Donald Trump: ഹൂതികള്‍ക്ക് നേരെ യുഎസ് വ്യോമാക്രമണം, വീഡിയോ പുറത്തുവിട്ട് ഡൊണാള്‍ഡ് ട്രംപ്
Donald Trump shares drone video: കഴിഞ്ഞ ആഴ്ചയിൽ മാത്രം യുഎസ് വ്യോമാക്രമണങ്ങളിൽ രാജ്യത്തുടനീളം കുറഞ്ഞത് 67 പേർ കൊല്ലപ്പെട്ടതായി ഹൂതികളുമായി ബന്ധപ്പെട്ട മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഹൊദൈദ, സാദ, സന, ഹജ്ജ എന്നിവയുൾപ്പെടെയുള്ള പ്രധാന പ്രദേശങ്ങളെ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങള്‍ നടന്നു

യെമനില്‍ ഹൂതികള്‍ക്ക് നേരെ യുഎസ് വ്യോമാക്രമണം നടത്തിയെന്ന് അവകാശപ്പെട്ട് വീഡിയോ പങ്കുവച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ട്രംപ് വീഡിയോ പുറത്തുവിട്ടത്. ഒരു റോഡിന് സമീപം ഒത്തുകൂടിയ ആളുകള്‍ക്ക് നേരെ ആക്രമണം നടത്തുന്ന ദൃശ്യങ്ങളാണ് ട്രംപ് പുറത്തുവിട്ടത്. ഡ്രോണില്‍ നിന്നോ, സൈനിക വിമാനത്തില്‍ നിന്നോ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇത്. ആക്രമണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ കൊടുക്കാനാണ് ഹൂതികള്‍ ഒത്തുകൂടിയതെന്ന് ട്രംപ് പറഞ്ഞു. ഹൂതികളെ ലക്ഷ്യമിട്ട് യെമനിൽ അടുത്തിടെ ശക്തമായ വ്യോമാക്രമണങ്ങളാണ് അമേരിക്ക നടത്തുന്നത്.
”ആക്രമണത്തെക്കുറിച്ചുള്ള നിർദ്ദേശങ്ങൾക്കായി ഈ ഹൂതികൾ ഒത്തുകൂടി. ഈ ഹൂതികളുടെ ആക്രമണം ഉണ്ടാകില്ല. അവർ ഇനി ഒരിക്കലും നമ്മുടെ കപ്പലുകൾ മുക്കില്ല”-വീഡിയോ പങ്കുവച്ച് ട്രംപ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ മാസത്തേതാണ് ഈ ദൃശ്യങ്ങളെന്ന് കരുതുന്നു.




ദൃശ്യങ്ങളുടെ കൃത്യമായ തീയതിയും സ്ഥലവും നൽകിയിട്ടില്ല. വീഡിയോയുടെ ആധികാരികത യുഎസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന് തയ്യാറെടുക്കുന്ന ഹൂത്തി തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ട്രംപ് പറയുന്നു. നേരത്തെ അമേരിക്കയുടെ ആളില്ലാ ചാര വിമാനം ഹൂതി വെടിവച്ചിട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
These Houthis gathered for instructions on an attack. Oops, there will be no attack by these Houthis!
They will never sink our ships again! pic.twitter.com/lEzfyDgWP5
— Donald J. Trump (@realDonaldTrump) April 4, 2025
കഴിഞ്ഞ ആഴ്ചയിൽ മാത്രം യുഎസ് വ്യോമാക്രമണങ്ങളിൽ രാജ്യത്തുടനീളം കുറഞ്ഞത് 67 പേർ കൊല്ലപ്പെട്ടതായി ഹൂതികളുമായി ബന്ധപ്പെട്ട മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഹൊദൈദ, സാദ, സന, ഹജ്ജ എന്നിവയുൾപ്പെടെയുള്ള പ്രധാന പ്രദേശങ്ങളെ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങള്‍ നടന്നു. മുതിർന്ന ഹൂതി നേതാക്കൾ കൊല്ലപ്പെട്ടിട്ടുണ്ടോ എന്ന് യുഎസ് സൈന്യം സ്ഥിരീകരിച്ചിട്ടില്ല. ഈ ആക്രമണങ്ങളുടെ ഫലമായി ഇറാൻ ദുർബലപ്പെട്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.
2023 നവംബർ മുതൽ ഈ വർഷം ജനുവരി വരെ ഹൂത്തി വിമതർ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് 100-ലധികം വ്യാപാര കപ്പലുകളാണ് ആക്രമിച്ചത്. ഗാസ മുനമ്പിൽ ഹമാസിനെതിരായ ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണങ്ങൾ നടത്തുന്നതെന്നാണ് ഇറാന്‍ പിന്തുണയുള്ള ഹൂതികളുടെ വാദം. മാർച്ച് 15നാണ് യുഎസ് ഹൂതികള്‍ക്കെതിരെയുള്ള വ്യോമാക്രമണം ശക്തമാക്കിയത്.