Dubai : കമ്പനിയിൽ നിന്ന് 26 കോടി രൂപയിലധികം മോഷ്ടിച്ചു; ഇന്ത്യൻ പൗരനെ നാടുകടത്താൻ യുഎഇ
Dubai Indian Man Stole Money : ജോലി ചെയ്തുകൊണ്ടിരുന്ന കമ്പനിയിൽ നിന്ന് കോടിക്കണക്കിന് രൂപ മോഷ്ടിച്ച ഇന്ത്യക്കാരനെ നാടുകടത്താൻ ഉത്തരവിട്ട് ദുബായ് ക്രിമിനൽ കോടതി. ഒരു മാസം തടവ് ശിക്ഷ അനുഭവിക്കുന്നതിനൊപ്പം മോഷ്ടിച്ച തുക പിഴയായും ഇയാൾ ഒടുക്കണം.
ജോലി ചെയ്തുകൊണ്ടിരുന്ന കമ്പനിയിൽ നിന്ന് 26 കോടി രൂപയിലധികം മോഷ്ടിച്ച ഇന്ത്യൻ പൗരനെ നാടുകടത്താൻ കോടതി ഉത്തരവ്. ഒരു മാസം തടവ് ശിക്ഷയ്ക്ക് ശേഷമായിരിക്കും ഇയാളെ നാടുകടത്തുക. മോഷ്ടിച്ച അത്രയും പണം പിഴയായി ഒടുക്കാനും കോടതി വിധിച്ചു. ഇയാളുടെ പേരോ മറ്റ് വിശദാംശങ്ങളോ അറിവായിട്ടില്ല.
ജനറൽ ട്രേഡിംഗ് കമ്പനിയിലെ തൊഴിലാളിയായിരുന്ന പ്രതി രണ്ട് വർഷം കൊണ്ടാണ് 26 കോടിയിലധികം രൂപ (1,15,000 ദിർഹം) മോഷ്ടിച്ചത്. 2017- 2019 കാലയളവിലായിരുന്നു സംഭവം. 34 വയസുകാരനായ ഇയാളെ പ്രതിയാക്കി പോലീസ് കേസെടുക്കുകയും അന്വേഷണത്തിനൊടുവിൽ കുറ്റം തെളിയുകയും ചെയ്തു.
Also Read : Donald Trump: ഡൊണാൾഡ് ട്രംപിന് വെടിയേറ്റു; അക്രമി കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ഇടപാടുകാർക്ക് സാധനങ്ങൾ എത്തിച്ചുനൽകി പണം വാങ്ങുകയായിരുന്നു ഇയാളുടെ ജോലി. ഇടപാടുകാരിൽ നിന്ന് വാങ്ങുന്ന പണം കമ്പനിയുടെ അക്കൗണ്ടിംഗ് സിസ്റ്റത്തിൽ രേഖപ്പെടുത്താതെ ഇയാൾ പോക്കറ്റിലാക്കി. 2020ൽ വാർഷികാവധി എടുത്തപ്പോഴാണ് ഇയാളുടെ കള്ളി വെളിച്ചത്തായത്. ഇയാൾക്ക് പകരമെത്തിയ ഡ്രൈവർ ഇടപാടുകാരിൽ നിന്ന് വാങ്ങിയ പണം കമ്പനി കണക്കുകളുമായി ഒത്തുപോകുന്നില്ലെന്ന് കണ്ടത്തി. തുടർന്ന് ഇയാൾ ഇടപാടുകാരുമായി സംസാരിച്ചു. ഇവരൊക്കെ പണം നൽകിയെന്നറിയിക്കുകയും രസീതുകൾ തെളിവായി കാണിക്കുകയും ചെയ്തു. ഇതോടെ പഴയ ഡ്രൈവർ തട്ടിപ്പ് നടത്തിയെന്ന് കമ്പനിക്ക് സംശയമായി. അവധി കഴിഞ്ഞ് നാട്ടിലെത്തിയ ഇന്ത്യക്കാരൻ കുറ്റം ഏറ്റെടുക്കുകയും 52,575 ദിർഹം മോഷ്ടിച്ചതായി (11 ലക്ഷത്തിനുമുകളിൽ ഇന്ത്യൻ രൂപ) സമ്മതിക്കുകയും ചെയ്തു. 90 ദിവസത്തിനുള്ളിൽ പണം തിരികെനൽകാമെന്നായിരുന്നു ഉറപ്പ്. എന്നാൽ പിന്നീട് കമ്പനി നടത്തിയ ഓഡിറ്റിൽ മോഷ്ടിച്ച തുക ഇതിലും വളരെ അധികമാണെന്ന് കണ്ടെത്തി.
ഡ്രൈവർ എന്ന നിലയിൽ ജോലിചെയ്തുവന്ന ഇയാൾ കമ്പനിയെ കബളിപ്പിച്ചു എന്ന് ദുബായ് ക്രിമിനൽ കോടതി നിരീക്ഷിച്ചു. തെളിവുകൾ പ്രകാരം ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ചില സാക്ഷികളും കേസിലുണ്ടായിരുന്നു. “അയാൾ കമ്പനിയിൽ നിന്ന് പ്ലാസ്റ്റിക് അടുക്കളോപകരണങ്ങളും മറ്റും ഇടപാടുകാർക്ക് എത്തിച്ച് പണം വാങ്ങേണ്ട ജോലിയാണ് ചെയ്തിരുന്നത്. ഇയാൾ ലെഡ്ജറുകൾ സൂക്ഷിച്ചിരുന്നെങ്കിലും കണക്കുകൾ കൃത്യമായി സൂക്ഷിച്ചിരുന്നില്ല.”- പ്രധാന സാക്ഷി കോടതിയിൽ അറിയിച്ചു. തുടർന്നാണ് കോടതി ഇയാൾക്കെതിരെ ശിക്ഷ വിധിച്ചത്.