Covid 19 Cases: വീണ്ടും ആശങ്കയുണർത്തി കോവിഡ്; അപകടകാരികളായ വകഭേദങ്ങൾ വന്നേക്കാമെന്ന് ലോകാരോഗ്യസംഘടന
Covid 19 Cases Globally: അമേരിക്ക, യൂറോപ്പ്, വെസ്റ്റേൺ പസിഫിക് എന്നിവിടങ്ങളിലാണ് ഇപ്പോൾ രോഗവ്യാപനം നിലവിൽ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് ഇപ്പോഴും നമുക്കൊപ്പമുണ്ടെന്നും എല്ലാ രാജ്യങ്ങളിലും വ്യാപിച്ചുകൊണ്ടിരിക്കുന്നുവെന്നുമാണ് ലോകാരോഗ്യസംഘടനയുടെ വക്താവായ ഡോ. മരിയ വാൻ വെർഖോവ് പറയുന്നത്.
ആഗോളതലത്തിൽ വീണ്ടും ആശങ്കയുണർത്തി കോവിഡ് കേസുകൾ (Covid 19 Cases) ഉയരുന്നതായി റിപ്പോർട്ട്. 2020 മുതൽ ആഗോള ആരോഗ്യ ഭീഷണിയായി ലോകാരോഗ്യസംഘടന (World Health Organization) പ്രഖ്യാപിച്ചിരുന്ന കോവിഡ് വൈറസിന്റ വ്യാപനം പിന്നീട് കുറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിവിധ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നതായി ലോകാരോഗ്യസംഘടന ഇപ്പോൾ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഈ രാജ്യങ്ങളിൽ കോവിഡ് പോസിറ്റീവാകുന്നവരുടെ നിരക്ക് കൂടുന്നുവെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്.
കൂടാതെ, വൈകാതെ കോവിഡിന്റെ കൂടുതൽ അപകടകാരികളായ വകഭേദങ്ങൾ വന്നേക്കാമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകുന്നുണ്ട്. അമേരിക്ക, യൂറോപ്പ്, വെസ്റ്റേൺ പസിഫിക് എന്നിവിടങ്ങളിലാണ് ഇപ്പോൾ രോഗവ്യാപനം നിലവിൽ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് ഇപ്പോഴും നമുക്കൊപ്പമുണ്ടെന്നും എല്ലാ രാജ്യങ്ങളിലും വ്യാപിച്ചുകൊണ്ടിരിക്കുന്നുവെന്നുമാണ് ലോകാരോഗ്യസംഘടനയുടെ വക്താവായ ഡോ. മരിയ വാൻ വെർഖോവ് പറയുന്നത്.
എൺപത്തിനാല് രാജ്യങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകളിൽ നിന്നാണ് കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം കഴിഞ്ഞ കുറച്ച് ആഴ്ചകളായി കൂടുന്നതായി പുറത്തുവന്നിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തുശതമാനത്തിന് മുകളിലാണെന്നും പലസ്ഥലങ്ങളിലും പ്രാദേശികതലത്തിലാണ് വ്യാപനമുള്ളതെന്നും മരിയ വാൻ വെർഖോവ് പറയുന്നു. യൂറോപ്പിൽ മാത്രം പോസിറ്റിവിറ്റി നിരക്ക് ഇരുപതുശതമാനത്തിന് മുകളിലാണെന്നും അവർ ചൂണ്ടികാട്ടി.
ALSO READ: ബ്രസീലിൽ വിമാനം തകര്‍ന്നു വീണു; യാത്രക്കാരും ജീവനക്കാരും അടക്കം 62 പേര്‍ മരിച്ചു
അടുത്തിടെയായി വൈറസ് വ്യാപനം കൂടുന്നതായാണ് കാണുന്നതെന്നും പാരീസ് ഒളിമ്പിക്സിൽ മാത്രം നാൽപതോളം അത്ലറ്റുകളിൽ കോവിഡ് ഉൾപ്പെടെയുള്ള ശ്വാസകോശ അണുബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പിൽ പറയുന്നു. രോഗവ്യാപനം തടയാൻ വ്യക്തിശുചിത്വം പാലിക്കുന്നതിനൊപ്പം വാക്സിനേഷൻ്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യരുതെന്നും ലോകാരോഗ്യസംഘടന പറയുന്നുണ്ട്.
എന്താണ് കൊറോണ വൈറസ്?
മനുഷ്യരും പക്ഷികളിലും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം ആർഎൻഎ വൈറസുകളെയാണ് കൊറോണ വൈറസ് എന്ന് പറയുന്നത്. ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വന്നത് അതിന്റെ രൂപത്തിൽ നിന്നുതന്നെയാണ്. അവയുടെ സ്തരത്തിൽ നിന്നും സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന രീതിയിൽ സ്ഥിതി ചെയ്യുന്ന കൂർത്ത മുനകളാണ് അതിന് കാരണം. പ്രധാനമായും പക്ഷിമൃഗാദികളിലാണ് ഇവ രോഗങ്ങളുണ്ടാക്കുന്നത്. എന്നാൽ ഇവയുമായി സഹവസിക്കുകയും അടുത്ത ഇടപഴകുകയും ചെയ്യുന്ന മനുഷ്യരിലും കൊറോണ വൈറസ് രോഗകാരിയാകാറുണ്ട്.
സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യൂമോണിയയും ശ്വസനത്തകരാറും വരെ കൊറോണ വൈറസ് മൂലം മനുഷ്യരിൽ കണ്ടുവരുന്നു. നവജാത ശിശുക്കളിലും ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളിലും ഉദരസംബന്ധമായ അണുബാധയ്ക്കും മെനിഞ്ചൈറ്റിസിനും ഈ വൈറസ് കാരണമാകാറുണ്ട്. 1937ലാണ് ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്ന് കൊറോണ വൈറസിനെ ആദ്യമായി തിരിച്ചറിയുന്നത്. ശാസ്ത്രജ്ഞർ ഇവയെ സൂണോട്ടിക് എന്നാണ് വിശേഷിപ്പിക്കുന്നത്. അതായത് ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണെന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.
ALSO READ: ഗാസയിലെ അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ ബോംബാക്രമണം; 100 മരണം
കൊറോണ വൈറസ് അപകടകാരികളോ?
പ്രധാനമായും ശ്വാസനാളിയെയാണ് കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിക്കുക. ജലദോഷവും ന്യൂമോണിയയുമൊക്കെയാണ് ഈ വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ സാർസ്, ന്യൂമോണിയ, വൃക്കസ്തംഭനം എന്നിവയിലേക്കും കൊണ്ടെത്തിക്കുന്നു. അതുമൂലം മരണവരെ സംഭവിക്കാവുന്നതാണ്.
മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കുകയും ചെയ്യുന്നു. ആരോഗ്യമുള്ളവരിൽ കൊറോണ വൈറസ് അപകടകാരിയാവാനുള്ള സാധ്യത കുറവാണ്. എന്നാൽ പ്രതിരോധവ്യവസ്ഥ ദുർബലമായവരിൽ, അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും ഗർഭിണികളിലും വൈറസ് പലപ്പോഴും അപകടകാരികൾ ആകാറുണ്ട്.
എങ്ങനെ പ്രതിരോധിക്കാം
- മറ്റുള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമുള്ള വൈറസുകളുടെ വരവ് തടയാൻ മാസ്ക് ഉപയോഗിക്കുക.
- രോഗബാധിതരുമായുള്ള സമ്പർക്കം ഒഴിവാക്കുക.
- രോഗലക്ഷണങ്ങൾ കണ്ടാലുടൻ ഡോക്ടറെ കണ്ട് ആവശ്യമായ മരുന്നുകൾ കഴിക്കുക.
- വൃത്തിഹീനമായ കൈകൾ ഉപയോഗിച്ച് മൂക്ക് കണ്ണ് എന്നീ ഭാഗങ്ങളിൽ സ്പർശിക്കാതിരിക്കുക
- കൈകൾ നന്നായി കഴുകി വൃത്തിയാക്കുക. ആൽക്കഹോൾ അടങ്ങിയിട്ടുള്ള സാനിറ്റൈസർ ഇതിന് ഉപയോഗിക്കാം.
- പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളും പഴവർഗങ്ങളും കൂടുതൽ കഴിക്കുക