5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Covid 19 Pills : ചൈനയില്‍ പൂച്ചകള്‍ക്ക് കൊവിഡ് മരുന്നുകള്‍ നല്‍കി ഉടമകള്‍; കാരണം ഇതാണ്‌

Chinese Cat Owners Feeding Covid Pills To Pets : മെര്‍ക്ക് ആന്‍ഡ് കോയുടെ കൊവിഡ് 19 ആന്റിവൈറലുകളാണ് കൂടുതലായും നല്‍കുന്നത്. കൊറോണ വൈറസ് മൂലം പൂച്ചകളെ ബാധിച്ചേക്കാവുന്ന ഗുരുതര രോഗത്തിന് പ്രതിവിധിയായാണ് ഉടമകള്‍ ഈ മരുന്ന് നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഫെലൈൻ ഇൻഫെക്ഷ്യസ് പെരിടോണിറ്റിസ് എന്ന രോഗവുമായി ബന്ധപ്പെട്ട്‌ മെർക്കിൻ്റെ 'ലഗേവ്രിയോ' യാണ് ഉടമകള്‍ പൂച്ചകള്‍ക്ക് നല്‍കുന്നതെന്ന് പ്രാദേശിക മാധ്യമമായ ജിമിയൻ റിപ്പോർട്ട് ചെയ്തു

Covid 19 Pills : ചൈനയില്‍ പൂച്ചകള്‍ക്ക് കൊവിഡ് മരുന്നുകള്‍ നല്‍കി ഉടമകള്‍; കാരണം ഇതാണ്‌
പ്രതീകാത്മക ചിത്രം Image Credit source: Getty
jayadevan-am
Jayadevan AM | Published: 06 Jan 2025 06:59 AM

ചൈനയില്‍ ഉടമകള്‍ പൂച്ചകള്‍ക്ക് കൊവിഡ് 19 മരുന്നുകള്‍ നല്‍കുന്നതായി റിപ്പോര്‍ട്ട്. മെര്‍ക്ക് ആന്‍ഡ് കോയുടെ കൊവിഡ് 19 ആന്റിവൈറലുകളാണ് കൂടുതലായും നല്‍കുന്നത്. കൊറോണ വൈറസ് മൂലം പൂച്ചകളെ ബാധിച്ചേക്കാവുന്ന ഗുരുതര രോഗത്തിന് പ്രതിവിധിയായാണ് ഉടമകള്‍ ഈ മരുന്ന് നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഫെലൈൻ ഇൻഫെക്ഷ്യസ് പെരിടോണിറ്റിസ് എന്ന രോഗവുമായി ബന്ധപ്പെട്ട്‌ മെർക്കിൻ്റെ ‘ലഗേവ്രിയോ’ യാണ് ഉടമകള്‍ പൂച്ചകള്‍ക്ക് നല്‍കുന്നതെന്ന് പ്രാദേശിക മാധ്യമമായ ജിമിയൻ റിപ്പോർട്ട് ചെയ്തു. ചൈനയില്‍ സോഷ്യല്‍ മീഡിയയില്‍ ഈ വിഷയം വന്‍തോതില്‍ ചര്‍ച്ചയാകുന്നുണ്ട്.

ചൈനയിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ സിയാവോങ്ഷുവില്‍ നിരവധി പേരാണ് ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കുന്നത്. മരുന്നു കൊടുത്ത് പൂച്ചയെ സംരക്ഷിച്ചുവെന്ന് നിരവധി പേര്‍ അവകാശപ്പെട്ടു. ഒപ്പം ബില്ലുകളും ഇവര്‍ പങ്കുവച്ചിട്ടുണ്ട്. മനുഷ്യര്‍ക്കുള്ള കൊവിഡ് മരുന്നുകള്‍ തന്റെ പൂച്ചയുടെ ജീവന്‍ രക്ഷിച്ചെന്നായിരുന്നു ഒരാളുടെ പ്രതികരണം. പൂച്ചകളെ രക്ഷിക്കുന്നതിനെക്കുറിച്ച് കൂടുതല്‍ പേരെ അറിയിക്കാനാണ് താന്‍ ഇത് പങ്കുവയ്ക്കുന്നതെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

ഹെനാൻ ജെനുവിൻ ബയോടെക് കമ്പനി, സിംസെയർ ഫാർമസ്യൂട്ടിക്കൽ ഗ്രൂപ്പ് ലിമിറ്റഡ്, ഷാങ്ഹായ് ജുൻഷി ബയോസയൻസസ് കമ്പനി തുടങ്ങിയ തദ്ദേശീയ കമ്പനികള്‍ വികസിപ്പിച്ചെടുത്ത സമാനമായതും വില കുറഞ്ഞതുമായ കൊവിഡ് മരുന്നുകളും ഉടമകള്‍ പൂച്ചകള്‍ക്ക് നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കമ്പനി പൂച്ചകളിൽ മരുന്ന് പരീക്ഷിച്ചിട്ടില്ലെന്നും അത്തരമൊരു പദ്ധതിയില്ലെന്നും ബ്ലൂംബെർഗ് ന്യൂസിന് നൽകിയ ഇമെയിൽ പ്രതികരണത്തിൽ മെർക്കിൻ്റെ വക്താവ് അറിയിച്ചു.

Read Also : ചൈനയില്‍ വീണ്ടും വൈറസ് വ്യാപനം? ആശുപത്രികൾ നിറയുന്നു

മഹാമാരിയുടെ ആദ്യ നാളുകളില്‍ യുഎസില്‍ മൃഗങ്ങളിലെ വിരകളെ ചികിത്സി്കുന്നതിനുള്ള മരുന്നായ ഐവര്‍മെക്റ്റിന്‍ യുഎസില്‍ ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതിന് പിന്നാലെ നിങ്ങള്‍ കുതിരയോ പശുവോ അല്ലെന്നും ഇത് നിര്‍ത്തൂവെന്നും യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ വ്യക്തമാക്കിയിരുന്നു. അന്ന് മൃഗങ്ങളുടെ മരുന്ന് മനുഷ്യനിലാണ് പരീക്ഷച്ചതെങ്കില്‍, ഇതില്‍ നിന്നും വ്യത്യസ്തമായി ചൈനയില്‍ മനുഷ്യരുടെ മരുന്ന് മൃഗങ്ങളില്‍ പരീക്ഷിക്കുകയാണ്.

ഫെലൈൻ കൊറോണ വൈറസ് മൂലമുണ്ടാകുന്ന ഒരു വൈറൽ രോഗമാണ് ഫെലൈൻ ഇൻഫെക്ഷ്യസ് പെരിടോണിറ്റിസ്. ഇത് പൂച്ചയുടെ വെളുത്ത രക്താണുക്കളെ ബാധിക്കുകയും, ശരീരത്തിലുടനീളം വ്യാപിക്കുകയും ചെയ്യുന്നു. ഇത് ഇന്‍ഫ്‌ളമേറ്ററി റിയാക്ഷനുകള്‍ക്ക് കാരണമാകുന്നു.

ചികിത്സയില്ലാത്ത മാരക രോഗമാണിത്. പൊതുവെ പൂച്ചകളിലാണ് കണ്ടുവരുന്നത്. മറ്റ് മൃഗങ്ങളെയോ മനുഷ്യനെയോ ബാധിക്കാറില്ല. ചില ആൻറിവൈറൽ മരുന്നുകൾ ഈ രോഗത്തിന് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അവ വ്യാപകമായി ലഭ്യമല്ല.

എന്നാല്‍ ഇതില്‍ ഏറ്റവും പോപ്പുലറും ഗിലെയാദ് സയന്‍സസ് വികസിപ്പിച്ചതുമായ ‘ജിഎസ്-441524’ എഫ്ഡിഎ അംഗീകരിച്ചിട്ടില്ല. കരിഞ്ചന്തയിലൂടെ ഇത് പൂച്ച ഉടമകള്‍ തേടുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതിന് ചെലവ് കൂടുതലാണെന്നും, ബ്ലാക്ക് മാര്‍ക്കറ്റില്‍ വ്യാജ മരുന്നാണ് ലഭിച്ചതെന്നും ചൈനയില്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ പരാതിപ്പെട്ടിട്ടുണ്ട്.