Dubai Drug Supply : മയക്കുമരുന്ന് വിതരണം; ദുബായിൽ യുവതിയ്ക്ക് അഞ്ച് വർഷം തടവ്
Drug Supply In Dubai Woman Sentenced to Five Years in Prison : ദുബായിൽ മയക്കുമരുന്ന് വിതരണം നടത്തിയ യുവതിയ്ക്ക് അഞ്ച് വർഷം തടവ്. സുഹൃത്തിന് രണ്ട് ലഹരിപദാർത്ഥങ്ങൾ സൗജന്യമായി നൽകിയെന്നതാണ് കേസ്.
മയക്കുമരുന്ന് വിതരണം നടത്തിയ യുവതിയ്ക്ക് ദുബായിൽ അഞ്ച് വർഷം തടവ്. ദുബായിൽ താമസിക്കുന്ന 30കളിലുള്ള യുവതിയെയാണ് ദുബായ് ക്രിമിനൽ കോടതി ശിക്ഷിച്ചത്. ഒരു സുഹൃത്തിന് ലഹരിപദാർത്ഥങ്ങളായ ആംഫെറ്റാമിനും മെതാംഫെറ്റാമിനും സൗജന്യമായി വിതരണം ചെയ്തതിനാണ് ശിക്ഷ. അഞ്ച് വർഷ തടവിനൊപ്പം 50000 ദിർഹം പിഴയും ഒടുക്കണം.
2024 ഏപ്രിൽ രണ്ടിനാണ് ശിക്ഷയ്ക്ക് ആസ്പദമായ കുറ്റകൃത്യം നടക്കുന്നത്. സത്‌വ ഏരിയയിൽ ഒരു യുവാവ് മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും ഇയാളുടെ കൈവശം ലഹരിപദാർത്ഥങ്ങളുണ്ടെന്നും ദുബായ് പോലീസിന് രഹസ്യവിവരം ലഭിച്ചു. ഈ രഹസ്യവിവരത്തിൽ അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി. ഇയാളിൽ നിന്ന് ലഹരിപദാർത്ഥങ്ങൾ കണ്ടെടുക്കുകയും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. യുവാവിൻ്റെ വീടും വാഹനവുമൊക്കെ പരിശോധിച്ചിട്ടായിരുന്നു അറസ്റ്റ്. പിന്നാലെ ചോദ്യം ചെയ്യലിനായി ഇയാളെ ആൻ്റി നാർക്കോട്ടിക്സ് ഡിപ്പാർട്ട്മെൻ്റിലെത്തിച്ചു.
Also Read : Nimisha Priya : നിമിഷപ്രിയയുടെ വധശിക്ഷ; വിഷയത്തിൽ ഇടപെട്ട് സഹായം നൽകാൻ തയ്യാറാണെന്ന് ഇറാൻ
പരിശോധനയ്ക്കിടെ ഇയാളിൽ നിന്ന് ശേഖരിച്ച മൂത്രത്തിൽ ആംഫെറ്റാമിൻ്റെയും മെതാംഫെറ്റാമിൻ്റെയും സാന്നിധ്യം ഉറപ്പിച്ചു. യുഎഇ നിയമമനുസരിച്ച് നിയന്ത്രിതമായി ഉപയോഗിക്കാവുന്ന മാനസികാരോഗ്യ മരുന്നാണ് ഇവ. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ താൻ ഇവ ഉപയോഗിച്ചെന്നും തനിക്ക് ഇത് സൗജന്യമായി ഒരു സുഹൃത്ത് നൽകിയതാണെന്നും ഇയാൾ സമ്മതിച്ചു. ഇവർ രണ്ട് തവണ തനിക്ക് ഇവ നൽകിയിട്ടുണ്ടെന്നും ഇയാൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.
ഇയാളുടെ വീട് പരിശോധിച്ചപ്പോൾ ഇവിടെനിന്ന് നാല് പാക്കറ്റ് ക്രിസ്റ്റൽ മെത്ത് പിടികൂടി. പിന്നാലെ, തനിക്ക് മയക്കുമരുന്ന് നൽകിയ യുവതിയുടെ താമസ സ്ഥലം ഇയാൾ പോലീസിനോട് വെളിപ്പെടുത്തി. ഇവരെ പിടികൂടാനായി പോലീസെത്തുമ്പോൾ യുവതി മറ്റൊരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായിരുന്നു. ചോദ്യം ചെയ്യലിൽ സ്ത്രീ കുറ്റങ്ങൾ സമ്മതിച്ചെങ്കിലും കോടതിയ്ക്ക് മുൻപിൽ ഇവർ അതൊക്കെ തള്ളിപ്പറഞ്ഞു. എന്നാൽ, ഇത് കോടതി മുഖവിലയ്ക്കെടുത്തില്ല. കുറ്റത്തിൽ നിന്ന് രക്ഷപ്പെടാനാണ് ഇവരുടെ ശ്രമമെന്ന് നിരീക്ഷിച്ച കോടതി പൂർണ ബോധ്യത്തോടെയാണ് കുറ്റങ്ങൾ സമ്മതിച്ചതെന്നും നിരീക്ഷിച്ചു. പിന്നാലെയാണ് ഇവരെ അഞ്ച് വർഷം ശിക്ഷിച്ചത്. ഇതിനൊപ്പം 50,000 ദിർഹം പിഴയും വിധിച്ചു. തടവ് കാലാവധി കഴിയുമ്പോൾ യുവതിയെ നാടുകടത്തണമെന്നും കോടതി വിധിച്ചു.
സൗദിയിൽ അനധികൃത താമസക്കാർ കുടുങ്ങി
മതിയായ രേഖകളില്ലാതെ സൗദി അറേബ്യയിൽ താമസിച്ചുവന്ന 20,000ലധികം പ്രവാസികൾ പിടിയിലായിരുന്നു. തൊഴിൽ, വീസ, അതിർത്തിസുരക്ഷാ നിയമങ്ങൾ ലംഘിച്ച് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞവരെയാണ് അധികൃതർ പിടികൂടിയത്. ഇക്കാലയളവിൽ നേരത്തെ പിടികൂടിയ 10,000ലധികം ആളുകളെ നാടുകടത്തുകയും ചെയ്തു.
ഡിസംബർ 19 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ ആകെ 23,194 പേരെയാണ് അധികൃതർ പിടികൂടിയത്. ഇതിൽ 21,800 പേരുടെ യാത്രാരേഖകൾ ശരിയാക്കി നാട്ടിലേക്കയയ്ക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ഇങ്ങനെ ശുപാർശ ചെയ്തവരിൽ 4000 ഓളം പേരുടെ യാത്രാരേഖകൾ പൂർത്തിയാക്കിക്കഴിഞ്ഞു എന്നായിരുന്നു റിപ്പോർട്ടുകൾ. ബാക്കിയുള്ളവരുടെ കാര്യത്തിൽ തീരുമാനങ്ങളെടുക്കുകയാണ് എന്നും അധികൃതർ അറിയിച്ചു.