Donald Trump: ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറുന്നു; നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ട് ട്രംപ്
Donald Trump Signed in Crucial Orders: മെക്സിക്കോ അതിര്‍ത്തിയിലെ അനധികൃത കുടിയേറ്റം തടയുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ട്രംപ് പറഞ്ഞു. യുഎസ് മെക്സിക്കോ അതിര്‍ത്തിയില്‍ അനധികൃതമായി എത്തുന്ന ആളുകളെ അവരുടെ സ്വന്തം നാട്ടിലേക്ക് തിരികെ അയക്കും. മാത്രമല്ല ക്രിമിനലുകളെയും അനധികൃത കുടിയേറ്റക്കാരെയും സംരക്ഷിക്കുകയാണ് ബൈഡന്‍ ഭരണകൂടം ചെയ്തതെന്നും ട്രംപ് കുറ്റപ്പെടുത്തി.
വാഷിങ്ടണ്‍: യുഎസിന്റെ നാല്‍പത്തിയേഴാമത് പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ നിര്‍ണായക ഉത്തരവുകളില്‍ ഒപ്പുവെച്ച് ഡൊണാള്‍ഡ് ട്രംപ്. ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറുന്നതായുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. കൊവിഡിനെയും മറ്റ് ആരോഗ്യ പ്രതിസന്ധികളെയും ആരോഗ്യ സംഘടന തെറ്റായി കൈകാര്യം ചെയ്തുവെന്ന് പറഞ്ഞാണ് ഈ നീക്കം.
മെക്സിക്കോ അതിര്‍ത്തിയിലെ അനധികൃത കുടിയേറ്റം തടയുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ട്രംപ് പറഞ്ഞു. യുഎസ് മെക്സിക്കോ അതിര്‍ത്തിയില്‍ അനധികൃതമായി എത്തുന്ന ആളുകളെ അവരുടെ സ്വന്തം നാട്ടിലേക്ക് തിരികെ അയക്കും. മാത്രമല്ല ക്രിമിനലുകളെയും അനധികൃത കുടിയേറ്റക്കാരെയും സംരക്ഷിക്കുകയാണ് ബൈഡന്‍ ഭരണകൂടം ചെയ്തതെന്നും ട്രംപ് കുറ്റപ്പെടുത്തി.
വിദേശ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിന് ബൈഡന്‍ ഭരണകൂടും പരിധിയില്ലാതെ സഹായങ്ങള്‍ നല്‍കി. എന്നാല്‍ അമേരിക്കന്‍ അതിര്‍ത്തി സംരക്ഷിക്കുന്നതിനായുള്ള ഒന്നും തന്നെ ചെയ്തില്ലെന്നും ട്രംപ് പറഞ്ഞു.
മാത്രമല്ല, അമേരിക്കയില്‍ സ്ത്രീ-പുരുഷന്‍ എന്നീ രണ്ട് വിഭാഗങ്ങള്‍ മാത്രമേ ഉണ്ടാകുകയുള്ളൂവെന്നും ട്രംപ് പറഞ്ഞു. രാജ്യത്ത് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗമുണ്ടാകില്ലെന്ന ഉത്തരവിലും ട്രംപ് ഒപ്പുവെച്ചു. ട്രാന്‍സ്ജെന്‍ഡറുകളെ അംഗീകരിച്ചുകൊണ്ട് മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും ട്രംപ് റദ്ദാക്കി.
പുതിയ വിദേശ വികസന സഹായങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. അവലോകനം ചെയ്ത് തീര്‍പ്പാക്കുന്നത് വരെ പുതിയ വിദേശ സഹായങ്ങളൊന്നും വിതരണം ചെയ്യില്ലെന്ന് പറഞ്ഞ അദ്ദേഹം 90 ദിവസത്തേക്കാണ് ഈ തീരുമാനമെന്നും കൂട്ടിച്ചേര്‍ത്തു.
യുഎസില്‍ ജനിച്ച ആര്‍ക്കും പൗരത്വം നല്‍കുന്ന ജന്മാവകാശ പൗരത്വം സംബന്ധിച്ച ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. ക്യാപിറ്റോള്‍ ആക്രമണത്തിന്റെ ഭാഗമായ ഏകദേശം 1,500 പേര്‍ക്ക് ട്രംപ് മാപ്പ് നല്‍കി. 2021ല്‍ നടന്ന ക്യാപിറ്റോള്‍ ഹില്‍ ആക്രമണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഉപേക്ഷിക്കാന്‍ ട്രംപ് നീതിന്യായ വകുപ്പിന് നിര്‍ദേശം നല്‍കി.
മെക്‌സിക്കന്‍ ഉള്‍ക്കടലിന്റെ പേര് അമേരിക്കന്‍ എന്നാക്കി മാറ്റുകയും പനാമ കനാലിനെ പനാമയില്‍ നിന്ന് തിരികെ ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കനാല്‍ നിയന്ത്രിക്കുന്നത് ചൈനയാണെന്നും ട്രംപ് ആവര്‍ത്തിച്ചു. അഭിപ്രായ സ്വാതന്ത്ര്യം തിരികെ കൊണ്ടുവരും. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും വര്‍ധിപ്പിക്കും. നീതിയുടെ അളവുകോല്‍ സന്തുലിതമാക്കുമെന്നും ട്രംപ് പറഞ്ഞു.
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍ബന്ധമാക്കാനുള്ള ഉത്തരവ് പിന്‍വലിക്കുമെന്നും ട്രംപ് പറയുന്നു. ദേശീയ സുരക്ഷ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി സേവനം അവസാനിപ്പിക്കാനൊരുങ്ങിയ ടിക് ടോക്ക് ആപ്പിന്റെ നിരോധനം ട്രംപ് കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. 75 ദിവസത്തേക്ക് കേസില്‍ നടപടിയെടുക്കരുതെന്ന് ട്രംപ് അറ്റോര്‍ണി ജനറലിനോട് പറഞ്ഞു.