5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Dubai : കാറിനുള്ളിലിരുന്ന് പുകവലിച്ചാലും എഐ ക്യാമറ പിടിയ്ക്കും; മുന്നറിയിപ്പുമായി പോലീസ്

Dubai AI Cameras To Detect Smoking : ദുബായിൽ കാറിനുള്ളിലെ പുകവലി കണ്ടുപിടിയ്ക്കാൻ എഐ ക്യാമറയുമായി പോലീസ്. ടാക്സിയ്ക്കുള്ളിലെ പുകവലി കണ്ടുപിടിയ്ക്കുകയാണ് ലക്ഷ്യം. ടാക്സി സർവീസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സുഗമമാക്കാനുള്ള നീക്കങ്ങളും നടത്തുന്നുണ്ട്.

Dubai : കാറിനുള്ളിലിരുന്ന് പുകവലിച്ചാലും എഐ ക്യാമറ പിടിയ്ക്കും; മുന്നറിയിപ്പുമായി പോലീസ്
ദുബായ് ടാക്സി (Image Courtesy – RTA Dubai X)
abdul-basith
Abdul Basith | Updated On: 19 Nov 2024 09:31 AM

പൊതുസ്ഥലത്തുള്ള പുകവലി പിടിയ്ക്കാൻ കൂടുതൽ നീക്കങ്ങളുമായി ദുബായ് പോലീസ്. കാറിനുള്ളിലിരുന്ന് പുകവലിച്ചാലും കണ്ടുപിടിയ്ക്കാൻ കഴിയുന്ന എഐ ക്യാമറകൾ അവതരിപ്പിക്കാനാണ് ദുബായ് പോലീസ് ശ്രമിക്കുന്നത്. ഇക്കാര്യം ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചാണ് ഈ നീക്കമെങ്കിലും കൃത്യമായി എങ്ങനെയാവും ഇതിൻ്റെ പ്രവർത്തനമെന്ന് അധികൃതർ അറിയിച്ചിട്ടില്ല. യുഎഇയിലാകെ പൊതുഗതാഗത സംവിധാനങ്ങളിൽ പുകവലി നിരോധിച്ചിട്ടുണ്ട്.

എമിറേറ്റിലാകെ ടാക്സി സർവീസുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് പുതിയ നീക്കം. ടാക്സി ഡ്രൈവർമാർ ടാക്സിയ്ക്കുള്ളിലിരുന്ന് പുകവലിയ്ക്കുന്ന പ്രവണതയുണ്ടായിരുന്നു. ഇത് യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ കാറിനുള്ളിലിരുന്ന് പുകവലിക്കുന്നത് തടയാനാണ് ദുബായ് പോലീസിൻ്റെ നീക്കം.

കാറിനുള്ളിലെ പുകമണം മാറ്റാനുള്ള പ്രവർത്തനങ്ങൾ ഇതിനോടകം തുടങ്ങിയിട്ടുണ്ട്. എയർപോർട്ട് ടാക്സികളിൽ ഉയർന്ന നിലവാരത്തിലുള്ള എയർ ഫ്രഷ്നർ ആണ് ഉപയോഗിച്ചുതുടങ്ങിയത്. ടാക്സികളിലെ പരിശോധന കർശനമാക്കി വാഹനത്തിനുള്ളിലെ വൃത്തി കാത്തുസൂക്ഷിക്കാൻ കൂടുതൽ നടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചു.

Also Read : Dubai : നിയമവിരുദ്ധ മോഡിഫിക്കേഷനും ശബ്ദമലിനീകരണവും; 24 മണിക്കൂറിനിടെ ദുബായ് പോലീസ് പിടികൂടിയത് 26 വാഹനങ്ങൾ

“പുതിയ നീക്കം ബോധവത്കരണവും പരിശീലനവുമൊക്കെ ഉൾപ്പെട്ടതാണ്. ഡ്രൈവർമാർക്കും ഡ്രൈവിങ് ഇൻസ്ട്രക്ടർമാർക്കും ഡ്രൈവിങ് സ്കൂളുകാർക്കുമൊക്കെ ഇത്തരത്തിൽ കാറിൻ്റെ ഉൾഭാഗം വൃത്തിയായി സൂക്ഷിക്കാനുള്ള പരിശീലനം നൽകും. എല്ലാ മാസവും വാഹനവും ഡ്രൈവറും പരിശോധനയ്ക്ക് വിധേയമാവും. വാഹനത്തിൻ്റെയും ഡ്രൈവറുടെയും വൃത്തിയാവും എല്ലാ മാസവും പരിശോധിക്കുക. 1,00,000 ഹാല ടാക്സി ട്രിപ്പുകൾ പൂർത്തിയാക്കുമ്പോഴും ഇത്തരത്തിൽ പരിശോധന നടക്കും. കസ്റ്റമർ സാറ്റിസ്ഫാക്ഷൻ സർവേയും ഇതോടൊപ്പം നടക്കും. ഇതെല്ലാം വാഹനങ്ങളുടെയും ഡ്രൈവറിൻ്റെയും വൃത്തി കേന്ദ്രീകരിച്ചാവും നടത്തുക.”- ആർടിഎയ്ക്ക് കീഴിലുള്ള പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസിയിലെ പ്ലാനിങ് ആൻഡ് ബിസിനസ് ഡെവലപ്മെൻ്റ് ഡയറക്ടർ അദേൽ ഷകാരി പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.

ദുബായിൽ ട്രാഫിക്കുമായി ബന്ധപ്പെട്ട നിയമങ്ങൾ കർക്കശമാക്കുകയാണ്. ട്രാഫിക്ക് നിയമലംഘനങ്ങൾക്കെതിരെ കടുത്ത നടപടിയാണ് ദുബായ് പോലീസ് സ്വീകരിക്കുന്നത്. ഈ മാസം 16ന് നിയമവിരുദ്ധ മോഡിഫിക്കേഷനും ശബ്ദമലിനീകരണവും ചൂണ്ടിക്കാട്ടി 26 വാഹനങ്ങളാണ് ദുബായ് പോലീസ് പിടികൂടിയത്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ പിടികൂടിയിരുന്നു.

നിയമവിരുദ്ധർക്കെതിരെ 24 ട്രാഫിക് ഫൈനുകൾ ഏർപ്പെടുത്തിയെന്ന് ദുബായ് ട്രാഫിക് പോലീസ് ഡയറക്ടർ ജനറൽ മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്റോയ് പറഞ്ഞിരുന്നു. ഓരോ വാഹനങ്ങൾക്കും ഏകദേശം 10,000 ദിർഹം വരെ പിഴയാണ് ചുമത്തിയത്. ഈ തുക നൽകിയാലേ പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുനൽകൂ. എഞ്ചിൻ വേഗത വർധിപ്പിക്കൽ, സൈലൻസർ മാറ്റിയുള്ള ശബ്ദമലിനീകണം, ആളുകൾക്ക് അപകടമുണ്ടാക്കിയുള്ള വാഹനമോടിക്കൽ തുടങ്ങി വിവിധ കാര്യങ്ങൾ ഉണ്ടാവാനിടയുള്ള മോഡിഫിക്കേഷനുകൾ വാഹനങ്ങളിൽ വരുത്തരുത് എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടകരമാവും വിധവും പൊതുമുതൽ നശിപ്പിക്കുന്ന തരത്തിലും ഇരുചക്ര വാഹനങ്ങൾ ഓടിക്കരുത് എന്നും അദ്ദേഹം പറഞ്ഞു.

യുഎഇയിലെ ട്രാഫിക്ക് നിയമങ്ങൾ പുതുക്കിയിട്ടുണ്ട്. വിവിധ കുറ്റകൃത്യങ്ങൾക്കുള്ള പിഴത്തുക ഉയർത്തി. റോഡ് സുരക്ഷ കർശനമാക്കിയുള്ള നിയമങ്ങളും അവതരിപ്പിച്ചു. 2025 മാർച്ച് 29 മുതൽ പുതിയ നിയമങ്ങൾ നടപ്പാക്കിത്തുടങ്ങും.

Latest News