Covishield Side Effect : അവസാനം ആസ്ട്രസെനെക്ക സമ്മതിച്ചു; കൊവിഷീൽഡ് ഉപയോഗിച്ചവരിൽ പാർശ്വഫലങ്ങൾ ഉണ്ടാകും
Covishield Rare Side Effects : കോവിഡിനെതിരെ ഇന്ത്യയിൽ ആദ്യ നൽകിയ വാക്സിനുകളിൽ ഒന്നായിരുന്നു ആസ്ട്രസെനെക്ക വികസിപ്പിച്ച് പൂനെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച കൊവിഷീൽഡ്.
ലണ്ടൺ : കോവിഡ് വാക്സിനായ കൊവിഷീൽഡ് ഉപയോഗിച്ചവരിൽ അപൂർവ്വമായി പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന് സമ്മതിച്ച് ബ്രിട്ടീഷ് മരുന്ന നിർമാതാക്കളായ ആസ്ട്രസെനെക്ക. രക്തം കട്ട പിടിക്കുന്നതും രക്തത്തിലെ പ്ലേറ്റ്ലെറ്റിൻ്റെ അളവ് കുറയ്ക്കുന്നതുമായ അപൂർവ്വമായ പാർശ്വഫലങ്ങൾക്ക് കൊവിഷീൽഡ് കാരണമാകുന്നുയെന്ന് വാക്സിൻ വികസിപ്പിച്ച ആസ്ട്രെസെനെക്ക യുകെയിലെ കോടതിയിൽ സമ്മതിച്ചതായി ബ്രിട്ടീഷ് മാധ്യമമായ ദ ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. കോടതിയിൽ ബ്രിട്ടീഷ് ഫാർമ കമ്പനി സമർപ്പിച്ച രേഖയിലാണ് ഇക്കാര്യങ്ങൾ അറിയിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
കോവിഡ് വ്യാപനം വേളയിൽ ഓക്സഫോർഡ് യൂണിവേഴ്സിറ്റിയും ആസ്ട്രെസെനെക്കയും ചേർന്നാണ് കൊവിഷീൽഡ് വാക്സിൻ വികസിപ്പിച്ചത്. പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സീറം ഇൻസ്റ്റിറ്റ്യൂട്ടാണ് കൊവിഷീൽഡ് നിർമിച്ച ഇന്ത്യയിൽ വിതരണം ചെയ്തത്. കോവിഡ് വാക്സിനായി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അംഗീകാരം നൽകി ആദ്യ രണ്ട് വാക്സിനുകളിൽ ഒന്നായിരുന്നു കൊവിഷീൽഡ്.
കൊവിഷീൽഡ് വാക്സിനുമായി ബന്ധപ്പെട്ട് യുകെ ഹൈക്കോടതിയിൽ 51 ഓളം കേസുകളാണ് നിലവിൽ ആസ്ട്രസെനെക്കയ്ക്കെതിരെയുള്ളത്. വാക്സിൻ മൂലം മരണവും ആന്തരികമായി മുറിവുകൾ ഏറ്റിട്ടുണ്ടെന്നുമാണ് കേസുകളിൽ പ്രധാനമായിട്ടുള്ളത്. 100 മില്യൺ പൗണ്ട് (ആയിരം കോടിയിൽ അധികം) നഷ്ടപരിഹാരമാണ് വിവിധ കേസുകളിലായി ആസ്ട്രസെനെക്കയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ജെയ്മി സ്കോട്ട് എന്ന വ്യക്തിയാണ് വാക്സിൻ നിർമാതാക്കൾക്കെതിരെ ആദ്യ കേസുമായി രംഗത്തെത്തിയത്. 2021 ഏപ്രിൽ വാക്സിൻ സ്വീകരിച്ച ഇയാൾക്ക് രക്തം കട്ടിപ്പിടിച്ചതോടെ തലച്ചോറിൽ ക്ഷതം സംഭവിച്ചുയെന്നാണ്. രോഗബാധയെ തുടർന്ന് തൻ്റെ ജോലി നഷ്ടപ്പെടുകയും മൂന്ന് തവണ ആശുപത്രി അധികൃതർ താൻ ഉടൻ മരിച്ചു പോകുമെന്ന് തൻ്റെ ഭാര്യയോട് അറിയിച്ചതായി ജെയ്മി സ്കോട്ട് കോടതിയിൽ അറിയിച്ചു.
വാക്സിനെതിരെയുള്ള ആരോപണത്തിൽ ആസ്ട്രെസെനെക്ക ആദ്യം കോടതിയിൽ എതിർത്തു. പക്ഷെ പിന്നീട് ഈ വർഷം ഫെബ്രുവരിയിൽ കോടതിയിൽ സമർപ്പിച്ച രേഖയിൽ കൊവിഷീൽഡ് വാക്സിൻ അപൂവ്വമായി ടിടിഎസ് (രക്തം കട്ടിപിടിക്കൽ) എന്ന രോഗാവസ്ഥയ്ക്ക് കാരണമാകുമെന്ന് സമ്മതിക്കുകയും ചെയ്തുയെന്ന് ദ ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത്.
ഈ സമർപ്പിച്ച രേഖ കഴിഞ്ഞ വർഷം ഈ കേസിൽ കമ്പനി നടത്തിയ നിലപാടിന് വിരുദ്ധമാണ്. ജെയ്മി സ്കോട്ടിൻ്റെ കേസിൽ വാക്സിൻ മൂലമാണ് രക്തം കട്ടിപ്പിടിക്കുന്നത് തങ്ങൾക്ക് അംഗീകരിക്കാനാകില്ലയെന്നാണ് ആസ്ട്രെസെനെക്ക് അന്ന് കോടതിയിൽ പറഞ്ഞത്.