
Dubai Consumer Compaints Whatsapp: ഉപഭോക്തൃ പരാതികൾ വാട്സപ്പിലൂടെ നൽകാനുള്ള സംവിധാനമൊരുക്കി ദുബായ് എക്കോണമി ആൻഡ് ടൂറിസം വകുപ്പ്. അടുത്ത മാസം മുതൽ സംവിധാനം പ്രാബല്യത്തിൽ വരും.

ദുബായിൽ ഉപഭോക്തൃ പരാതികൾ ഇനി വാട്സപ്പിലൂടെ നൽകാം. കടക്കാർക്കെതിരെ നേരിട്ട് പരാതിനൽകാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ദുബായ് എക്കോണമി ആൻഡ് ടൂറിസം വകുപ്പിൻ്റെ ഭാഗമായ, ദുബായ് കോർപ്പറേഷൻ ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് ഫെയർ ട്രേഡ് ആണ് ഈ സംവിധാനം അവതരിപ്പിച്ചത്. അടുത്ത മാസം മുതൽ സംവിധാനം പ്രാബല്യത്തിൽ വരും.
പരാതി നൽകുന്നതിനായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സാധ്യതകളൊക്കെ ഉപയോഗിച്ചാവും പുതിയ സംവിധാനത്തിൻ്റെ പ്രവർത്തനമെന്ന് ദുബായ് കോർപ്പറേഷൻ ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് ഫെയർ ട്രേഡ് ഡയറക്ടർ അഹ്മദ് അലി മൂസ പറഞ്ഞു. വേണ്ട രേഖകൾ അപ്ലോഡ് ചെയ്ത്, പരാതിയുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ വളരെ വേഗത്തിൽ പരിഹാരം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിൽ എക്കോണമി ആൻഡ് ടൂറിസം വകുപ്പ് ലെറ്റർ ഹെഡ് നൽകും. ഇത് കടക്കാരനെ കാണിക്കണം. ഇതനുസരിച്ച് നടപടിയെടുക്കേണ്ടത് കടക്കാരൻ്റെ ഉത്തരവാദിത്തമാണ്. ഉപഭോക്തൃ സേവനകാവകാശങ്ങളെ സംരക്ഷിക്കുന്ന ഔദ്യോഗിക രേഖയാണത്. കടക്കാരൻ നടപടിയെടുത്തില്ലെങ്കിൽ പിഴയടയ്ക്കേണ്ടിവരും. ഇൻവോയിസുകളടക്കം രേഖകൾ സമർപ്പിച്ചാവണം പരാതിനൽകേണ്ടത്. രേഖകളില്ലെങ്കിൽ പരാതി പരിഗണിക്കില്ല.”- അഹ്മദ് അലി മൂസ വ്യക്തമാക്കി.
Also Read: Dubai : ഒരു ട്രിപ്പിന് നൽകേണ്ടത് അഞ്ച് ദിർഹം; ബസ് ഓൺ ഡിമാൻഡ് സർവീസ് വ്യാപിപ്പിച്ച് ദുബായ്
ബസ് ഓൺ ഡിമാൻഡ്
ദുബായിലെ ബസ് ഓൺ ഡിമാൻഡ് സർവീസ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) വ്യാപിപ്പിച്ചിരുന്നു. പ്രധാനപ്പെട്ട 10 സ്ഥലങ്ങളിലേക്ക് കൂടി സർവീസ് വ്യാപിപ്പിച്ചു എന്ന് ആർടിഎ അറിയിച്ചു. ആളുകളിൽ നിന്ന് വലിയ സ്വീകാര്യത ലഭിച്ചതിനെ തുടർന്നാണ് സർവീസ് വ്യാപിപ്പിക്കാൻ ആർടിഎ തീരുമാനിച്ചത്. ബർഷ ഹെയിറ്റ്സ്, ഊദ് മേത തുടങ്ങി 10 സ്ഥലങ്ങളിലേക്ക് പുതുതായി സർവീസ് വ്യാപിപ്പിച്ചത്. എമിറേറ്റിലെ വിവിധ ഇടങ്ങളിൽ നേരത്തെ തന്നെ ബസ് ഓൺ ഡിമാൻഡ് സർവീസ് ഉണ്ടായിരുന്നു. ഈ സർവീസിൽ ഒരു ട്രിപ്പിന് അഞ്ച് ദിർഹമാണ് നൽകേണ്ടത്.
ഇൻ്റലിജൻ്റ് റെസ്പോൺസ് സിസ്റ്റമാണ് ബസ് ഓൺ ഡിമാൻഡ് സർവീസ് ബുക്ക് ചെയ്യാൻ ഉപയോഗിക്കുന്നത്. സ്മാർട്ട് ആപ്ലിക്കേഷൻ വഴിയാണ് ട്രിപ്പിനുള്ള ടിക്കറ്റ് ബുക്ക് ചെയ്യാൻ യാത്രക്കാർക്ക് കഴിയുക. സ്മാർട്ട് ആപ്ലിക്കേഷൻ വഴി ബസ് റൂട്ടും മറ്റ് വിവരങ്ങളും അറിയാനാവും. 13 സീറ്റുകളുള്ള ബസ് ആണ് ബസ് ഓൺ ഡിമാൻഡ് സർവീസിൽ ഉപയോഗിക്കുന്നത്. പിക്കപ്പ് പോയിൻ്റുകളെപ്പറ്റി യാത്രക്കാരോട് സംസാരിക്കുന്നതടക്കം വിവിധ സൗകര്യങ്ങളാണ് ഇതിലുള്ളത്.