Dubai Dating Scam : ഡേറ്റിംഗ് ആപ്പിലൂടെ നൈറ്റ് ക്ലബിലേക്ക് വിളിച്ചുവരുത്തി അഞ്ചിരട്ടി ബിൽ തുക; ദുബായിൽ യുവതികൾ ഉൾപ്പെട്ട റാക്കറ്റുകൾ സജീവം
Dubai Dating Scam Racket Involving Women Targeting Tourists : ദുബായിൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ഡേറ്റിംഗ് റാക്കറ്റ് സജീവം. വിവിധ ഡേറ്റിംഗ് ആപ്പുകളിലൂടെ ഡേറ്റിനെത്തുന്ന യുവാക്കളെ നൈറ്റ് ക്ലബുകളിലെത്തിച്ച് അവരിൽ നിന്ന് അഞ്ചിരട്ടിയോളം ബിൽ തുക തട്ടുകയാണ് തട്ടിപ്പ് രീതി.
ഡേറ്റിംഗ് ആപ്പിലൂടെ നൈറ്റ് ക്ലബിലേക്ക് വിളിച്ചുവരുത്തി ബില്ലിൽ അഞ്ചിരട്ടി തുക തട്ടുന്ന റാക്കറ്റുകൾ ദുബായിൽ സജീവം. ഖലീജ് ടൈംസിൻ്റെ വിവിധ റിപ്പോർട്ടുകളിലാണ് പല വിദേശ ടൂറിസ്റ്റുകളും ഇത്തരത്തിൽ പറ്റിക്കപ്പെട്ടതായി വാർത്തയുള്ളത്. ടിൻഡർ, ബംബിൾ തുടങ്ങിയ ഡേറ്റിംഗ് ആപ്പുകളിലൂടെ ആളുകളെ ആകർഷിച്ച് നൈറ്റ്ക്ലബുകളുമായി ചേർന്നുള്ള തട്ടിപ്പാണ് ഇതോടെ പുറത്തായത്. ഇതിന് പിന്നാലെ മറ്റ് പലരും തങ്ങളുടെ അനുഭവങ്ങൾ അറിയിക്കുകയും ചെയ്തു.
വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ചാണ് യുവതികൾ ഡേറ്റിംഗ് ആപ്പിലൂടെ ടൂറിസ്റ്റുകളെ ലക്ഷ്യം വെക്കുന്നത്. ഇത്തരത്തിൽ ഡേറ്റിന് താത്പര്യമുണ്ടെന്നറിയിക്കുന്നവരെ ദുബായിലെ പ്രീമിയം നൈറ്റ് ക്ലബുകളിലേക്ക് ക്ഷണിക്കും. ഇവിടെയെത്തിക്കഴിഞ്ഞാൽ യുവതികൾ വിലകൂടിയ ഡ്രിങ്കുകളും ഭക്ഷണവുമൊക്കെ ഓർഡർ ചെയ്യും. ഇങ്ങനെ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിനും ഡ്രിങ്കിനുമൊക്കെ സാധാരണയിലും അഞ്ചിരട്ടി തുകയാവും നൈറ്റ്ക്ലബുകൾ ഈടാക്കുക. ഈ തുക ഇരകൾ അടയ്ക്കേണ്ടിവരും. 3000 മുതൽ 10000 ദിർഹം വരെ നഷ്ടമായ ആളുകളുണ്ട്. തട്ടിപ്പിന് ശേഷം ഇവരെ യുവതികൾ വാട്സപ്പിലും ഡേറ്റിങ് ആപ്പിലുമൊക്കെ ബ്ലോക്ക് ചെയ്യും.
പലരും പറ്റിക്കപ്പെട്ടെങ്കിലും ഒരു കനേഡിയൻ ടൂറിസ്റ്റിന് നഷ്ടമായ പണം തിരികെ പിടിക്കാൻ സാധിച്ചു. എസ്‌വൈ എന്ന് ഖലീജ് ടൈംസ് വിശേഷിപ്പിച്ച ഇയാൾ മറ്റൊരാളുടെ 14,000 ദിർഹവും തിരികെ പിടിക്കാൻ സഹായിച്ചു. ഡിസംബർ മൂന്നിന് ബെസാൻ എന്ന യുവതി എസ്‌വൈയെ ബിസിനസ് ബേയിലെ ഒരു നൈറ്റ് ക്ലബിലേക്ക് ക്ഷണിച്ചു. യുവതി പല തരം ഡ്രിങ്കുകൾ ഓർഡർ ചെയ്തപ്പോൾ യുവാവ് ഓറഞ്ച് ജ്യൂസും വെള്ളവുമാണ് കുടിച്ചത്. 7000 ദിർഹം ബില്ല് വന്നപ്പോൾ യുവതി ഞെട്ടുന്നതായി അഭിനയിച്ചു. ഇത്ര ഉയർന്ന ബിൽ വരുമെന്ന് കരുതിയില്ലെന്ന യുവതിയുടെ വാക്ക് വിശ്വസിച്ച് യുവാവ് ബിൽ അടച്ചു. പിറ്റേന്ന് ജാസ്മിൻ എന്ന് പേരുള്ള മറ്റൊരു യുവതിയുമായി യുവാവ് ഡേറ്റിന് പോയി. എമിറേറ്റ്സ് ഫൈനാൻഷ്യൽ ടവറിലുള്ള ഒരു ബാറിൽ വച്ചായിരുന്നു ഡേറ്റ്. എസ്‌വൈ ഒരു ജ്യൂസും യുവതി ഒരു ഡ്രിങ്കും പറഞ്ഞു. അതിനപ്പുറം ഓർഡർ ചെയ്യാതിരിക്കാൻ യുവാവ് മുൻകരുതലുകളെടുത്തിരുന്നു. അപ്പോഴും 650 ദിർഹം ബിൽ വന്നു. തൻ്റെ ജ്യൂസിൻ്റെ വില മാത്രമേ താൻ നൽകൂ എന്ന് യുവാവ് നിലപാടെടുത്തു. യുവതി പലതരത്തിൽ ഈ തീരുമാനം മാറ്റാൻ ശ്രമിച്ചെങ്കിലും യുവാവ് വഴങ്ങിയില്ല.
ഡിസംബർ ആറിന് ആദ്യം ഡേറ്റിന് പോയ ബെസാനെ സെക്കൻഡ് ഡേറ്റിന് വിളിച്ചു. ബീച്ചിൽ പോകാമെന്ന് പറഞ്ഞെങ്കിലും അത് വിസമ്മതിച്ച യുവതി ബാറിലേക്ക് തന്നെ പോകാമെന്ന് പറഞ്ഞു. യുവതി ഇടയ്ക്കിടെ ഡ്രിങ്കുകൾ ഓർഡർ ചെയ്തുകൊണ്ടിരുന്നു. ഇതിനിടെ യുവാവ് രഹസ്യമായി അന്വേഷിച്ചപ്പോൾ ബിൽ 3000 ദിർഹം ആയിരുന്നു. ഈ തുക നൽകാൻ കഴിയില്ലെന്ന് യുവാവ് അറിയിച്ചു. ഒടുവിൽ താൻ കുടിച്ച വെള്ളത്തിൻ്റെ 35 ദിർഹം മാത്രം നൽകി എസ്‌വൈ മടങ്ങി. മറ്റ് പല ബാറിലും പല ഡേറ്റുകളുമായി പോയെങ്കിലും ഡേറ്റിൻ്റെ പണം നൽകാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ ബാർ മാനേജർ തന്നെ പുറത്താക്കിയെന്നും യുവാവ് പറയുന്നു.
യുവതികൾ നൈറ്റ് ക്ലബുകളുമായിച്ചേർന്ന് തട്ടിപ്പ് നടത്തുന്നു എന്നാണ് എസ്‌വൈയുടെ ആരോപണം. ഖലീജ് ടൈംസിൻ്റെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഇത്തരം തട്ടിപ്പുകളെപ്പറ്റി മറ്റ് പലരും തുറന്നുപറയുന്നുണ്ട്.