Donald Trump: ‘ഇറാന്റെ ആണവകേന്ദ്രങ്ങൾ ഇസ്രായേൽ തകർക്കണം’; തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡൊണാൾഡ് ട്രംപ്
Donald Trump Speech on Iran Israel War: നോർത്ത് കരോലിനയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രസ്താവന.
വാഷിംഗ്ടൺ: ഇറാന്റെ ആണവകേന്ദ്രങ്ങൾ ഇസ്രായേൽ ബോംബിട്ട് തകർക്കണമെന്ന് ആവശ്യപ്പെട്ട് മുൻ അമേരിക്കൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്. ഇസ്രായേലിനു നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഇറാനെതിരെ കൂടുതൽ ഉപരോധം വേണമെന്നും ഇറാന്റെ ആണവകേന്ദ്രങ്ങൾ ഇസ്രായേൽ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം.
നോർത്ത് കരോലിനയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രസ്താവന. പ്രചാരണം നടക്കവേ ഇസ്രായേൽ-ഇറാൻ പ്രശ്നങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇതിന് ഉത്തരമായാണ് ട്രംപ് തന്റെ അഭിപ്രായം തുറന്നടിച്ചത്. ആദ്യം ഇറാന്റെ ആണവകേന്ദ്രങ്ങൾ ഇസ്രായേൽ ബോംബിട്ട് തകർക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
“ജോ ബൈഡനോട് ഇസ്രായേൽ-ഇറാൻ പ്രശ്നത്തെക്കുറിച്ച് ചോദിച്ചപ്പോൾ ആദ്യം ആണവകേന്ദ്രങ്ങൾ തകർക്കുകയാണ് വേണ്ടതെന്നും, അതേത്തുടർന്ന് വരുന്ന പ്രശനങ്ങൾ പിന്നീട് നോക്കാമെന്നുമായിരുന്നു അദ്ദേഹം ഉത്തരം നൽകേണ്ടിയിരുന്നത്. ഇസ്രായേൽ അങ്ങനെ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അവർ അത് ചെയ്തിരിക്കും. എന്നാൽ, അവരുടെ പദ്ധതികൾ എന്താണെന്ന് ആദ്യം അറിയേണ്ടിയിരിക്കുന്നു” ട്രംപ് പറഞ്ഞു.
അതേസമയം, ഇസ്രായേൽ-ഇറാൻ പ്രശ്നത്തെക്കുറിച്ച് ജോ ബൈഡൻ പറഞ്ഞത്, ഇസ്രായേലിന് പ്രതികരിക്കാൻ അവകാശമുണ്ട്, എന്നാൽ, അത് ആനുപാതികമായിരിക്കണമെന്നാണ്. ചൊവ്വാഴ്ച ഇസ്രയേലിനെതിരെ ഉണ്ടായ ആക്രമണങ്ങൾ സംബന്ധിച്ച് ഇറാനെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്നും, വിഷയത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും ബൈഡൻ പറഞ്ഞിരുന്നു.