Drug Smuggling : മയക്കുമരുന്ന് കടത്ത്; ദുബായിൽ ദമ്പതിമാർക്ക് ജീവപര്യന്തം തടവ്
Drug Smuggling Dubai Married Couples : ദുബായിൽ മയക്കുമരുന്ന് കടത്തിയ ദമ്പതിമാർക്ക് ജീവപര്യന്തം തടവ്. 4.2 കിലോഗ്രാം മരിജുവാന ദുബായിലേക്ക് കടത്തിയ കേസിലാണ് വിവാഹിതരായ ദമ്പതിമാരെ കോടതി ശിക്ഷിച്ചത്. ശിക്ഷാ കാലാവധി അവസാനിക്കുമ്പോൾ ഇവരെ നാടുകടത്തും.
മയക്കുമരുന്ന് കടത്തലിൻ്റെ പേരിൽ ദമ്പതിമാർക്ക് ജീവപര്യന്തം തടവ്. യുഎഇയിലേക്ക് 4.2 കിലോഗ്രാം മരിജുവാന കടത്തിയതിനാണ് ദമ്പതിമാരെ കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവിനൊപ്പം ഇവർ രണ്ട് പേരും അഞ്ച് ലക്ഷം ദിർഹം വീതം പിഴയും ഒടുക്കണം. ഈ വർഷം ജനുവരി രണ്ടിന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് ഒരു പതിവ് കസ്റ്റംസ് പരിശോധനയാണ് വൻ മയക്കുമരുന്ന് വേട്ടയിലേക്ക് നയിച്ചത്.
35കാരനായ നൈജീരിയൻ യുവാവും 27കാരിയായ ഗാംബിയൻ യുവതിയുമാണ് ദുബായിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. യുവതി ഒറ്റയ്ക്കാണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. ഇവരുടെ ബാഗിന് അസാധാരണ ഭാരം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ബാഗ് വിശദമായി പരിശോധിക്കുകയായിരുന്നു. പരിശോധനയ്ക്കിടെ ബാഗിനുള്ളിലെ വിവിധ രഹസ്യ അറകളിലായി ഒളിപ്പിച്ചിരുന്ന 4290.86 ഗ്രാം മരിജുവാന കണ്ടെത്തി. തുടർന്ന് യുവതിയെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. യുവതിയെ ചോദ്യം ചെയ്തതിൽ നിന്ന് ഈ മയക്കുമരുന്ന് കൊണ്ടുവന്നത് നൈജീരിയക്കാരനായ യുവാവിന് വേണ്ടിയാണെന്ന് തെളിഞ്ഞു. കാർഗോ സർവീസിൽ നിന്ന് ഈ പാക്കേജ് സ്വീകരിക്കാനെത്തിയ യുവാവിനെ ദുബായിലെ നൈഫ് മേഖലയിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തു.
Also Read : Dubai Walk : ഇനി സുരക്ഷിതമായി നടക്കാം; കാൽനട യാത്രക്കാർക്കായി വമ്പൻ പദ്ധതിയൊരുക്കി ഭരണകൂടം
വാദത്തിനിനിടെ ഫോറൻസിക് റിപ്പോർട്ടുകളും ഇവർ തമ്മിലുള്ള ഡിജിറ്റൽ സംഭാഷണങ്ങളും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ മൊഴികളുമൊക്കെ കോടതി പരിഗണിച്ചു. തുടക്കത്തിൽ, തങ്ങൾക്ക് മയക്കുമരുന്നിനെപ്പറ്റി വിവരമുണ്ടായിരുന്നില്ല എന്ന് പ്രതികൾ വാദിച്ചു. എന്നാൽ, ഇതിനെ നിരാകരിക്കാൻ പര്യാപ്തമായ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയതോടെ കോടതി പ്രതികളുടെ വാദം തള്ളി. ഇരുവരും കൊക്കെയ്ൻ ഉപയോഗിച്ചിരുന്നു എന്നും കണ്ടെത്തിയിരുന്നു. തൊട്ടുമുൻപത്തെ വർഷം ഓഗസ്റ്റിലും നവംബറിലും രാജ്യത്തേക്കെത്തിയ മയക്കുമരുന്നുകളെപ്പറ്റി ഇവർക്ക് അറിവുണ്ടായിരുന്നു എന്ന് കോടതി നിരീക്ഷിച്ചു. ഒപ്പം, മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട ഇവരുടെ ഡിജിറ്റൽ വിനിമയങ്ങൾ കോടതി തെളിവായി സ്വീകരിക്കുകയും ചെയ്തു.
ഈ വർഷം നവംബർ 28നാണ് ഇരുവരെയും കോടതി ശിക്ഷിച്ചത്. മയക്കുമരുന്ന് കടത്ത് ചാർജുകളിൽ ഇരുവരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ച ദുബായ് ക്രിമിനൽ കോടതി ശേഷം ഇവരെ നാടുകടത്താനും വിധിച്ചു. അഞ്ച് ലക്ഷം ദിർഹം പിഴയടയ്ക്കാനില്ലെങ്കിൽ ഓരോ 100 ദിർഹമിനും ഓരോ അധിക ദിവസം ഇവർ തടവിൽ കഴിയണം.