5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Donald Trump : ക്യാപിറ്റല്‍ മന്ദിരത്തില്‍ റിപ്പബ്ലിക്കന്‍ കാറ്റ് വീശി; രാജകീയ തിരിച്ചുവരവില്‍ യുഎസ് പ്രസിഡന്റായി അധികാരമേറ്റ് ഡൊണാള്‍ഡ് ട്രംപ്‌

Donald Trump Oath : ക്യാപിറ്റല്‍ മന്ദിരത്തിലെ റോട്ടന്‍ഡ് ഹാളില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. സ്ഥാനമൊഴിഞ്ഞ് പ്രസിഡന്റ് ജോ ബൈഡന്‍, സ്ഥാനമൊഴിഞ്ഞ വൈസ് പ്രസിഡന്റ് കമല ഹാരിസ് തുടങ്ങിയവര്‍ ചടങ്ങിന് സാക്ഷിയായി. ട്രംപ് രണ്ടാമതും അധികാരമേറ്റപ്പോള്‍ ചുറ്റും 'യുഎസ്എ', 'യുഎസ്എ' എന്ന് ജനക്കൂട്ടം ആര്‍ത്തുവിളിച്ചു

Donald Trump : ക്യാപിറ്റല്‍ മന്ദിരത്തില്‍ റിപ്പബ്ലിക്കന്‍ കാറ്റ് വീശി; രാജകീയ തിരിച്ചുവരവില്‍ യുഎസ് പ്രസിഡന്റായി അധികാരമേറ്റ് ഡൊണാള്‍ഡ് ട്രംപ്‌
Donald Trump-File PicImage Credit source: PTI
jayadevan-am
Jayadevan AM | Updated On: 20 Jan 2025 23:35 PM

തിരിച്ചുവരവുകള്‍ക്ക് ഒരായിരം കഥകള്‍ പറയാനുണ്ടാകും, അതിന് ചാരുതയുമേറും. തിരിച്ചുവരവിന്റെ കരുത്ത് വിളിച്ചോതി അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് രണ്ടാമതും അധികാരമേറ്റപ്പോള്‍ ചുറ്റും ‘യുഎസ്എ’, ‘യുഎസ്എ’ എന്ന് ജനക്കൂട്ടം ആര്‍ത്തുവിളിച്ചു. ക്യാപിറ്റല്‍ മന്ദിരത്തിനുള്ളിലെ പ്രശസ്തമായ താഴികക്കുടത്തിന് താഴെയൊരുക്കിയ വേദിയിലായിരുന്നു ട്രംപിന്റെ സത്യപ്രതിജ്ഞ. ഇന്ത്യന്‍ സമയം രാത്രി 10.30ന് ശേഷമായിരുന്നു സത്യപ്രതിജ്ഞ. യുഎസിന്റെ 47-ാം പ്രസിഡന്റായാണ് ട്രംപ് അധികാരമേറ്റത്. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെയായിരുന്നു ട്രംപിന്റെ സത്യപ്രതിജ്ഞ.

സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിന് മുമ്പ് ട്രംപ്, ഭാര്യ മെലാനിയ, വാന്‍സ്, അദ്ദേഹത്തിന്റെ ഭാര്യ ഉഷ തുടങ്ങിയവര്‍ വൈറ്റ് ഹൗസിലെ ചായസല്‍ക്കാരത്തില്‍ പങ്കെടുത്തു. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ജോ ബൈഡനും, അദ്ദേഹത്തിന്റെ ഭാര്യ ജില്‍ ബൈഡനും ചേര്‍ന്നാണ് ട്രംപിനെ വൈറ്റ് ഹൗസിലേക്ക് സ്വീകരിച്ചത്.

സെന്റ് ജോണ്‍സ് എപ്പിസ്‌കോപ്പല്‍ പള്ളിയിലെ കുര്‍ബാനയില്‍ പങ്കെടുത്തതിന് ശേഷമാണ് ട്രംപും കുടുംബവും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് എത്തിയത്. അതിശൈത്യം മൂലം സത്യപ്രതിജ്ഞ ചടങ്ങിന് തുറന്ന വേദി ഒഴിവാക്കുകയായിരുന്നു.

ക്യാപിറ്റല്‍ മന്ദിരത്തിലെ റോട്ടന്‍ഡ് ഹാളില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. സ്ഥാനമൊഴിഞ്ഞ് പ്രസിഡന്റ് ജോ ബൈഡന്‍, സ്ഥാനമൊഴിഞ്ഞ വൈസ് പ്രസിഡന്റ് കമല ഹാരിസ് തുടങ്ങിയവര്‍ ചടങ്ങിന് സാക്ഷിയായി.

ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. വ്യവസായി മുകേഷ് അംബാനി, ഭാര്യ നിത അംബാനി തുടങ്ങിയവരും പങ്കെടുത്തു.മുന്‍ പ്രസിഡന്റുമാരായ ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ബുഷ്, ബരാക്ക് ഒബാമ തുടങ്ങിയവരും, ഹിലരി ക്ലിന്റണ്‍, ഇലോണ്‍ മസ്‌ക്, ജെഫ് ബെസോസ്, മാര്‍ക്ക് സക്കര്‍ബര്‍ഗ്, ടിം കുക്ക്, സാം ആള്‍ട്ട്മാന്‍, സുന്ദര്‍ പിച്ചൈ തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

Read Also : ‘ഒരിക്കൽ കൂടി ഒരുമിച്ച് പ്രവർത്തിക്കാൻ കാത്തിരിക്കുന്നു’; ഡൊണാൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അധികാരമേറ്റതിന് പിന്നാലെ ട്രംപ് നടത്തുന്ന പ്രസംഗത്തിന് കാതോര്‍ക്കുകയാണ് ലോകം. നൂറോളം ഉത്തരവുകളില്‍ അദ്ദേഹം ഒപ്പിടും. അനധികൃത കുടിയേറ്റം, അതിര്‍ത്തിയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള നിരവധി സുപ്രധാന ഉത്തരവുകളുണ്ടെന്നാണ് സൂചന.

2017 ജനുവരി 20നാണ് ട്രംപ് ആദ്യമായി യുഎസ് പ്രസിഡന്റാകുന്നത്. കൃത്യം എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ശക്തമായ തിരിച്ചുവരവില്‍ അദ്ദേഹത്തിന് രണ്ടാമതും അധികാരക്കസേരയില്‍ എത്താനായി. തുടര്‍ച്ചയായി അല്ലാതെ രണ്ട് തവണ യുഎസ് പ്രസിഡന്റാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ട്രംപ്. ഗ്രോവന്‍ ക്ലീവ്‌ലാന്‍ഡാണ് ഇത്തരത്തില്‍ ഇതിന് മുമ്പ് യുഎസ് പ്രസിഡന്റായത്. 1885-1889, 1893-1897 കാലഘട്ടത്തിലാണ് ക്ലീവ്‌ലാന്‍ഡ് പ്രസിഡന്റായത്.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കമല ഹാരിസിനെയാണ് ട്രംപ് ദയനീയമായി പരാജയപ്പെടുത്തിയത്. പ്രവചനങ്ങള്‍ കാറ്റിപ്പറത്തിയായിരുന്നു ട്രംപിന്റെ വിജയം. 312 ഇലക്ടറല്‍ വോട്ടുകളാണ് ട്രംപ് നേടിയത്. കമല 226 ഇലക്ടറല്‍ വോട്ടുകള്‍ നേടി.