Donald Trump Changes Office Desk: മസ്കിന്റെ മകൻ മൂക്ക് തുടച്ചു; 145 വർഷം പഴക്കമുള്ള യുഎസ് പ്രസിഡന്റിന്റെ മേശമേറ്റി ട്രംപ്
Donald Trump Replaces 145 Year Old Office Desk: ഇലോൺ മസ്കിന്റെ ഇളയ മകനായ എക്സ് ആഷ് എ-12 മസ്കിനൊപ്പം വൈറ്റ് ഹൗസ് സന്ദർശിച്ചപ്പോൾ ട്രംപിനൊപ്പം ഇരിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റുമാർ കഴിഞ്ഞ 146 വർഷമായി ഉപയോഗിച്ചിരുന്ന മേശ (റെസല്യൂട്ട് ഡെസ്ക്) മാറ്റി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചെറിയ അറ്റകുറ്റപ്പണികൾക്ക് വേണ്ടി താത്കാലികമായി മേശ മാറ്റിയെന്നതാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, ടെസ്ലയുടെ മേധാവിയും വൈറ്റ് ഹൗസ് ഉപദേശകനുമായ ഇലോൺ മസ്കിന്റെ മകൻ മേശയിൽ മൂക്ക് തുടയ്ക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈ മാറ്റമെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇലോൺ മസ്കിന്റെ ഇളയ മകനായ എക്സ് ആഷ് എ-12 (X Æ A-12) മസ്കിനൊപ്പം വൈറ്റ് ഹൗസ് സന്ദർശിച്ചപ്പോൾ ട്രംപിനൊപ്പം ഇരിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ട്രംപ് കസേരയിൽ ഇരിക്കുന്ന സമയത്ത് മസ്കിന്റെ മകൻ മേശയ്ക്ക് അരികിൽ നിൽപ്പുണ്ട്. അതിനിടെ കുട്ടി മൂക്കിൽ വിരൽ വയ്ക്കുന്നതും ശേഷം മേശയിൽ തുടയ്ക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാം. ഇതിന് പിന്നാലെയാണ് ട്രംപ് മേശ മാറ്റിയത് എന്നാണ് നിരീക്ഷണം.
ALSO READ: സത്യപ്രതിജ്ഞ ഭഗവത് ഗീത കയ്യിൽ വച്ച്; എഫ്ബിഐ ഡയറക്ടറായി കാഷ് പട്ടേൽ ചുമതലയേറ്റു
ട്രംപ് ജെർമോഫോബിയ ഉള്ള വ്യക്തിയാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. അതായത് രോഗാണുക്കൾ നിറഞ്ഞിരിക്കുന്നതിനെ കുറിച്ച് അമിതമായി ഭയമുള്ള ആൾ. ഇങ്ങനെയുള്ളവർ അണുക്കളെ കുറിച്ചും ശുചിത്വത്തെ കുറിച്ചും വളരെ ഉത്കണ്ഠ ഉള്ളവർ ആയിരിക്കും. ഇതിനാലാണ് കുട്ടി മൂക്ക് തുടച്ച മേശ ട്രംപ് മാറ്റിയതെന്നും ചില റിപ്പോർട്ടുകളിൽ പറയുന്നു.
അതേസമയം, 1880ൽ യുഎസ് പ്രസിഡന്റ് ആയിരുന്ന ബി ഹെയ്‌സിന് വിക്ടോറിയ രാജ്ഞി സമ്മാനിച്ചതാണ് ഈ റെസല്യൂട്ട് ഡെസ്ക്. ഓക്ക് തടികൾ കൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്. 1960 മുതൽ ജോൺ എഫ് കെന്നഡി, ജിമ്മി കാർട്ടർ, ബിൽ ക്ലിന്റൺ, ബറാക് ഒബാമ, ജോ ബൈഡൻ എന്നിവരടക്കമുള്ള യുഎസ് പ്രസിഡന്റുമാരെല്ലാം ഈ മേശയാണ് ഉപയോഗിച്ചിരുന്നത്. എച്ച്എംഎസ് റെസല്യൂട്ട് എന്ന കപ്പലിന്റെ മരത്തടി കൊണ്ട് നിർമിച്ചതിനാലാണ് ഈ മേശയ്ക്ക് റെസല്യൂട്ട് ഡെസ്ക് എന്ന പേര് വന്നത്.