Dubai Arabic Education: ആറ് വയസ് വരെ അറബി പഠനം നിർബന്ധം; സ്വകാര്യ സ്കൂളുകൾക്ക് പുതിയ നിർദ്ദേശവുമായി ദുബായ്
Arabic Education In Dubai: ദുബായിൽ ആറ് വയസ് വരെയുള്ള കുട്ടികൾക്ക് ഇനിമുതൽ അറബി പഠനം നിർബന്ധം. വെള്ളിയാഴ്ച ദുബായ് ഹ്യൂമൻ ഡെവലപ്മെൻ്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

ദുബായിൽ ആറ് വയസ് വരെയുള്ള കുട്ടികൾക്ക് അറബി പഠനം നിർബന്ധമാക്കി പുതിയ ഉത്തരവ്. ദുബായ് ഹ്യൂമൻ ഡെവലപ്മെൻ്റ് അതോറിറ്റിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രാഥമികമായി കുട്ടികൾക്ക് ലഭിക്കുന്ന പഠനങ്ങളിൽ അറബി ഭാഷ നിർബന്ധമാക്കാനാണ് ഹ്യൂമൻ ഡെവലപ്മെൻ്റ് അതോറിറ്റിയുടെ തീരുമാനം. വെള്ളിയാഴ്ചയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
ജനനം മുതൽ ആറ് വയസ് വരെ കുട്ടികൾക്ക് ലഭിക്കുന്ന വിദ്യാഭ്യാസത്തിൽ അറബി പഠനം നിർബന്ധമാണെന്നാണ് പുതിയ നിർദ്ദേശം. സ്വകാര്യ സ്കൂളുകളിലും ഡേകെയർ സെൻ്ററുകളിലുമൊക്കെ ഇതിനായുള്ള സൗകര്യമൊരുക്കണം. എമിറേറ്റി സംസ്കാരവും ഭാഷയും പൈതൃകവുമായി കുട്ടികൾക്ക് ബന്ധമുണ്ടാക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു. 2025 സെപ്തംബർ മുതൽ നിർദ്ദേശങ്ങൾ നടപ്പിൽ വരും. സെപ്തംബറിലാണ് ദുബായിലെ ചില സ്കൂളുകളിൽ അക്കാദമിക്ക് വർഷം ആരംഭിക്കുക. ഏപ്രിലിൽ അക്കാദമിക്ക് വർഷം ആരംഭിക്കുന്ന സ്കൂളുകളിൽ 2026 ഏപ്രിലിലാവും ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കിത്തുടങ്ങുക. നാല് മുതൽ ആറ് വയസ് വരെയുള്ള കുട്ടികൾക്ക് ഇനിമുതൽ അറബി പഠനം നിർബന്ധമാണ്.
പ്ലേസ്കൂളുകളുടെ പാഠ്യരീതിയോട് സമരസപ്പെടുന്ന തരത്തിലാവും അറബി പഠനം. വ്യത്യസ്ത രീതിയിലുള്ള ഭാഷാപഠന രീതികൾ അവതരിപ്പിക്കേണ്ടതുണ്ട്. അറബി മാതൃഭാഷ ആയവർക്കും അല്ലാത്തവർക്കും വ്യത്യസ്തമായ രീതിയിലാവണം പാഠ്യരീതികൾ. അറബി പഠിപ്പിക്കുന്ന അധ്യാപകർക്ക് കൃത്യമായ യോഗ്യത ഉണ്ടാവണം. കുട്ടികളെ രസകരമായ രീതിയിൽ പഠിപ്പിക്കാൻ സാധിക്കുന്നവരാവണം ഈ അധ്യാപകർ. മക്കളുടെ ഭാഷാവികസനത്തെ മാതാപിതാക്കളും പിന്തുണയ്ക്കേണ്ടതുണ്ട്. സ്കൂളിലും വീട്ടിലും ഇത്തരത്തിൽ പിന്തുണ നൽകേണ്ടതുണ്ട്. ദൈനംദിനം ജീവിതത്തിൽ അറബിഭാഷ ഉപയോഗിക്കേണ്ടതും മനസിലാക്കേണ്ടതും ജീവിതശൈലിയെ സഹായിക്കുമെന്നും അധികൃതർ വിശദീകരിച്ചു.
യുഎഇയുടെ സാംസ്കാരിക സ്വത്വത്തിൻ്റെ ഹൃദയമാണ് അറബി ഭാഷ. അതുകൊണ്ട് തന്നെ കുട്ടികൾക്ക് തുടക്കം മുതൽ ഭാഷയോടുള്ള സ്നേഹം ഉണ്ടാക്കിയെടുക്കണം. ആദ്യകാല വിദ്യാഭാസത്തിൽ തന്നെ അറബി ഭാഷ പരിചയപ്പെടുത്തുന്നതിനാൽ അവർക്ക് ഭാഷയോടുള്ള പരിചയവും സ്നേഹവും വർധിക്കും. എമിറേറ്റികൾക്കും അറബി മാതൃഭാഷ ആയവർക്കും അല്ലാത്തവർക്കുമൊക്കെ അറബി ഭാഷയോടുള്ള അടുപ്പം വർധിക്കും. ഇത് രാജ്യത്തിൻ്റെ സംസ്കാരത്തിനൊപ്പം ചേർന്ന് നിൽക്കുമെന്നും അധികൃതർ പറഞ്ഞു. എല്ലാ കുട്ടികളും അറബി ഭാഷയെ സ്നേഹിച്ച്, അത് കൈകാര്യം ചെയ്യാനും സംസാരിക്കാനും കഴിയുന്ന തരത്തിൽ മാറണം. അതാണ് തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം. അതിനായുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.