Yemen War Plans: ഒരു കയ്യബദ്ധം… യമൻ യുദ്ധ പദ്ധതികൾ മാധ്യമപ്രവർത്തകനുമായി തെറ്റായി പങ്കുവെച്ചു; വൈറ്റ് ഹൗസ്
US Yemen War Plans Accidentally Share: ചെങ്കടലിൽ വാണിജ്യ, സൈനിക കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെത്തുടർന്ന്, 2023 നവംബർ മുതൽ ഹൂത്തികൾക്കെതിരെ യുഎസ് വ്യോമാക്രമണം നടത്തിവരികയാണ്. യെമനിലെ ഹൂത്തി കേന്ദ്രങ്ങളിൽ മാർച്ച് 15 ന് നടന്ന യുഎസ് വ്യോമാക്രമണത്തിന് രണ്ട് മണിക്കൂറിന് മുമ്പാണ് വിവരങ്ങൾ ചോർന്നത്.

വാഷിങ്ടൺ: യമനിൽ നടത്താനിരിക്കുന്ന യുദ്ധ പദ്ധതികളെക്കുറിച്ച് മാധ്യപ്രവർത്തകനുമായി പങ്കുവച്ച് ഡൊണാൾഡ് ട്രംപിന്റെ (Donald Trump) പ്രതിരോധ സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ദേശീയ സുരക്ഷാ ഉദ്യോഗസ്ഥർ. ദി അറ്റ്ലാന്റിക്കിന്റെ എഡിറ്റർ-ഇൻ-ചീഫ് ഉൾപ്പെടുന്ന സുരക്ഷിത ഗ്രൂപ്പ് ചാറ്റിലാണ് യുദ്ധവുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ചത്. സംഭവം മാഗസിൻ വെളിപ്പെടുത്തിയതിന് പിന്നാലെ പ്രതികരണവുമായി വൈറ്റ് ഹൗസ് രംഗത്തെത്തിയിട്ടുണ്ട്.
യുദ്ധ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങൾ തെറ്റായി പങ്കിട്ടതായാണ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ പറയുന്നത്. വളരെ സെൻസിറ്റീവായ ഇത്തരം വിവരങ്ങൾ പങ്കുവെച്ച കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ആയുധ പാക്കേജുകൾ, ലക്ഷ്യങ്ങൾ, യുദ്ദം നടത്താൻ നിശ്ചയിച്ചിരുന്ന സമയം എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഉൾപ്പെടുന്ന പദ്ധതിയാണ് ചോർന്നതെന്ന് ദി അറ്റ്ലാന്റിക്കിലെ ജെഫ്രി ഗോൾഡ്ബെർഗ് പറയുന്നു.
ചെങ്കടലിൽ വാണിജ്യ, സൈനിക കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെത്തുടർന്ന്, 2023 നവംബർ മുതൽ ഹൂത്തികൾക്കെതിരെ യുഎസ് വ്യോമാക്രമണം നടത്തിവരികയാണ്. യെമനിലെ ഹൂത്തി കേന്ദ്രങ്ങളിൽ മാർച്ച് 15 ന് നടന്ന യുഎസ് വ്യോമാക്രമണത്തിന് രണ്ട് മണിക്കൂറിന് മുമ്പാണ് വിവരങ്ങൾ ചോർന്നത്. ഇത്തരമൊരു സുരക്ഷയുള്ള ഗ്രൂപ്പ് ചാറ്റിൽ മാധ്യമപ്രവർത്തകൻ എങ്ങനെ ഉൾപ്പെട്ടുവെന്ന കാര്യം അന്വേഷിച്ച് വരികയാണെന്ന് ദേശീയ സുരക്ഷാ കൗൺസിൽ അറിയിച്ചു.
പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, വൈസ് പ്രസിഡന്റ് ജെഡി വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ദേശീയ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ് തുടങ്ങിയ ട്രംപ് ഭരണകൂടത്തിലെ പ്രധാന ഉദ്യോഗസ്ഥർ ഉൾപ്പെടുന്നതാണ് ഗ്രൂപ്പ്. സെൻസിറ്റീവ് ഓപ്പറേഷനെക്കുറിച്ച് ചർച്ച ചെയ്യാനുണ്ടായ സാഹചര്യത്തെക്കുറിച്ചോ ഗ്രൂപ്പിലെങ്ങനെയാണ് മാധ്യമപ്രവർത്തകൻ ഉൾപ്പെട്ടതെന്നോ ഉന്നത ഉദ്യോഗസ്ഥർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
പ്രതിരോധ ഉദ്യോഗസ്ഥർ പോളിഗ്രാഫുകൾ ഉപയോഗിച്ച് റിപ്പോർട്ടർമാർക്ക് എങ്ങനെ വിവരങ്ങൾ ലഭിച്ചുവെന്ന് നിർണ്ണയിക്കാൻ സാധ്യതയുള്ളത് ഉൾപ്പെടെ, ഹെഗ്‌സെത്തിന്റെ ഓഫീസ് തന്ത്രപ്രധാന വിവരങ്ങളുടെ ചോർച്ച തടയുന്നതിനുള്ള നടപടികൾ പ്രഖ്യാപിച്ചിരിക്കെയാണ് യുദ്ധ പദ്ധതികളുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമപ്രവർത്തകനിലേക്ക് എത്തിയത്.