പട്ടിയെ പെയിൻറടിച്ച് പാണ്ടയെന്ന പേരിൽ ആളെ പറ്റിക്കൽ; മൃഗശാലക്ക് എട്ടിൻറെ പണി
ചൗ ചൗ ഇനത്തിൽ പെട്ട നായകളെ കറുപ്പും വെള്ളയും നിറമടിച്ച ശേഷം പാണ്ടകളെന്നും പറഞ്ഞ് പ്രദർശിപ്പിക്കുകയായിരുന്നു
ചൈനയിലെ ഒരു മൃഗശാല നടത്തിയ ചതിയെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് . സംഭവം ബഹുരസമാണ്, പണ്ട് മൈഡിയർ കരടി എന്ന ചിത്രത്തിലെ രംഗങ്ങൾ ഓർക്കുന്നവരുണ്ടാവില്ലേ? ഇതും അത്തരത്തിലൊരു മൈഡിയർ കരടി സെറ്റപ്പ് തന്നെയാണ്.
നായകളെ പെയിന്റടിച്ച് പാണ്ടകളെപ്പോലെയാക്കി എന്നാണ് ആരോപണം. ചൈനയിലെ തായ്‌ജൗ മൃഗശാലയിലാണ് സംഭവം. മൃഗശാല സന്ദർശിക്കാനെത്തിയവർ അടുത്തിടെയാണ് തങ്ങൾ കാണുന്ന പാണ്ടകൾ ശരിക്കും പാണ്ടകളല്ല എന്ന് തിരിച്ചറിഞ്ഞത്.
ചൗ ചൗ ഇനത്തിൽ പെട്ട നായകളെ കറുപ്പും വെള്ളയും നിറമടിച്ച ശേഷം പാണ്ടകളെന്നും പറഞ്ഞ് പ്രദർശിപ്പിക്കുകയായിരുന്നു മൃഗശാല ചെയ്തതെന്നാണ് ആരോപണം. മൃഗശാലയിലെ ജീവനക്കാർ നായകളുടെ രോമം വെട്ടിയൊതുക്കിയ ശേഷം കറുപ്പും വെള്ളയും പെയിന്റടിച്ച് പാണ്ടകളാക്കി മാറ്റുകയായിരുന്നു.
ദിവസവും രാവിലെ 8 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയിലാണ് ജിയാങ്‌സു പ്രവിശ്യയിലെ തായ്‌ജൂ മൃഗശാലയിൽ ഇത്തരത്തിൽ നായ്‌ക്കളെ ചായം പൂശി പ്രദർശിപ്പിച്ചിരുന്നത്. ഇവയെ കാണുന്നതിന് വേണ്ടി നിരവധി സന്ദർശകരും എത്തിയിരുന്നു.
എന്നാൽ, നായകളെയാണ് പാണ്ടകളായി വേഷം മാറ്റി പ്രദർശിപ്പിച്ചിരുന്നത് എന്നറിഞ്ഞതോടെ മൃഗശാലയ്ക്കെതിരെ ആളുകളുടെ രോഷമുയരുകയായിരുന്നു. ഈ ചെയ്തതിന് വളരെ വിചിത്രമായ ന്യായമായിരുന്നു മൃഗശാലയ്ക്ക് പറയാനുണ്ടായിരുന്നത്.
തങ്ങളുടെ മൃഗശാലയിൽ പാണ്ടകളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും സന്ദർശകർക്ക് മുന്നിൽ പാണ്ടകളെ പ്രദർശിപ്പിക്കണം എന്ന് ആഗ്രഹമാണ് ഇതിന് കാരണമെന്നുമാണ് വാദം . ചൈനയിലെ സോഷ്യൽ മീഡിയകളിലടക്കം സംഭവത്തെ ചൊല്ലി വൻ വിമർശനമാണ് ഉയരുന്നത്. മൃഗശാല ജനങ്ങളെ പറ്റിച്ചു എന്ന് ഒരു വിഭാഗം ആരോപിക്കുമ്പോൾ നായകളോട് കാണിച്ച കൊടും ക്രൂരതയാണ് ഇത് എന്നാണ് മറ്റൊരു വിഭാഗം പറയുന്നത്