Dubai Cafe Mobile Phone Ban : ദുബായിലെ കഫേയിൽ ഫോണുകൾ വിലക്കാനൊരുങ്ങുന്നു; ലക്ഷ്യം സ്ക്രീൻ ടൈം കുറയ്ക്കൽ
Dubai Cafe To Ban Mobile Phones : സെപ്തംബർ 22ന് മൊബൈൽ ഫോണുകൾ വിലക്കാനൊരുങ്ങി ദുബായ് ജുമൈറയിലെ കഫേ. ഡിജിറ്റൽ സ്പേസിൽ നിന്ന് രക്ഷപ്പെട്ട് റിയൽ വേൾഡിൽ സമയം ചിലവഴിക്കാനാണ് കഫേയുടെ ഉദ്യമം.
ഫോണുകൾ വിലക്കാനൊരുങ്ങി ദുബായിലെ കഫേ. ജുമൈറയിലെ കഫേയിലാണ് സെപ്തംബർ 22ന് ഫോണുകൾക്ക് വിലക്കേർപ്പെടുത്തുന്നത്. സ്ക്രീൻ ടൈം കുറച്ച് റിയൽ ലൈഫിൽ കണക്ടാവുക എന്നതാണ് ലക്ഷ്യം. ദുബായിലെ ആദ്യ ഫോൺ ഫ്രീ മീറ്റപ്പാണ് ഞായറാഴ്ച നടക്കുക. ഫോൺ ഉപയോഗം വർധിച്ച സമൂഹത്തിൽ സ്ക്രീൻ ടൈം കുറയ്ക്കുകയെന്നത് ഡിജിറ്റൽ സ്പേസിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗമായി കഫേ ഈ മീറ്റപ്പിനെ കാണുന്നു. അന്ന് കഫേയിലെത്തുന്നവർ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നാണ് നിർദ്ദേശം.
നെതർലൻഡ്സിൽ നിന്നുള്ള ഓഫ്‌ലൈൻ ക്ലബ് എന്ന കഫേ ജുമൈറയിലെ സേവ വെൽനസ് സെൻ്റർ ആൻഡ് കഫേയുമായി സഹകരിച്ചാണ് ഡിജിറ്റൽ ഡീറ്റോക്സ് പരിപാടി നടത്തുന്നത്. ദുബായിൽ വർധിച്ചുവരുന്ന ഓഫ്‌ലൈൻ കമ്മ്യൂണിറ്റി മുന്നേറ്റത്തെ ഒരിടത്ത് ഒരുമിച്ചുകൂട്ടുകയാണ് പരിപാടിയുടെ ലക്ഷ്യം. കഫേയിലെത്തുമ്പോൾ തന്നെ മൊബൈൽ ഫോണുകൾ കഫേയിൽ ഏല്പിക്കണം. മീറ്റപ്പ് അവസാനിക്കുമ്പോൾ ഫോണുകൾ തിരികെ ലഭിക്കും. ഇതിനിടയിൽ പുസ്തകം വായിക്കുകയോ പെയിൻ്റ് ചെയ്യുകയോ എഴുതുകയോ പരസ്പരം സംസാരിക്കുകയോ ആവാം.
മീറ്റപ്പിൻ്റെ ആദ്യ പടി സ്വയം പരിചയപ്പെടുത്തലാണ്. പരിപാടിയ്ക്കെത്തുന്നവരൊക്കെ സ്വയം പരിചയപ്പെടുത്തണം. അതിന് ശേഷം ഒരു ഇൻ്ററാക്ടീവ് സെഷനുണ്ടാവും. പരിപാടിയ്ക്കെത്തിയവർ തമ്മിൽ പരസ്പരം സംസാരിച്ച് പരിചയപ്പെടാം. ഇതിന് ശേഷം കഫേയിലെ പൂന്തോട്ടത്തിൽ ഒരു സൗണ്ട് ഹീലിങ് സെഷനും ഉണ്ടാവും. “ഇതൊരു മനോഹരമായ സായാഹ്നമാവും. മൊബൈൽ ഫോണുകളോ സ്ക്രീനുകളോ ഇല്ലാതെ ആളുകൾക്ക് പൂർണമായി ആസ്വദിക്കാനാവും. നിലവിൽ ആളുകൾക്ക് മൊബൈൽ ഫോണുമായുള്ള ബന്ധം വളരെ മോശമാണ്. അത് മാറ്റാൻ ഞങ്ങൾ ആഗ്രഹിക്കുകയാണ്. ആവശ്യമുള്ളതിലധികം സ്ക്രീൻ ടൈമാണ് ലോകവ്യാപകമായി ആളുകൾക്കുള്ളത്. ഇത് കുറയ്ക്കുകയാണ് ക്ലബിൻ്റെ ലക്ഷ്യം. ദുബായി പോലെ ഒരു നഗരത്തിൽ ഡിജിറ്റൽ ഡീറ്റോക്സ് നടത്താൻ ആളുകൾക്ക് തോന്നുക പതിവാണ്. ഈ കൂടിച്ചേരൽ കൊണ്ട് അതിന് കഴിയുമെന്ന് ഞങ്ങൾ കരുതുന്നു.” – ഓഫ്‌ലൈൻ ക്ലബ് സഹ സ്ഥാപകൻ ആന്ദ്രിയ സ്റ്റെഫാനെല്ലി ഖലീജ് ടൈംസിനോട് പറഞ്ഞു.
ഏഴ് മാസങ്ങൾക്ക് മുൻപ് ഈ വർഷം ഫെബ്രുവരിയിലാണ് ക്ലബ് ഇത്തരത്തിലുള്ള ആദ്യ ഒത്തുകൂടൽ നടത്തിയത്. ആംസ്റ്റർഡാമിലെ കഫേയിൽ നടത്തിയ പരിപാടി വലിയ വിജയമായിരുന്നു. ഇതിൻ്റെ വിജയത്തോടെ ക്ലബ് വിവിധയിടങ്ങളിലേക്ക് പരിപാടി വ്യാപിപ്പിച്ചു. ഡിജിറ്റൽ ഡീറ്റോക്സ് ആണ് പരിപാടിയെങ്കിലും ഇൻസ്റ്റഗ്രാമിലൂടെ ഇവർ പങ്കുവച്ച ഒരു റീൽ വൈറലായാണ് ഈ പരിപാടി പ്രശസ്തമായത്. ദുബായ്, നെതർലൻഡ്സ് എന്നിവിടങ്ങൾക്കൊപ്പം ലണ്ടൻ, മിലാൻ, പാരിസ്, ബാഴ്സലോണ തുടങ്ങിയ നഗരങ്ങളിലും ഇത്തരം മീറ്റപ്പുകൾ നടത്തുന്നുണ്ട്.