China storm: അതിശക്തമായ കാറ്റ് വരുന്നു, പറന്നുപോകാതിരിക്കാന്‍ 50 കിലോയില്‍ താഴെയുള്ളവര്‍ വീടുകളില്‍ തുടരണം; മുന്നറിയിപ്പ്
China storm alert: അതിശക്തമായ കാറ്റാണെന്നും, ഏറെ നേരം നീണ്ടുനിന്നേക്കാമെന്നും, ഇത് വിനാശകരമാണെന്നും ബീജിംഗ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. കാറ്റിന്റെ വേഗത ചൈനയിൽ 11 മുതൽ 13 വരെയുള്ള സ്കെയിലിലാണ് അളക്കുന്നത്

പ്രതീകാത്മക ചിത്രം
വടക്കന്‍ ചൈനയില്‍ അതിശക്തമായ കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ഈ വാരാന്ത്യത്തിൽ അതിശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് ചൈന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എല്ലാ പാർക്കുകളും അടച്ചിടണമെന്നാണ് നിര്‍ദ്ദേശം. പ്രധാന കായിക മത്സരങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാനും മുന്നറിയിപ്പ് നല്‍കി. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. മേഖലയിലെ ട്രെയിന്‍, വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു. മംഗോളിയയിലാണ് ഈ ചുഴലിക്കാറ്റിന്റെ ഉത്ഭവമെന്നാണ് റിപ്പോര്‍ട്ട്. അസാധാരണമായ ശക്തിയില്‍ വീശിയേക്കാമെന്നാണ് വിലയിരുത്തല്‍.
വടക്കൻ ചൈനീസ് പ്രവിശ്യകളിൽ മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ബീജിംഗ്, ടിയാൻജിൻ, ഹെബെയ് മേഖലയിലെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിലും കാറ്റ് വീശിയേക്കാം. ബീജിംഗിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
50 കിലോഗ്രാമിൽ താഴെ ഭാരമുള്ള ആളുകൾ ‘കാറ്റില്‍ പറന്നുപോകാന്‍’ സാധ്യതയുണ്ടെന്ന് ചില സ്‌റ്റേറ്റ് മീഡിയ ഔട്ട്‌ലെറ്റുകള്‍ മുന്നറിയിപ്പ് നല്‍കി. ആളുകള്‍ വീടുകളില്‍ തുടരണമെന്നാണ് നിര്‍ദ്ദേശം. ബീജിംഗിലും പരിസര പ്രദേശങ്ങളിലും താപനില 13 ഡിഗ്രി സെൽഷ്യസ് കുറയാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. മംഗോളിയയിൽ നിന്നുള്ള ശക്തമായ കാറ്റ് പ്രദേശത്ത് വീശുന്നത് അസാധാരണമല്ലെങ്കിലും, വരാനിരിക്കുന്ന കാറ്റ് ഒരു ദശാബ്ദത്തിനിടെ ഈ പ്രദേശം കണ്ടതിനേക്കാൾ ശക്തമാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അതിശക്തമായ കാറ്റാണെന്നും, ഏറെ നേരം നീണ്ടുനിന്നേക്കാമെന്നും, ഇത് വിനാശകരമാണെന്നും ബീജിംഗ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. കാറ്റിന്റെ വേഗത ചൈനയിൽ 11 മുതൽ 13 വരെയുള്ള സ്കെയിലിലാണ് അളക്കുന്നത്. ലെവൽ 11 കാറ്റ് നാശനഷ്ടങ്ങൾ ഉണ്ടാക്കും. ലെവൽ 12 കാറ്റ് ഗുരുതരമായ നഷ്ടങ്ങളുണ്ടാക്കും. നിലവില്‍ വരാനിരിക്കുന്ന കാറ്റിന്റെ ശക്തി 11 മുതൽ 13 വരെയായിരിക്കുമെന്നാണ് വിലയിരുത്തല്‍.