Viral News: ശരീര ഭാരം കുറച്ചാൽ 1 കോടി രൂപ; ഇല്ലെങ്കിൽ 5000 പിഴ, കമ്പനിയുടെ ഓഫര്‍ കേട്ട് ജീവനക്കാർ ഞെട്ടി
Viral News Today: പൊണ്ണത്തടി ഒന്നു കുറഞ്ഞു കിട്ടാൻ പഠിച്ച പണി പതിനെട്ടും പയറ്റുന്നവർക്ക് വീണ്ടും ആവേശം വർധിപ്പിച്ച പ്രഖ്യാപനമായിരുന്നു ഇത്
നിങ്ങളുടെ വണ്ണം കുറച്ചാൽ 1 കോടി രൂപ താരാമെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ട് ? അങ്ങിനെ ആരും പറയാൻ വഴിയില്ല അല്ലേ? എന്നാൽ ഒരു ചൈനീസ് കമ്പനി അത്തരമൊരു കാര്യം പറഞ്ഞു. ശരീരഭാരം കുറയ്‌ക്കുന്നവർക്ക് ഒരു ദശലക്ഷം യുവാൻ ( ഏതാണ്ട് ഒരു കോടി പതിനാറ് ലക്ഷത്തിലധികം) ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
പൊണ്ണത്തടി ഒന്നു കുറഞ്ഞു കിട്ടാൻ പഠിച്ച പണി പതിനെട്ടും പയറ്റുന്നവർക്ക് വീണ്ടും ആവേശം വർധിപ്പിച്ച പ്രഖ്യാപനമായിരുന്നു ഇത്. ഇൻസ്റ്റാ 360′ എന്ന ചൈനീസ് ടെക്ക് കമ്പനിയാണ് ജീവനക്കാർക്ക് വേണ്ടി ഇത്തരത്തിലൊരു പദ്ധതി ആവിഷ്കരിച്ചത്.സോഷ്യൽമീഡിയയിൽ ഇത് ചർച്ചയാവുകയാണ്.
ആശ്ചര്യം എന്ന് പറയട്ടെ സംഭവം വിജയിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 150 ജീവനക്കാരാണ് 2023-ൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി തങ്ങളുടെ ഭാരം കുറച്ചത്. ഭാരം കുറച്ച ജീവനക്കാർക്ക് 980,000 യുവാൻ കമ്പനി ബോണസ് ആയി നൽകുകയും ചെയ്തുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
30 പേരടങ്ങുന്ന ശരീരഭാരം കുറയ്ക്കൽ ക്യാമ്പാണ് പദ്ധതി. കമ്പനിയുടെ ജീവനക്കാരെ മൂന്ന് വിഭാഗമായി തരംതിരിച്ച് മൂന്ന് മാസമായാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ പ്രാവശ്യവും ക്യാമ്പിൽ പങ്കെടുക്കുന്നവരുടെ ഭാരം ഓരോ ആഴ്ചയും നോക്കുകയും ഓരോ ഗ്രൂപ്പിനും ശരാശരി കുറയുന്ന ഓരോ 0.5 കിലോയ്ക്കും 400 യുവാൻ വീതം നൽകുകയും ചെയ്യും.
സെഷനിലെ ഒരാൾക്ക് ശരീരഭാരം കൂടിയാൽ ഗ്രൂപ്പിൻറെ ബോണസ് നഷ്ടമാവുകയും എല്ലാവരും 500 യുവാൻ (5762 രൂപ) വീതം പിഴ അടക്കുകയും വേണം. എന്നാൽ, ഇത്തരത്തിൽ ഇതുവരെയും ആർക്കും ഇവിടെ ഭാരം കൂടിയിട്ടില്ല എന്നാണ് റിപ്പോർട്ട്. സംഭവം എന്തായാലും സാമൂഹിക മാധ്യമങ്ങളിൽ ട്രെൻഡിംഗാണ്.