Dalai Lama: തന്റെ പിന്‍ഗാമി ചൈനയ്ക്ക് പുറത്ത് ജനിക്കുമെന്ന് ദലൈലാമ; ബീജിങ് കലിപ്പില്‍
Dalai Lama about his Successor: പിന്‍ഗാമി ചൈനീസ് ഭരണത്തിൻ കീഴിലല്ല, മറിച്ച് 'സ്വതന്ത്ര ലോകത്താണ്' ജനിക്കുകയെന്ന് ദലൈലാമ വ്യക്തമായി പറയുന്നത് ഇതാദ്യമായാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ദലൈലാമയുടെ പ്രസ്താവനയെ ചൈന എതിര്‍ത്തു. അദ്ദേഹത്തിന്റെ പിന്‍ഗാമിയെ നിര്‍ണയിക്കാനുള്ള അധികാരം തങ്ങള്‍ക്ക് മാത്രമാണെന്നാണ് ചൈനയുടെ വാദം

തന്റെ പിൻഗാമി ചൈനയ്ക്ക് പുറത്തായിരിക്കും ജനിക്കുക എന്ന ദലൈലാമയുടെ പരാമര്‍ശത്തിനെതിരെ ചൈന രംഗത്ത്. തന്റെ പുതിയ പുസ്തകമായ ‘വോയ്‌സ് ഫോർ ദി വോയ്‌സ്‌ലെസി’ലാണ് തന്റെ പിൻഗാമി ചൈനയ്ക്ക് പുറത്തായിരിക്കും ജനിക്കുക എന്ന് ദലൈലാമ അഭിപ്രായപ്പെട്ടത്. ടിബറ്റിന്റെ ആത്മീയ നേതൃത്വത്തിന്മേലുള്ള തങ്ങളുടെ അധികാരത്തിന് നേരെയുള്ള വെല്ലുവിളിയായാണ് ദലൈലാമയുടെ പരാമര്‍ശത്തെ ചൈന കാണുന്നത്. ചൊവ്വാഴ്ചയാണ് ‘വോയ്‌സ് ഫോർ ദി വോയ്‌സ്‌ലെസ്’ പുറത്തിറങ്ങിയത്. ചൈനീസ് നേതാക്കളുമായുള്ള ദലൈലാമയുടെ ഇടപെടലുകളെക്കുറിച്ചും, തന്റെ മരണശേഷം ടിബറ്റിന്റെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടിനെക്കുറിച്ചും പുസ്തകം പ്രതിപാദിക്കുന്നു.
“ഒരു പുനർജന്മത്തിന്റെ ഉദ്ദേശ്യം മുൻഗാമിയുടെ പ്രവർത്തനങ്ങൾ തുടരുക എന്നതാണ്. പുതിയ ദലൈലാമ സ്വതന്ത്ര ലോകത്ത് ജനിക്കും. സാർവത്രിക കാരുണ്യത്തിന്റെ ശബ്ദമാകുക, ടിബറ്റൻ ബുദ്ധമതത്തിന്റെ ആത്മീയ നേതാവാകുക, ടിബറ്റൻ ജനതയുടെ അഭിലാഷങ്ങൾ ഉൾക്കൊള്ളുക എന്നിങ്ങനെയുള്ള ദലൈലാമയുടെ പരമ്പരാഗത ദൗത്യം അങ്ങനെ തുടരും”-ദലൈലാമ എഴുതി.
തന്റെ പിന്‍ഗാമി ചൈനീസ് ഭരണത്തിൻ കീഴിലല്ല, മറിച്ച് ‘സ്വതന്ത്ര ലോകത്താണ്’ ജനിക്കുകയെന്ന് ദലൈലാമ വ്യക്തമായി പറയുന്നത് ഇതാദ്യമായാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ദലൈലാമയുടെ പ്രസ്താവനയെ ചൈന എതിര്‍ത്തു. അദ്ദേഹത്തിന്റെ പിന്‍ഗാമിയെ നിര്‍ണയിക്കാനുള്ള അധികാരം തങ്ങള്‍ക്ക് മാത്രമാണെന്നാണ് ചൈനയുടെ വാദം.




മതത്തിന്റെ മറവിൽ ചൈന വിരുദ്ധ വിഘടനവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നയാളാണ് ദലൈലാമയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് പറഞ്ഞതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹത്തിന്റെ പുനർജന്മം ചൈനീസ് നിയമങ്ങളും ചരിത്ര പാരമ്പര്യങ്ങളും പാലിച്ചാകണമെന്നും അവര്‍ പറഞ്ഞു.
Read Also : Pope Francis : മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി; നോമ്പുകാല ധ്യാനത്തിൽ ആശുപത്രിയിൽ നിന്ന് പങ്കെടുത്തു
തങ്ങളുടെ അവിഭാജ്യ ഘടകമാണ് ടിബറ്റെന്നാണ് ചൈനയുടെ അവകാശവാദം. ‘സമാധാനപരമായ വിമോചനം’ എന്നാണ് 1950ല്‍ ടിബറ്റ് ഏറ്റെടുക്കുന്നതിനെക്കുറിച്ച് ചൈന വിശേഷിപ്പിച്ചത്. ടിബറ്റും തായ്‌വാനും ചൈനയുടെ അവിഭാജ്യ ഘടകമാണെന്ന് ദലൈലാമ അംഗീകരിക്കണമെന്നാണ് ചൈനയുടെ നിലപാട്.
ടിബറ്റിനെ രക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ച് ദലൈലാമ പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ഒരു വ്യക്തിയുടെയോ പാർട്ടിയുടെയോ നേതൃത്വത്തിലുള്ള ഒരു ഏകാധിപത്യ ഭരണകൂടത്തിനും എന്നെന്നേക്കുമായി നിലനിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം പുസ്തകത്തില്‍ കുറിച്ചു.
സ്വന്തം മാതൃരാജ്യത്തിന്റെ സംരക്ഷകരാകാനുള്ള ടിബറ്റൻ ജനതയുടെ അവകാശം നിഷേധിക്കാനാകില്ലെന്നും, അടിച്ചമർത്തലിലൂടെ അവരുടെ സ്വാതന്ത്ര്യത്തിനായുള്ള അഭിലാഷം എന്നെന്നേക്കുമായി തകർക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദലൈലാമയുടെ ആത്മാവ് മരണശേഷം ഒരു കുട്ടിയുടെ ശരീരത്തിൽ പുനർജനിക്കുന്നുവെന്നാണ് ടിബറ്റന്‍ വിശ്വാസം. നിലവിലെ ദലൈലാമയ്ക്ക് രണ്ട് വയസുള്ളപ്പോഴാണ് അദ്ദേഹം മുന്‍ ലാമയുടെ പുനര്‍ജന്മമാണെന്ന് തിരിച്ചറിഞ്ഞത്.