അഫ്ഗാനിസ്താനിൽ സഹായം ആവശ്യമായവരിൽ കുട്ടികളും – യു.എന്‍ റിപ്പോര്‍ട്ട്
അഫ്ഗാനിസ്ഥാനിലെ 1.58 കോടി (15.8 മില്ല്യൺ) പേർ ഭക്ഷ്യ സുരക്ഷാ പ്രശ്‌നങ്ങളും അടിയന്തര ആവശ്യങ്ങളും നേരിടേണ്ടി വന്നേക്കാം എന്നാണ് യു.എൻ മുന്നറിയിപ്പ് നൽകുന്നത്.
കാബൂൾ : ഒരു രാജ്യത്ത് ഉണ്ടാകുന്ന യുദ്ധമായാലും സംഘർഷമായാലും ആത്യന്തികമായി ഇരകളാകുന്നത് പലപ്പോഴും കുട്ടികളാണ്. അഫ്ഗാനിലെ നിലവിലെ അവസ്തയും ഏറെ മോശമാവുകയാണ് ഇപ്പോൾ അവിടെ നിന്നുള്ള കണക്കുകൾ പരിശോധിച്ചാൽ അടിയന്തര സഹായം വേണ്ട 2.37 കോടി പേരിൽ പകുതിയും ( 1.23 കോടി) കുട്ടികളാണ് എന്ന് യുണൈറ്റ്ഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് വ്യക്തമാക്കുന്നു.
അഫ്ഗാനിസ്താനിലെ കുട്ടികളുടെ ആവശ്യത്തിനു വേണ്ട തുകയുടെ 35 ശതമാനം (140 കോടി) മാത്രമാണ് ശേഖരിക്കാനായതെന്നും യൂണിസെഫ് മാർച്ചിൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നുണ്ട്.
നീണ്ടുനിൽക്കുന്ന സംഘർഷങ്ങളും കലാപങ്ങളും മാത്രമല്ല ഇവിടെ പ്രധാന പ്രശ്നമായി ഉള്ളത്. ഇതിനു പുറമേ , കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക മാന്ദ്യം, തൊഴിൽക്ഷാമം എന്നിവയും രാജ്യത്ത ദാരിദ്ര്യം ഉയരാൻ കാരണമായെന്നും റിപ്പോർട്ട് അടിവരയിടുന്നു.
2024-ന്റെ തുടക്കം മുതൽ അഞ്ചാം പനി അഥവാ മീസിൽസ് ബാധയെന്ന് സംശയിക്കാവുന്ന 14,570 കേസുകളാണ് ഇവിടെ നിന്ന് റിപ്പോർട്ട് ചെയ്തത്. ഇതിൽ അഞ്ചുവയസ്സിൽ താഴെയുള്ള 11,000 കുട്ടികളും ഉൾപ്പെടുന്നുണ്ട്. അതേസമയം മീസിൽസ് രോഗം ബാധിച്ച് 71 മരണങ്ങളും രാജ്യത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. മീസൽസ് രോഗബാധയേറ്റവരിൽ 6,000 പേർ സ്ത്രീകളുമാണ്.
യൂണിസെഫിൻ്റെ അഫ്ഗാനിസ്ഥാനിലെ സ്ത്രീ ജീവനക്കാരുടെ സുരക്ഷ സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ അവർ നൽകി കഴിഞ്ഞു. സ്ത്രീ ജീവനക്കാരുടെ സുരക്ഷയ്ക്ക് പ്രാധ്യാനം നൽകണമെന്നാണ് അനുബന്ധ സംഘടനകളോട് യൂണിസെഫ് നിർദേശിച്ചത്. കുട്ടികളുടെ അവകാശത്തിനായി നിലവിൽ വന്ന ‘സേവ് ദി ചിൽഡ്രൻ’ എന്ന സംഘനയും അടുത്തിടെ അഫ്ഗാനിസ്ഥാനിലെ കുട്ടികളെ പറ്റിയുള്ള ആശങ്ക പങ്കുവെച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.
പാകിസ്താനിൽ നിന്ന് മടങ്ങിയെത്തിയ രണ്ടര ലക്ഷം കുട്ടികൾ ഭക്ഷ്യ ദൗർലഭ്യത്തിനൊപ്പം താമസ സൗകര്യത്തിനും കഷ്ടത അനുഭവിക്കുന്നുണ്ടെന്നാണ് സേവ് ദി ചിൽഡ്രൻ ചൂണ്ടിക്കാട്ടിയത്. ഇതിന് തൊട്ടു പിന്നാലെയാണ് യുണിസെഫിന്റെ റിപ്പോർട്ട് വരുന്നത്.
അഫ്ഗാനിസ്ഥാനിലെ 1.58 കോടി (15.8 മില്ല്യൺ) പേർ ഭക്ഷ്യ സുരക്ഷാ പ്രശ്‌നങ്ങളും അടിയന്തര ആവശ്യങ്ങളും നേരിടേണ്ടി വന്നേക്കാം എന്നാണ് യു.എൻ മുന്നറിയിപ്പ് നൽകുന്നത്. 2021-ൽ താലിബാൻ ഭരണം കെെയ്യടക്കിയ അഫ്ഗാനിൽ ഭൂരിഭാഗം കുടുംബങ്ങൾക്കും കുട്ടികൾക്കും ഭക്ഷണംപോലും കൊടുക്കാൻ കഴിയാത്ത സ്ഥിതിയാണ്.
ഇതിനിടെ താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തതു മുതൽ , ചൈന നിക്ഷേപ സംരംഭങ്ങളിലൂടെ രാജ്യത്തിൻ്റെ ഖനന മേഖല കയ്യടക്കാനുള്ള ലക്ഷ്യത്തിന്റെ മൂർച്ച കൂട്ടുന്നതായും ഇതിനായി ശ്രമങ്ങൾ നടത്തുന്നതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.