Donald Trump: ഗസ യുഎസിന്റെ കൈകളിലായാൽ പിന്നീട് പലസ്തീനികള്‍ക്ക് അവകാശമുണ്ടാകില്ല: ഡൊണാള്‍ഡ് ട്രംപ്
Donald Trump About Gaza: പലസ്തീനികള്‍ക്ക് പാര്‍പ്പിട സൗകര്യം ഒരുക്കുന്നതിനായി ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനുമായി ചര്‍ച്ച നടത്തും. വൈറ്റ് ഹൗസില്‍ വെച്ച് ഇന്ന് (ഫെബ്രുവരി 11) നടക്കുന്ന ചര്‍ച്ചയിലാണ് ഇക്കാര്യം സംസാരിക്കുക. പലസ്തീനികള്‍ക്കായി സ്ഥിരം താമസ കേന്ദ്രം ഒരുക്കുന്നതിനായാണ് താന്‍ സംസാരിക്കുകയെന്ന് ട്രംപ് പറഞ്ഞിരുന്നു.

വാഷിങ്ടണ്‍: ഗസ യുഎസ് ഏറ്റെടുക്കാന്‍ പിന്നീട് പലസ്തീനികള്‍ക്ക് അവകാശമുണ്ടാകില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അവശേഷിക്കുന്ന ഇരുപത് ലക്ഷം പലസ്തീനികള്‍ക്ക് അറബ് രാജ്യങ്ങളില്‍ മികച്ച പാര്‍പ്പിട സൗകര്യം ഒരുക്കുമെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ വിവാദ പ്രസ്താവന.
പലസ്തീനികള്‍ക്ക് പാര്‍പ്പിട സൗകര്യം ഒരുക്കുന്നതിനായി ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനുമായി ചര്‍ച്ച നടത്തും. വൈറ്റ് ഹൗസില്‍ വെച്ച് ഇന്ന് (ഫെബ്രുവരി 11) നടക്കുന്ന ചര്‍ച്ചയിലാണ് ഇക്കാര്യം സംസാരിക്കുക. പലസ്തീനികള്‍ക്കായി സ്ഥിരം താമസ കേന്ദ്രം ഒരുക്കുന്നതിനായാണ് താന്‍ സംസാരിക്കുകയെന്ന് ട്രംപ് പറഞ്ഞിരുന്നു.
ഗസ താന്‍ ഏറ്റെടുക്കും. അറബ് രാജ്യങ്ങളില്‍ താമസ സൗകര്യമൊരുക്കിയാല്‍ പലസ്തീനികള്‍ക്ക് പിന്നെ ഗസയിലേക്ക് തിരിച്ചുവരുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഗസ റിയല്‍ എസ്റ്റേറ്റ് സ്ഥലമാണ്. അവിടം സ്വന്തമാക്കിയതിന് ശേഷം മനോഹരമായി പുനര്‍ നിര്‍മിക്കുകയാണ് ലക്ഷ്യമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.




ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഗസ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യം ട്രംപ് ആദ്യമായി വ്യക്തമാക്കിയത്. പിന്നീട് വൈറ്റ് ഹൗസില്‍ വെച്ച് നെതന്യാഹുവുമായി നടത്തിയ ചര്‍ച്ചയിലും ട്രംപ് ഇക്കാര്യം പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
യുഎസ് ഏറ്റെടുക്കുന്നതോടെ ഗസയിലെ എല്ലാ ബോംബുകളും നിര്‍വീര്യമാക്കി നഗരത്തെ സാമ്പത്തികമായി ഉയര്‍ത്തും. ഗസയില്‍ പുതിയ ഭവനങ്ങള്‍ നിര്‍മിക്കാനും തൊഴിലുകള്‍ സൃഷ്ടിക്കാനും യുഎസ് തയാറാണ്. മധ്യപൂര്‍വേഷ്യയില്‍ കടല്‍തീരത്ത് സുഖവാസ കേന്ദ്രം നിര്‍മിക്കുമെന്നും ഇതൊന്നും വെറുതെ പറയുന്നതല്ലെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞിരുന്നു.
അതേസമയം, ഗസ ഏറ്റെടുക്കുകയാണെന്ന ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ ലോകമെമ്പാടുമുള്ള ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. പലസ്തീനിലെ ഭൂമി വില്‍പനയുള്ളതല്ല എന്നായിരുന്നു ഹമാസ് നല്‍കിയ മറുപടി. എന്നാല്‍, ട്രംപിന്റെ പ്രഖ്യാപനത്തെ ബെഞ്ചമിന്‍ നെതന്യാഹു പിന്തുണച്ചിരുന്നു.
അതേസമയം, ഗസയില്‍ ജനവാസ മേഖലയില്‍ നടത്തുന്ന സൈനിക നീക്കം ആഗോള നിയമപ്രകാരം തടഞ്ഞിട്ടുള്ളതാണെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഇതിനെല്ലാം ഇടയിലാണ് പലസ്തീനികള്‍ക്ക് ഗസയില്‍ അവകാശം നിഷേധിച്ചുകൊണ്ടുള്ള അടുത്ത പ്രസ്താവനയുമായി ട്രംപ് രംഗത്തെത്തിയത്.