Donald Trump: കുഴികള്‍ മോദി കാണരുതെന്ന് ആഗ്രഹിച്ചു; വാഷിംഗ്ടണ്‍ വൃത്തിയാക്കാന്‍ ട്രംപ് ഉത്തരവിട്ടതിന് പിന്നില്‍
Donald Trump on cleaning up Washington DC: നരേന്ദ്ര മോദി, ഫ്രാന്‍സ് പ്രസിഡന്റ്, യുകെ പ്രധാനമന്ത്രി തുടങ്ങിയവര്‍ കാണാന്‍ വന്നിരുന്നു. ടെന്റുകളും, ചുവരെഴുത്തുകളും, റോഡിലെ കുഴികളും അവര്‍ കാണണമെന്ന് ആഗ്രഹമില്ലായിരുന്നു. അത് മനോഹരമാക്കാന്‍ സാധിച്ചെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടൺ ഡിസിയിലെ ഫെഡറൽ കെട്ടിടങ്ങൾക്ക് സമീപമുള്ള ടെന്റുകളും, ചുവരെഴുത്തുകളും, കുഴികളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് ലോക നേതാക്കളും കാണാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് തലസ്ഥാനമായ വാഷിംഗ്ടണ്‍ വൃത്തിയാക്കാന്‍ ഉത്തരവിട്ടതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ട്രംപ്. തലസ്ഥാനം വൃത്തിയാക്കുന്നതിന് നന്നായി ഇടപെട്ട വാഷിംഗ്ടൺ ഡിസി മേയർ മുറിയൽ ബൗസറിനെ ട്രംപ് പ്രശംസിച്ചു.
“നമ്മുടെ നഗരം വൃത്തിയാക്കുകയാണ്. ഈ മഹത്തായ തലസ്ഥാനം ഞങ്ങൾ വൃത്തിയാക്കുകയാണ്. കുറ്റകൃത്യങ്ങൾ ഉണ്ടാകില്ല. കുറ്റകൃത്യങ്ങൾക്ക് വേണ്ടി ഞങ്ങൾ നിലകൊള്ളില്ല. ചുവരെഴുത്തുകൾ ഞങ്ങൾ നീക്കം ചെയ്യും. ഇതിനകം തന്നെ ടെന്റുകൾ പൊളിച്ചുമാറ്റുകയാണ്”-ഡൊണാൾഡ് ട്രംപ് പറഞ്ഞു.




സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന് എതിർവശത്ത് ധാരാളം ടെന്റുകൾ ഉണ്ടായിരുന്നു. അവ ഉടൻ തന്നെ പൊളിച്ചുമാറ്റി. ഇതുവരെ നല്ല രീതിയില്‍ പോകുന്നു. ലോകം മുഴുവൻ ചർച്ച ചെയ്യുന്ന ഒരു തലസ്ഥാനം വേണം. അടുത്തിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രാന്‍സ് പ്രസിഡന്റ്, യുകെ പ്രധാനമന്ത്രി തുടങ്ങിയവര്‍ കാണാന്‍ വന്നിരുന്നു. ടെന്റുകളും, ചുവരെഴുത്തുകളും, റോഡിലെ കുഴികളും അവര്‍ കാണണമെന്ന് ആഗ്രഹമില്ലായിരുന്നു. അത് മനോഹരമാക്കാന്‍ സാധിച്ചെന്നും ട്രംപ് പറഞ്ഞു.
#WATCH | US President Donald Trump says, " …We are cleaning up our city, this great capital, we are not going to have crime, we are going to take graffiti down, we have already taken tents down, we are working with administration…PM Modi of India, French President, UK PM,… pic.twitter.com/hlA5DiXyDB
— ANI (@ANI) March 14, 2025
നഗരത്തെ കുറ്റകൃത്യങ്ങളില്ലാത്ത തലസ്ഥാനമാക്കി മാറ്റുമെന്നും ട്രംപ് പ്രതിജ്ഞയെടുത്തു. കവർച്ച, വെടിവയ്പ്പ്, ആക്രമണം എന്നിവയുടെ ഭീഷണി ഇനി സന്ദർശകർക്ക് നേരിടേണ്ടിവരില്ല. തലസ്ഥാനം ഉടൻ തന്നെ മുമ്പത്തേക്കാൾ വൃത്തിയുള്ളതും സുരക്ഷിതവും മികച്ചതുമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ നഗരത്തിന് വേണ്ടി അത് ചെയ്യും. കുറ്റകൃത്യങ്ങളില്ലാത്ത ഒരു തലസ്ഥാനമാണ് വേണ്ടത്. ആളുകൾ ഇവിടെ വരുമ്പോൾ, അവരെ കൊള്ളയടിക്കുകയോ വെടിവയ്ക്കുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്യില്ല. അവർക്ക് കുറ്റകൃത്യങ്ങളില്ലാത്ത ഒരു തലസ്ഥാനം ലഭിക്കും. അത് മുമ്പത്തേക്കാൾ വൃത്തിയുള്ളതും മികച്ചതും സുരക്ഷിതവുമാകും. അതിനായി കൂടുതല്‍ സമയമെടുക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൊണാൾഡ് ട്രംപുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി ഫെബ്രുവരി 13ന് വൈറ്റ് ഹൗസ് സന്ദർശിച്ചിരുന്നു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ട്രംപ് ആതിഥേയത്വം വഹിച്ച നാലാമത്തെ വിദേശ നേതാവായിരുന്നു മോദി.