Dubai Beaches : നാല് ബീച്ചുകൾ ഇനി കുടുംബങ്ങൾക്ക് മാത്രം; പുതിയ നിർദ്ദേശവുമായി ദുബായ്
Dubai Reserves Four Public Beaches For Families : ദുബായിലെ നാല് ബീച്ചുകൾ കുടുംബങ്ങൾക്ക് മാത്രമായി റിസർവ് ചെയ്തു. ജുമൈറ, ഉമ്മു സഖീം എന്നിവിടങ്ങളിലുള്ള നാല് പൊതുബീച്ചുകളാണ് കുടുംബങ്ങൾക്ക് മാത്രമായി റിസർ ചെയ്തത്.
യുഎഇ ദേശീയദിനത്തോടനുബന്ധിച്ച് പുതിയ മാർഗനിർദ്ദേശങ്ങളുമായി യുഎഇ. ദുബായിലെ നാല് പൊതുബീച്ചുകൾ കുടുംബങ്ങൾക്ക് മാത്രമായി റിസർവ് ചെയ്തു. ദേശീയദിനവുമായി ബന്ധപ്പെട്ട നാല് ദിവസത്തെ പൊതു അവധിയിലാണ് ഈ ബീച്ചുകൾ കുടുംബങ്ങൾക്ക് മാത്രമായി നീക്കിവച്ചത്. ഇക്കാര്യത്തിൽ ഔദ്യോഗിക നിർദ്ദേശം പുറത്തുവന്നിട്ടുണ്ട്.
നവംബർ 30 മുതൽ ഡിസംബർ മൂന്ന് വരെയാണ് യുഎഇ ദേശീയദിനത്തോടനുബന്ധിച്ച് പൊതു അവധി പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളിൽ ജുമൈറ ബീച്ച് 2, ജുമൈറ 3, ഉമ്മു സഖീം 1, ഉമു സഖീം 2 എന്നീ ബീച്ചുകൾ കുടുംബങ്ങൾക്ക് മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ. യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ ജീവനക്കാർക്കും നാല് ദിവസം അവധിയാണ്. ഈ വർഷം മുതൽ ഈദുൽ ഇത്തിഹാദ് എന്നാണ് ദേശീയ ദിനം അറിയപ്പെടുക.
“ദുബായിലെ പൊതുബീച്ചുകൾ നാല് ദിവസത്തേക്ക് കുടുംബങ്ങൾക്കായി മാറ്റിവെക്കുന്നത് ബീച്ചിലേക്കുള്ള ആളുകളെ വരവ് നിയന്ത്രിക്കാനാണ്. പൊതു അവധിയിൽ ബീച്ചുകളിലേക്ക് ഒരുപാട് ആളുകളെത്താറുണ്ട്. ഇത് കുടുംബമായി വരുന്നവർക്ക് ബുദ്ധിമുട്ടാവും. ഈ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ശ്രമം.”- ദുബായ് മുനിസിപ്പാലിറ്റി പബ്ലിക്ക് ബീച്ചസ് ആൻഡ് വാട്ടർവേയ്സ് ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ ഇബ്രാഹിം മുഹമ്മദ് ജുമ പറഞ്ഞു. 135 പേരടങ്ങുന്ന പ്രത്യേക സുരക്ഷാ സംഘത്തെയാണ് ദുബായ് മുനിസിപ്പാലിറ്റി ബീച്ചുകളിൽ നിയമിച്ചിരിക്കുന്നത്. ഇതോടൊപ്പം 60 പേരടങ്ങുന്ന നിരീക്ഷണ സംഘവുമുണ്ട്.
Also Read : Dubai Weather : ദുബായിൽ ചൂട് അസഹനീയം; അർദ്ധരാത്രിയിൽ പാതിരാബീച്ചുകളിലെത്തുന്നത് നൂറുകണക്കിന് ആളുകൾ
പകൽ ചൂട് അസഹനീയമായതിനെ തുടർന്ന് ദുബായിലെ പാതിരാബീച്ചുകളിൽ അർദ്ധരാത്രി നീന്താനെത്തുന്നത് നൂറുകണക്കിന് ആളുകളാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പകൽ 45 ഡിഗ്രിയോളം ഉയരുന്ന ചൂടിൽ നിന്ന് രക്ഷപ്പെടാനാണ് ആളുകൾ രാത്രി ബീച്ചുകളിലെത്തുന്നത്. പാതിരാബീച്ചുകളിൽ രാത്രി നീന്താനും കുളിക്കാനും എത്തുന്നവരുടെ എണ്ണത്തിൽ വലിയ വർധനയാണുള്ളത്. കഴിഞ്ഞ വർഷം ഇല്ലാതിരുന്ന മൂന്ന് പാതിരാബീച്ചുകൾ കൂടി ഇത്തവണ തുറന്നിട്ടുണ്ട് എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
രാത്രി നീന്തലിനും മറ്റുമായി തുറന്ന പുതിയ പാതിരാബീച്ചുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 3800 മീറ്റർ ദൈഘ്യമുള്ള പുതിയ ബീച്ചുകളാണ് ജുമൈറയിലും ഉമ്മു സുഖീമിലുമായി രാത്രി നീന്തലിന് ദുബായ് മുനിസിപ്പാലിറ്റി സജ്ജമാക്കിയത്. രാത്രി മുഴുവൻ പ്രകാശിക്കുന്ന ലൈറ്റുകളും ലൈഫ് ഗാർഡുകളുമൊക്കെ ഇവിടെയുണ്ട്. നീന്തുന്നവർക്കുള്ള മുന്നറിയിപ്പുകൾ ഇലക്ട്രോണിക് സ്ക്രീനുകളിൽ രേഖപ്പെടുത്തിയിരുന്നു. ഈ ബീച്ചുകളിലും കുടുംബങ്ങൾ നീന്താനെത്താറുണ്ട്.