5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

യുഎഇയിൽ മഴ മരണം അഞ്ച് ആയി; ദുബായിൽ 9 നില കെട്ടിടം ചെരിഞ്ഞു

ടാങ്കർ ലോറി മലവെള്ളത്തിൽ തടാകത്തിലേക്ക് ഒഴുകിപ്പോയി പാക്കിസ്ഥാൻ പൗരൻ മരിച്ചതാണ് ഒടുവിൽ സ്ഥിരീകരിച്ച മഴക്കെടുതി മരണം.

യുഎഇയിൽ മഴ മരണം അഞ്ച് ആയി; ദുബായിൽ 9 നില കെട്ടിടം ചെരിഞ്ഞു
Death toll rises to 5 due to rain in UAE
neethu-vijayan
Neethu Vijayan | Published: 21 Apr 2024 09:36 AM

ഷാർജ: യുഎഇയിൽ മഴയെ തുടർന്ന് മരച്ചവരുടെ എണ്ണം അഞ്ചായി. ഭൂഗർഭനിലയിൽ വെള്ളം കയറിയ 9 നില അപ്പാർട്മെന്റ് ഒരു വശത്തേക്ക് ചെരിഞ്ഞു. മലയാളികളടക്കമുള്ള താമസക്കാരെ അപ്പാർട്മെന്റിൽ നിന്നും ഒഴിപ്പിച്ചു. ടാങ്കർ ലോറി മലവെള്ളത്തിൽ തടാകത്തിലേക്ക് ഒഴുകിപ്പോയി പാക്കിസ്ഥാൻ പൗരൻ മരിച്ചതാണ് ഒടുവിൽ സ്ഥിരീകരിച്ച മഴക്കെടുതി മരണം.

അതിനിടെ, വെള്ളക്കെട്ടിൽ കുടുങ്ങിയ കാറിനുള്ളിൽ 2 ഫിലിപ്പീൻസ് വനിതകൾ മരിച്ചത് കാർബൺ മോണോക്സൈഡ് ശ്വസിച്ചാണെന്നു പൊലീസ് അറിയിച്ചു. ദുബായ്–ഷാർജ അൽഇത്തിഹാദ് റോഡിൽ കാർ നിന്നുപോകുകയായിരുന്നു. യാത്രക്കാരായ 2 പുരുഷന്മാർ സഹായം തേടി പുറത്തിറങ്ങി. ഇതിനിടെ, വനിതാ യാത്രികർ കാറിന്റെ എൻജിനും എസിയും പ്രവർത്തിപ്പിച്ചതോടെ വിഷവാതകം രൂപപ്പെട്ട് അടഞ്ഞ കാറിനുള്ളിൽ വ്യാപിച്ചു. അബോധാവസ്ഥയിലായ ഇവരെ ആശുപത്രിയിലെത്തിക്കാനായി വെള്ളക്കെട്ടിലൂടെ ആംബുലൻസ് എത്തിയപ്പോൾ വൈകി. 30, 46 വയസ്സുള്ള വനിതകളുടെ മരണത്തിൽ പൊലീസ് ഖേദമറിയിച്ചു. യുഎഇ പൗരനാണു മഴയിൽ മരിച്ച മറ്റൊരാൾ.

വെള്ളക്കെട്ട് രൂക്ഷമായ ഷാർജയിലെ അൽഖാസിമിയ, അൽമജാസ്, അബൂഷഗാറ എന്നിവിടങ്ങളിൽ ഇന്നലെയും വള്ളത്തിൽ എത്തിയാണ് ഭക്ഷണവും ശുദ്ധജലവും മരുന്നും വിതരണം ചെയ്തത്. സന്നദ്ധ പ്രവർത്തനങ്ങളിൽ വനിതകളടക്കമുള്ള മലയാളികൾ സജീവമാണ്. കൂടുതൽ ടാങ്കറുകൾ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തു നീക്കുകയാണിപ്പോൾ. ചെളി നീക്കുന്ന ശ്രമകരമായ ജോലിയും പുരോഗമിക്കുന്നു. കേടായ വീടുകളുടെ അറ്റകുറ്റപ്പണി സൗജന്യമായി നടത്തുമെന്ന് ദുബായ് ലാൻഡ് ഡിപ്പാർട്മെന്റും ചില സ്വകാര്യ കെട്ടിട നിർമാതാക്കളും അറിയിച്ചു. ദുബായിൽ ഇന്റർസിറ്റി ബസ് ഭാഗികമായി സർവീസ് ആരംഭിച്ചു.

അതേസമയം തുടർച്ചയായി നാലാം ദിവസവും എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ–ദുബായ് സർവീസ് റദ്ദാക്കി. ഇന്നലെ ഉച്ചയ്ക്ക് 2.35ന് കണ്ണൂരിൽ നിന്നും രാത്രി 11.35ന് ദുബായിൽ നിന്നുമുള്ള വിമാനങ്ങൾ പറന്നില്ല. 4 ദിവസത്തിൽ 1700 പേരുടെ യാത്ര മുടങ്ങി. കൊച്ചിയിൽ നിന്ന് ദുബായിലേക്കും തിരിച്ചുമുള്ള എയർഇന്ത്യ എക്സ്പ്രസിന്റെയും സ്പൈസ് ജെറ്റിന്റെയും സർവീസുകൾ ഇന്നലെയും റദ്ദാക്കി.