Coakroach In Throat: വായിൽ നിന്ന് ദുർഗന്ധം; പരിശോധനയിൽ 58-കാരൻ്റെ തൊണ്ടയിൽ കണ്ടെത്തിയത് പാറ്റയെ
Coakroach In Throat: ഉറക്കത്തിനിടെ തൊണ്ടയിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് തൊണ്ടിയിൽ നിന്ന് ഉള്ളിലേക്ക് എന്തോ ഒന്ന് നീങ്ങുന്നതായി ഇദ്ദേഹത്തിന് തോന്നിയിരുന്നു. മൂന്ന് ദിവസത്തിനുശേഷം ശ്വാസത്തിന് ദുർഗന്ധം അനുഭവപ്പെട്ടതാണ് പരിശോധനയിലേക്ക് പോകാൻ കാരണമായത്.
ബെയ്ജിങ്: ഉറങ്ങുമ്പോൾ പലപ്പോഴും നമ്മുടെ ചെവിയിൽ ഉറുമ്പ്, കൊതുക് എന്നിവ പോയിട്ട് ചില അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്. എന്നാൽ അത് വലിയ ഗുരുതരമായ അവസ്ഥയിലേക്ക് ഒരിക്കലും കൊണ്ടെത്തിച്ചിട്ടില്ല. എന്നാൽ ചൈനയിലെ ഹൈനാൻ പ്രവിശ്യയിലെ ഹൈകോ നഗരത്തിൽ 58-കാരൻ്റെ ശ്വസകോശത്തിൽ നിന്ന് പാറ്റയെ കണ്ടെത്തിയ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. വായിൽ നിന്ന് ദുർഗന്ധം വന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പാറ്റയെ കണ്ടെത്തിയത്.
ഉറക്കത്തിനിടെ തൊണ്ടയിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് തൊണ്ടിയിൽ നിന്ന് ഉള്ളിലേക്ക് എന്തോ ഒന്ന് നീങ്ങുന്നതായി ഇദ്ദേഹത്തിന് തോന്നിയിരുന്നു. എന്നാൽ ചുമച്ച് നോക്കിയെങ്കിലും പുറത്തേക്ക് ഒന്നും വരാത്തതിനെ തുടർന്ന് വീണ്ടും ഉറക്കം തുടർന്നു. എന്നാൽ മൂന്ന് ദിവസത്തിനുശേഷം ശ്വാസത്തിന് ദുർഗന്ധം അനുഭവപ്പെട്ടതാണ് പരിശോധനയിലേക്ക് പോകാൻ കാരണമായത്.
ALSO READ: കടലില്‍ വെള്ളി കുമിഞ്ഞുകൂടുന്നു; വരാനിരിക്കുന്നത് സര്‍വ്വനാശം
പല്ലു തേക്കുകയും വായ കഴുകുകയും ചെയ്തിട്ടും ഈ വായിലെ ദുർഗന്ധത്തിന് യാതൊരു മാറ്റവുമുണ്ടായില്ല. പിന്നീട് ചുമക്കുമ്പോൾ മഞ്ഞ നിറത്തിലുള്ള കഫം വരാൻ തുടങ്ങിയതിനെ തുടർന്ന് ഇയാൾ വൈദ്യസഹായം തേടുകയായിരുന്നു. തുടർന്ന് പ്രദേശത്തെ ഇഎൻടി വിദഗ്ധനെ സന്ദർശിക്കുകയും പരിശോധന നടത്തുകയും ചെയ്യുകയായിരുന്നു.
അതേസമയം പരിശോധനയിൽ ശ്വാസനാളത്തിന്റെ മുകൾ ഭാഗത്ത് അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല എന്നതാണ് സത്യം. എന്നാൽ ശ്വാസകോശ വിദഗ്ധൻ നടത്തിയ സിടി സ്‌കാനിൽ ശ്വാസകോശത്തിന്റെ ഉള്ളിൽ ഒരു വസ്തു കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. പിന്നീട് ഇദ്ദേഹത്തെ ബ്രോങ്കോസ്‌കോപ്പിക്ക് വിധേയനാക്കി. പരിശോധനയിൽ ശ്വാസകോശത്തിനുള്ളിലെ കഫത്തിന്റെയുള്ളിൽ കുടുങ്ങിക്കിടക്കുന്ന വസ്തു പാറ്റയാണെന്ന് കണ്ടെത്തുകയായിരുന്നു.
പാറ്റയെ പുറത്തെടുത്ത് ശ്വാസനാളം വൃത്തിയാക്കുകയും ചെയ്തു. ഇതിന് പിന്നാലെ രോഗിയുടെ ശ്വാസത്തിൽ അനുഭവപ്പെട്ടിരുന്ന ദുർഗന്ധം മാറിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. ശരീരത്തിന്റെ ഉള്ളിലേക്ക് പുറത്തുനിന്നുള്ള എന്തെങ്കിലും ജീവികൾ കയറിയതായി അനുഭവപ്പെട്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു.