Li Jianping: അഴിമതിയില്‍ മുങ്ങിക്കുളിച്ച കമ്മ്യൂണിസ്റ്റ് നേതാവ്; വധശിക്ഷ നടപ്പിലാക്കി ചൈന
China Executed Former Communist Leader: ചൈനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അഴിമതിക്കേസാണ് ഇത്. ഇന്നര്‍ മംഗോളിയയിലെ സ്വയംഭരണ മേഖലയിലെ മുന്‍ ഉദ്യോഗസ്ഥന്‍ കൂടിയായിരുന്നു ജിയാന്‍പിങ്ങ്. ചൈനയിലെ സുപ്രീം പീപ്പിള്‍സ് കോടതിയാണ് വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവിട്ടത്. വധശിക്ഷ നടപ്പാക്കിയത് ഇന്നര്‍ മംഗോളിയയിലെ കോടതിയാണെന്നും സിന്‍ഹുവ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ബെയ്ജിങ്: അഴിമതിക്കേസില്‍ കമ്മ്യൂണിസ്റ്റ് നേതാവിനെ തൂക്കിലേറ്റി ചൈന. ഹോട്ടോലിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തക സമിതിയുടെ മുന്‍ സെക്രട്ടറിയായ ലി ജിയാന്‍പിങ്ങിനെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. 421 ദശലക്ഷം ഡോളറിന്റെ അഴിമതിക്കേസില്‍ കുറ്റം തെളിയിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
അഴിമതി, കൈക്കൂലി, പൊതു ഫണ്ട് ദുരുപയോഗം, ഒരു ക്രിമിനല്‍ സിന്‍ഡിക്കേറ്റുമായുള്ള ഒത്തുകളി എന്നീ കുറ്റങ്ങള്‍ക്കാണ് ജിയാന്‍പിങ്ങിനെ തൂക്കിലേറ്റിയത്. ഇയാള്‍ 421 മില്യണ്‍ ഡോളറിന്റെ അഴിമതി നടത്തിയതായാണ് റിപ്പോര്‍ട്ട്.
ചൈനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അഴിമതിക്കേസാണ് ഇത്. ഇന്നര്‍ മംഗോളിയയിലെ സ്വയംഭരണ മേഖലയിലെ മുന്‍ ഉദ്യോഗസ്ഥന്‍ കൂടിയായിരുന്നു ജിയാന്‍പിങ്ങ്. ചൈനയിലെ സുപ്രീം പീപ്പിള്‍സ് കോടതിയാണ് വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവിട്ടത്. വധശിക്ഷ നടപ്പാക്കിയത് ഇന്നര്‍ മംഗോളിയയിലെ കോടതിയാണെന്നും സിന്‍ഹുവ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
64 വയസായിരുന്നു ജിയാന്‍പിങ്ങിന്. ഹോട്ടോക്ക് ഇക്കണോമിക് ആന്‍ഡ് ടെക്‌നോളജിക്കല്‍ ഡെവലപ്പ്‌മെന്റ് സോണിന്റെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വര്‍ക്കിങ് കമ്മിറ്റി സെക്രട്ടറിയായും ജിയാന്‍പിങ്ങ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2022 സെപ്റ്റംബറിലാണ് ജിയാന്‍പിങ്ങിന്റെ വധശിക്ഷ വിധിച്ചിരുന്നത്. ഈ വിധി 2024 ഓഗസ്റ്റില്‍ സുപ്രീം പീപ്പിള്‍സ് കോടതി ശരിവെക്കുകയായിരുന്നു.
അതേസമയം, 2012ല്‍ അധികാരത്തിലേറിയത് മുതല്‍ പ്രസിഡന്റ് ഷി ജിന്‍പിംഗ് തന്റെ ഭരണത്തില്‍ അഴിമതി വിരുദ്ധ നടപടികള്‍ക്കാണ് പരിഗണന നല്‍കിയിരുന്നത്. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇതുവരെ ഒരു ദശലക്ഷത്തിലധികം സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് അഴിമതിക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. രണ്ട് പ്രതിരോധമന്ത്രിമാര്‍ക്കും നിരവധി സൈനിക ഉദ്യോഗസ്ഥര്‍ക്കുമെതിരെ അഴിമതി വിരുദ്ധ കുറ്റം ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞ ജനുവരിയില്‍ പ്രസിദ്ധീകരിച്ച പാര്‍ട്ടി മുഖപത്രമായ സെന്‍ട്രല്‍ കമ്മീഷന്‍ ഫോര്‍ ഡിസിപ്ലിന്‍ ഇന്‍സ്‌പെക്ഷന്‍ പ്ലീനറി സെഷനില്‍ അഴിമതിക്കെതിരെ പോരാടുന്നതിനായി പ്രസിഡന്റ് ഉദ്യോഗസ്ഥരോടായി ആഹ്വാനം ചെയ്യുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളെ കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.
അഴിമതിയിലെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലും കേസുകള്‍ വര്‍ധിച്ചുവരികയാണ്. 45 മുതിര്‍ന്ന ഉദ്യോഗസ്ഥരെയാണ് കഴിഞ്ഞ വര്‍ഷം അഴിമതിക്കേസില്‍ അന്വേഷണത്തിന് വിധേയരാക്കിയിരുന്നതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ 2024ല്‍ ഈ സംഖ്യ 54 ആയി ഉയര്‍ന്നു.