Donald Trump: ‘കൊത്തിക്കൊത്തി മൊറത്തിൽ കൊത്തണ്ട’; ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ട്രംപിൻ്റെ ഉത്തരവിന് സ്റ്റേ
Birthright US Citizenship Order Stay: അമേരിക്കയിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഉത്തരവ് മരവിപ്പിച്ച് ജഡ്ജി. സിയാറ്റിൽ ഫെഡറൽ ജഡ്ജാണ് 14 ദിവസത്തേക്ക് ഉത്തരവ് സ്റ്റേ ചെയ്തത്.
രാജ്യത്ത് ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഉത്തരവിന് സ്റ്റേ. സിയാറ്റിൽ ഫെഡറൽ ജഡ്ജ് ജോൺ കോഗ്നറാണ് 14 ദിവസത്തേക്ക് ഉത്തരവിൻ്റെ തുടർ നടപടികൾ മരവിപ്പിച്ചത്. ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ വ്യാഴാഴ്ച്യയാണ് കോടതി ഉത്തരവ് സ്റ്റേ ചെയ്തത്. കോടതിയുടെ തീരുമാനത്തിനെതിരെ അപ്പീൽ നൽകുമെന്ന് ട്രംപ് പ്രതികരിച്ചു.
നിലവിൽ അമേരിക്കൻ പൗരത്വം ജന്മാവകാശമായി ലഭിക്കും. അമേരിക്കയിൽ ജനിച്ചാൽ ആ കുട്ടി സ്വമേധയാ അമേരിക്കൻ പൗരനാവും. ഇത് നിർത്തലാക്കാനാണ് ട്രംപ് തീരുമാനിച്ചത്. കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായായിരുന്നു തീരുമാനം. പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ ഒപ്പുവച്ച പല ഉത്തരവുകളിൽ ഒന്നായിരുന്നു ഇത്. ജനിച്ചാൽ സ്വമേധയാ അമേരിക്കൻ പൗരത്വം നൽകുന്നത് നിർത്തലാക്കി അമേരിക്കൻ പൗരന്മാരുടെയും നിയമാനുസൃതം സ്ഥിര താമസത്തിനുള്ള അനുമതി ലഭിച്ചവരുടെയും മക്കൾക്ക് മാത്രം പൗരത്വം നൽകുന്നതാണ് ഉത്തരവ്. പ്രതിവർഷം ഏതാണ്ട് രണ്ടര ലക്ഷത്തോളം കുട്ടികളെ ഈ നിയമം ബാധിക്കുമെന്നാണ് കണക്ക്. ഫെബ്രുവരി 20 മുതലാണ് ജന്മാവകാശ പൗരത്വം നിർത്തലാക്കുന്ന ഉത്തരവ് പ്രാബല്യത്തിൽ വരിക.
ട്രംപിന്റെ ഉത്തരവിനെതിരെ വിവിധ സംസ്ഥാനങ്ങൾ ഇതിനകം നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഉത്തരവ് നിയമവിരുദ്ധമാണെന്ന് കാട്ടി വിവിധ വ്യക്തികളും സംഘടനകളും കോടതികളെ സമീപിച്ചിട്ടുമുണ്ട്. ഇത്തരത്തിൽ ഒരു അപ്പീലിലാണ് ഇപ്പോൾ കോടതിവിധി വന്നിരിക്കുന്നത്.
പ്രസിഡൻ്റായി സ്ഥാനമേറ്റതിന് പിന്നാലെ ട്രംപ് നടത്തിയ നയപ്രഖ്യാപനത്തിൽ പ്രധാനപ്പെട്ടതായിരുന്നു അനധികൃത കുടിയേറ്റം തടയൽ. രാജ്യത്തേക്കുള്ള അനധികൃത കുടിയേറ്റം തടയുമെന്ന് ട്രംപ് പറഞ്ഞു. യുഎസ് – മെക്സിക്കൻ അതിർത്തിയിലൂടെയുള്ള അനധികൃതർ കുടിയേറ്റം തടയാൻ ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ഉത്തരവില്‍ ഒപ്പുവയ്ക്കുമെന്ന് ട്രംപ് അറിയിച്ചു. അനധികൃതമായി എത്തുന്നവരെയൊക്കെ അവരുടെ സ്വന്തം നാട്ടിലേക്ക് തിരികെ അയയ്ക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഒപ്പം, ജോ ബൈഡൻ സർക്കാരിനെ ട്രംപ് രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
ഇത്തരം അനധികൃത കുടിയേറ്റക്കാരെയും ക്രിമിനലുകളെയും സംരക്ഷിക്കുകയാണ് ബൈഡൻ ഭരണകൂടം ചെയ്തത് എന്ന് ട്രംപ് കുറ്റപ്പെടുത്തി. വിദേശത്തെ അതിർത്തികൾ സംരക്ഷിക്കാൻ പരിധിയില്ലാത്ത സഹായം നൽകിയ കഴിഞ്ഞ സർക്കാർ അമേരിക്കൻ അതിർത്തികൾ സംരക്ഷിക്കാൻ യാതൊന്നും ചെയ്തില്ല എന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.
ജനുവരി 20ന് ഇന്ത്യന്‍ സമയം രാത്രി 10.30ന് ശേഷമാണ് ട്രംപിൻ്റെ സത്യപ്രതിജ്ഞ നടന്നത്. ക്യാപിറ്റോൾ മന്ദിരത്തിൽ ഒരുക്കിയ വേദിയിലാണ് ചടങ്ങുകൾ നടന്നത്. ചടങ്ങിൽ വച്ച് യുഎസിന്റെ 47-ാം പ്രസിഡന്റായി ട്രംപ് അധികാരമേൽക്കുകയായിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇന്ത്യൻ വ്യവസായ ഭീമനും ശതകോടീശ്വരനുമായ മുകേഷ് അംബാനി, ഭാര്യ നിത അംബാനി തുടങ്ങിയവരും ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. മുൻ പ്രസിഡൻ്റുമായ ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ബുഷ്, ബറാക്ക് ഒബാമ തുടങ്ങിയവരും ഹിലരി ക്ലിന്റണ്‍, ഇലോണ്‍ മസ്‌ക്, ജെഫ് ബെസോസ്, മാര്‍ക്ക് സക്കര്‍ബര്‍ഗ്, സുന്ദര്‍ പിച്ചൈ തുടങ്ങി മറ്റ് പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.