ബാലിയിലേക്കാണോ ട്രിപ്പ്? നിർബന്ധമായും ഇത് കൂടി അറിഞ്ഞിരിക്കണം..
ഇതുവരെ ബാലിയിൽ 4,177 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ച് മരണങ്ങളും ഡെങ്കിപ്പനിയെ തുടർന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ദ്വീപിൽ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ വിദേശ വിനോദ സഞ്ചാരികൾ പ്രതിരോധ കുത്തിവെപ്പെടുക്കണമെന്ന അഭ്യർത്ഥിച്ച് ബാലി ഭരണകൂടം. ബാലിയിൽ ഡങ്കി പ്രതിരോധ കുത്തിവെപ്പ് നിർബന്ധമാക്കിയിട്ടില്ല. എന്നാൽ എല്ലാ വിദേശ സഞ്ചാരികളും ഡെങ്കിപ്പനിയ്ക്കെതിരായ പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്ന് ബാലി ആരോഗ്യ വകുപ്പ് പ്രതിനിധി വ്യക്തമാക്കി.
ഇതുവരെ ബാലിയിൽ 4,177 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ച് മരണങ്ങളും ഡെങ്കിപ്പനിയെ തുടർന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗബാധ പൂർണമായി നിയന്ത്രിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് വാക്‌സിനേഷൻ നടപടികൾ വ്യാപകമാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ബാലിയിലെ പ്രദേശവാസികൾക്ക് സർക്കാർ വാക്‌സിനുകൾ നൽകിവരുന്നുണ്ട്. എന്നാൽ ബാലിയിലെത്തുന്ന ആയിരണക്കണക്കിന് വിനോദസഞ്ചാരികൾ കൂടെ വാക്‌സിനേഷൻ എടുത്താലെ ഡെങ്കി ഭീഷണി ഇല്ലാതാവു എന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഈ വർഷം ആദ്യം മുതലാണ് ഇൻഡൊനേഷ്യയിൽ ഡെങ്കി കേസുകൾ കുത്തനെ ഉയർന്നത്. ബാലിയിലും നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും വിദേശികൾക്ക് ബാധിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ ബാലി ഭരണകൂടത്തിന് കൃത്യമായ വിവരമില്ല.
ഈഡിസ് ജനുസിലെ, ഈജിപ്തി, അൽബോപിക്ട്‌സ് എന്നീ ഇനം പെൺ കൊതുകുകൾ പരത്തുന്ന ഡെങ്കി വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനി ബാധിച്ച രോഗിയിൽനിന്നും ഈഡിസ് ഇനത്തിൽപ്പെട്ട പെൺകൊതുകുകൾ രക്തം കുടിക്കുന്നതോടെ രോഗാണുക്കളായ വൈറസുകൾ കൊതുകിനുള്ളിൽ കടക്കുന്നു. 8-10 ദിവസങ്ങൾക്കുള്ളിൽ വൈറസുകൾ കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിൽ പ്രവേശിക്കുന്നു. ഈ കൊതുകുകൾ ആരോഗ്യമുള്ള ഒരാളിന്റെ രക്തം കുടിക്കുന്നതോടൊപ്പം രോഗാണുക്കളെ മുറിവിലൂടെ ശരീരത്തിനുള്ളിൽ പ്രവേശിപ്പിക്കുകയും രോഗാണുക്കൾ മനുഷ്യശരീരത്തിൽ എത്തി 3-14 ദിവസം കഴിയുമ്പോൾ (ശരാശരി 3-4 ദിവസം)പനി മുതലായ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുകയും ചെയ്യുന്നു.
രോഗ ലക്ഷണങ്ങൾ
പെട്ടെന്നുള്ള കഠിനമായ പനി, അസഹ്യമായ തലവേദന, നേത്രഗോളങ്ങളുടെ പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനംപുരട്ടലും ഛർദിയും എന്നിവ സാധാരണ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്. എല്ലു നുറുങ്ങുന്ന വേദന അനുഭവപ്പെടുന്നതുകൊണ്ട് ഈ രോഗം ബ്രേക്ക് ബോൺ ഫീവർ എന്ന പേരിലും അറിയപ്പെടാറുണ്ട്. മൂന്നുനാല് ദിവസത്തെ ശക്തമായ പനിക്കുശേഷം ഏതാനും നാൾ രോഗലക്ഷണങ്ങൾ ഒന്നുംതന്നെ ഇല്ലാതിരിക്കുകയും വീണ്ടും പനി പ്രത്യക്ഷപ്പെടുകയും ചെയ്യുക ഈ രോഗത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഇക്കാരണത്താൽ ഈ രോഗത്തിനു സാഡിൽ ബാഗ് സിൻഡ്രോം എന്നും പേരുണ്ട്.
ഡെങ്കിപ്പനിക്ക് ഫലപ്രദമായ വാക്സിൻ നിലവിലില്ല. രോഗലക്ഷണങ്ങൾ മനസ്സിലാക്കി ചികിത്സ നൽകുകയാണ് പതിവ്. ശരീരത്തിലെ ദ്രാവകനഷ്ടം നികത്തൽ, രക്തമോ പ്ളേറ്റ്ലറ്റോ നൽകൽ എന്നിവ രോഗതീവ്രത കുറയ്ക്കുന്നതിനും മരണം സംഭവിക്കുന്നത് തടയുവാനുമായി സ്വീകരിച്ചുവരുന്ന മാർഗങ്ങളാണ്. പപ്പായയുടെ (കുരുന്ന്) ഇല അരച്ചു അതിന്റെ നീരു ഡെങ്കിപ്പനിക്ക് മരുന്നായി ഉപയോഗിച്ചു വരുന്നു. ഈ ചികിത്സ ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. പപ്പായയുടെ കായ്ക്കകത്തെ കുരുക്കളും ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്നതായി കോസ്റ്റാറിക്കയിൽ നിന്നും റിപ്പോർട്ടുകളുണ്ട്.