Donald Trump: അത് ഭയാനകം, ചെയ്തത് തെറ്റ്; യുക്രൈനിലെ സുമിയില്‍ നടന്ന റഷ്യന്‍ ആക്രമണത്തെക്കുറിച്ച് ട്രംപ്
Donald Trump reacts to Russia's Sumy strike: യുദ്ധം അവസാനിപ്പിക്കാനുള്ള ഇടപെടലുകളുടെ ഭാഗമായി ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് വ്‌ളാദിമിര്‍ പുടിനെ കാണാന്‍ മോസ്‌കോയിലേക്ക് പുറപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് സുമിയില്‍ ആക്രമണം ഉണ്ടായത്. റഷ്യന്‍ ആക്രമണം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ മനസിലാക്കാന്‍ യുക്രൈന്‍ സന്ദര്‍ശിക്കണമെന്ന് സെലെന്‍സ്‌കി ട്രംപിനോട് അഭ്യര്‍ത്ഥിച്ചിരുന്നു

വാഷിംഗ്ടൺ: യുക്രൈനിലെ സുമി നഗരത്തില്‍ റഷ്യ നടത്തിയ ആക്രമണത്തെ അപലപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സുമിയിലെ റഷ്യന്‍ ആക്രമണം ‘ഭയാനകമായ കാര്യ’മാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഇത് പേടിപ്പെടുത്തുന്നതാണെന്ന് കരുതുന്നു. അവര്‍ ഒരു തെറ്റ് ചെയ്‌തെന്ന് തന്നോട് പറഞ്ഞു. മുഴുവന്‍ യുദ്ധവും ഭയാനകമാണെന്നാണ് താന്‍ കരുതുന്നതെന്നും വാഷിംഗ്ടണിലേക്ക് എയർഫോഴ്‌സ് വണ്ണിൽ മടങ്ങുന്നതിന് മുമ്പ് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘തെറ്റ്’ എന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് ട്രംപിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. അവര്‍ ചെയ്തത് തെറ്റാണെന്നും, അതിനെക്കുറിച്ച് അവരോട് ചോദിക്കണമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ആരെക്കുറിച്ചാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കാതെയായിരുന്നു ട്രംപിന്റെ ഈ മറുപടി.
സുമിയില്‍ നടന്ന റഷ്യന്‍ ആക്രമണത്തില്‍ കുറഞ്ഞത് 34 പേരെങ്കിലും മരിച്ചെന്നാണ് റിപ്പോര്‍ട്ട്. യുദ്ധം തടയാന്‍ ട്രംപ് നടത്തുന്ന ശ്രമങ്ങള്‍ നിര്‍ണായക സമയത്താണെന്ന് വ്യക്തമാക്കുന്നതാണ് റഷ്യയുടെ ആക്രമണമെന്ന് യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ (എൻഎസ്‌സി) അഭിപ്രായപ്പെട്ടിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദികള്‍ റഷ്യയാണെന്ന് ട്രംപോ, വൈറ്റ് ഹൗസോ നിലപാടെടുത്തിട്ടില്ല. എന്നാല്‍ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നേരത്തെ ‘സുമിയില്‍ നടന്ന ഭീകരമായ റഷ്യന്‍ ആക്രമണത്തിന്റെ ഇരകള്‍ക്ക്’ അനുശോചനം അറിയിക്കുന്നുവെന്ന് പറഞ്ഞിരുന്നു.




യുദ്ധം അവസാനിപ്പിക്കാനുള്ള ഇടപെടലുകളുടെ ഭാഗമായി ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ കാണാന്‍ മോസ്‌കോയിലേക്ക് പുറപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് സുമിയില്‍ ആക്രമണം ഉണ്ടായത്.
റഷ്യന്‍ ആക്രമണം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ നന്നായി മനസിലാക്കാന്‍ യുക്രൈന്‍ സന്ദര്‍ശിക്കണമെന്ന് പ്രസിഡന്റ് സെലെന്‍സ്‌കി ട്രംപിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. യുഎസ് നെറ്റ്‌വർക്ക് സിബിഎസിൽ സംപ്രേഷണം ചെയ്ത അഭിമുഖത്തിലായിരുന്നു സെലെന്‍സ്‌കിയുടെ അഭ്യര്‍ത്ഥന. ഏതെങ്കിലും തരത്തിലുള്ള തീരുമാനങ്ങള്‍ക്കും, ചര്‍ച്ചകള്‍ക്കും മുമ്പായി മരണപ്പെട്ടവരും, പരിക്കേറ്റവരുമായ സാധാരണക്കാരെയും, സൈനികരെയും, നശിപ്പിക്കപ്പെട്ട ആശുപത്രികളും, പള്ളികളും കാണാന്‍ ദയവായി വരൂവെന്നാണ് സെലെന്‍സ്‌കി പറഞ്ഞത്.