Dubai: കരാമയിലും അൽ ഖുസൈസിലും പുതിയ പാർക്കിംഗ് ഫീസ് ഏർപ്പെടുത്തി; പീക്ക് അവറിൽ നൽകേണ്ടത് ആറ് ദിർഹം
Dubai New Parking Fees: വിവിധയിടങ്ങളിൽ പാർക്കിംഗ് ഫീസ് പുതുക്കി ദുബായ്. കരാമയിലും അൽ ഖുസൈസിലും ഉൾപ്പെടെ വിവിധ ഇടങ്ങളിലാണ് പുതിയ പാർക്കിംഗ് ഫീസ് ഏർപ്പെടുത്തിയത്.

കരാമയിലും അൽ ഖുസൈസിലും ഉൾപ്പെടെ വിവിധ ഇടങ്ങളിൽ പുതിയ പാർക്കിംഗ് ഫീസ് ഏർപ്പെടുത്തി ദുബായിലെ ഏറ്റവും വലിയ പബ്ലിക്ക് പാർക്കിങ് ഓപ്പറേറ്ററായ പാർക്കിൻ പിജെഎസ്‌സി. ഡബ്ല്യു, ഡബ്ല്യുപി എന്നീ സോണുകൾക്ക് കീഴിലുള്ള വിവിധ ഏരിയകളിൽ പുതിയ പാർക്കിങ് ഫീസുകൾ നിലവിൽ വരും. ഇക്കാര്യം തങ്ങളുടെ എക്സ് ഹാൻഡിലിലൂടെയാണ് ഇവർ ഇക്കാര്യം പങ്കുവച്ചത്.
കീ സോണുകളായ അൽ കരാമ (318 ഡബ്ല്യു), അൽ ഖുസൈസിലും ഫസ്റ്റ് (32 ഡബ്ല്യു), മദീനത് ദുബായ് ആൻഡ് മെലാഹെയ (321 ഡബ്ല്യു), അൽ കിഫാഫ് (324 ഡബ്ല്യുപി) എന്നിവിടങ്ങളിലൊക്കെ പുതിയ ഫീസ് ആവും ഇനിമുതൽ. അൽ കിഫാഫിലെ ഡബ്ല്യുപി സോണിൽ പീക്ക് അവർ പാർക്കിംഗിന് മണിക്കൂറിൽ ആറ് ദിർഹമാണ് നൽകേണ്ടത്. രാവിലെ എട്ട് മണി മുതൽ 10 മണി വരെയും വൈകിട്ട് നാല് മണി മുതൽ എട്ട് മണി വരെയുമാണ് പീക്ക് അവർ. ഓഫ് പീക്ക് മണിക്കൂറുകളിലെ പാർക്കിംഗിനായി മണിക്കൂറിൽ നാല് ദിർഹം നൽകണം. കരാമ, അൽ ഖുസൈസ്, മദീനത് ദുബായ്, അൽ മെലാഹെയ എന്നിവിടങ്ങളിലെ ഡബ്ല്യു സോണിൽ ഫ്ലാറ്റ് നിരക്കാണ്. ഇവിടെ സാധാരണ സമയത്തും പീക്ക് അവറുകളും പാർക്കിംഗിനായി നാല് ദിർഹം വീതമാണ് മണിക്കൂറിൽ നൽകേണ്ടത്. പുതിയ നിബന്ധനയുടെ ഭാഗമായി ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും എല്ലാ സോണുകളിലും സൗജന്യ പാർക്കിംഗാണ്.
ദുബായിൽ അപകടകരമായി വാഹനമോടിക്കുന്ന ഡ്രൈവർമാർക്ക് റാങ്കിംഗ് ഏർപ്പെടുത്താനായി പുതിയ പ്ലാറ്റ്ഫോം വികസിപ്പിച്ചിട്ടുണ്ട്. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് പ്ലാറ്റ്ഫോം വികസിപ്പിച്ചത്. വാഹനമോടിച്ച് ഡ്രൈവർമാർ ഉണ്ടാക്കുന്ന അപകടങ്ങളുടെ കണക്കെടുത്താണ് റാങ്കിംഗ്. എഐയുടെ സഹായത്തോടെ ഒരുക്കുന്ന പ്ലാറ്റ്ഫോം നിലവിൽ ട്രയൽ റണ്ണിലാണ്.