Dinga Dinga: ഭീതി പടർത്തി ‘ഡിംഗ ഡിംഗ’; ഉഗാണ്ടയിൽ ബാധിച്ചത് മുന്നൂറോളം പേരെ, അറിയാം ലക്ഷണങ്ങൾ
Dinga Dinga Virus Outbreak: നിലവിൽ ആന്റിബയോട്ടിക് നൽകിയുള്ള ചികിത്സയാണ് രോഗബാധിതർക്ക് നൽകിവരുന്നതെന്നും ഇതുവരെ മരണമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആരോഗ്യ വിദഗ്ധർ പറഞ്ഞു. ഉഗാണ്ടയിലെ ആരോഗ്യവിഭാഗം സാമ്പിളുകൾ പരിശോധിച്ച് രോഗകാരണം കണ്ടെത്തുന്നതിനുള്ള പരിശ്രമത്തിലാണ്.
കംപാല: ഉഗാണ്ടയിൽ ഭീതിപടർത്തി ഡിംഗ ഡിംഗ വൈറസ് ബാധ. ബുണ്ടിബുഗിയോയിലാണ് ഈ അജ്ഞാത വൈറസ് പടരുന്നുപിടിക്കുന്നത്. ഈ രോഗം ഇതുവരെ മുന്നൂറോളം പേരെ ബാധിച്ചതായാണ് റിപ്പോർട്ട്. പ്രധാനമായും സ്ത്രീകളെയും പെൺകുട്ടികളെയുമാണ് ഈ രോഗം ബാധിക്കുന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കടുത്ത പനിയും ശരീരം വിറയ്ക്കുന്നതുമാണ് രോഗത്തിൻ്റെ ലക്ഷണം. ചില സന്ദർഭങ്ങളിൽ പക്ഷാഘാതവും ഇതിൻ്റെ ലക്ഷണമായി കണ്ടുവരുന്നുണ്ട്.
നിലവിൽ ആന്റിബയോട്ടിക് നൽകിയുള്ള ചികിത്സയാണ് രോഗബാധിതർക്ക് നൽകിവരുന്നതെന്നും ഇതുവരെ മരണമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആരോഗ്യ വിദഗ്ധർ പറഞ്ഞു. ചികിത്സ തുടങ്ങി ഒരാഴ്ചയ്ക്കകം തന്നെ രാേഗികൾ സുഖം പ്രാപിച്ച് വരുന്നുണ്ട്. അശാസ്ത്രീയ ചികിത്സാ രീതിക്ക് പുറകേ പോവരുതെന്നും അധികൃതർ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോഗ്യവിഭാഗത്തിൽ നിന്നുതന്നെ ശാസ്ത്രീയ ചികിത്സ തേടണമെന്നാണ് നിർദ്ദേശം.
ബുണ്ടിബുഗിയോയ്ക്ക് പുറത്ത് ഇതുവരെ ഡിംഗ ഡിംഗ രാേഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നിലവിൽ ഉഗാണ്ടയിലെ ആരോഗ്യവിഭാഗം സാമ്പിളുകൾ പരിശോധിച്ച് രോഗകാരണം കണ്ടെത്തുന്നതിനുള്ള പരിശ്രമത്തിലാണ്. 2023-ന്റെ തുടക്കത്തിലാണ് രോഗം ആദ്യമായി രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അന്നുമുതൽ ഡിംഗ ഡിംഗയുടെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ് അധികൃതർ. രോഗികളുടെ സാമ്പിളുകൾ വിശദമായ പരിശോധനയ്ക്കായി ഉഗാണ്ടൻ ആരോഗ്യ മന്ത്രാലയത്തിലേക്ക് അയച്ചിട്ടുണ്ട്.
ALSO READ: സംസ്ഥാനത്ത് ഒരാൾക്കുകൂടി എംപോക്‌സ്; കരുതൽ വേണമെന്ന് ആരോഗ്യമന്ത്രി
അതേസമയം, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (ഡിആർസി) യിൽ രോഗം നിയന്ത്രണാതീതമായി പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, ഏകദേശം 400 വ്യക്തികളെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 394 കേസുകളും 30 മരണങ്ങളും പാൻസി ഹെൽത്ത് സോണിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഡിംഗ ഡിംഗയുടെ ലക്ഷണങ്ങൾ
പനി, തലവേദന, ചുമ, മൂക്കൊലിപ്പ്, ശരീരവേദന എന്നിവയാണ് ഡിംഗ ഡിംഗയുടെ ലക്ഷണങ്ങൾ. ഇൻഫ്ലുവൻസ, കൊവിഡ്-19, മലേറിയ, അല്ലെങ്കിൽ അഞ്ചാംപനി തുടങ്ങിയ ശ്വാസകോശ രോഗകാരികളാണോ കാരണമെന്ന് നിർണ്ണയിക്കുന്നതിനായി പരിശോധനകൾ നടന്നുവരികയാണ്. ദിവസത്തിൽ പല തവണ ശരീരം വിറയ്ക്കുന്ന അവസ്ഥയും രോഗത്തിൻ്റെ ലക്ഷണങ്ങളിൽ ഒന്നാണ്. അനിയന്ത്രിതമായി വിറയ്ക്കുന്നതിനാൽ, രോഗം ബാധിച്ചവർക്ക് അവരെ സ്വയം നിയന്ത്രിക്കാൻ തടസ്സം നേരിടുന്നതായും റിപ്പോർട്ടുണ്ട്.
ചിലരിൽ ശ്വാസതടസ്സം, ചുമ, തിണർപ്പ് , നിറവ്യത്യാസം, നെഞ്ചിലെ അസ്വസ്ഥത, തലകറക്കം, ബോധക്ഷയം തുടങ്ങിയവയും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. നിലവിൽ ഈ രോഗം ഭേദപ്പെടുത്താൻ മരുന്നുകൾ ഒന്നും കണ്ടെത്തിയിട്ടില്ല.