5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Plane Crash : വിമാനം തകർന്നുവീഴുന്നത് വീട്ടിലേക്ക്; തീഗോളമായി മാറുന്ന വീടിൻ്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നു

Plane Crashes Into House : വീട്ടിലേക്ക് വിമാനം തകർന്നുവീണ് തീഗോളമായി മാറുന്നതിൻ്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നു. ഡിഎച്ച്എലിൻ്റെ വിമാനം തകർന്നുവീഴുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അപകടത്തിൽ ഒരു ജീവനക്കാരൻ മരിച്ചു.

Plane Crash : വിമാനം തകർന്നുവീഴുന്നത് വീട്ടിലേക്ക്; തീഗോളമായി മാറുന്ന വീടിൻ്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നു
വിമാനാപകടം (Image Courtesy - Social Media)
abdul-basith
Abdul Basith | Published: 27 Nov 2024 12:56 PM

വീട്ടിലേക്ക് വിമാനം തകർന്നുവീഴുന്നതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ലിത്വാനിയയിലെ വിൽനിയസ് വിമാനത്താവളത്തിൻ്റെ പ്രാന്തപ്രദേശങ്ങളിലാണ് ഒരു കാർഗോ വിമാനം തകർന്നുവീണത്. സംഭവത്തിൽ ഒരു വിമാനജീവനക്കാരൻ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ 5.30ഓടെയാണ് അപകടം നടന്നത്. വീട്ടിലേക്ക് വിമാനം തകർന്നുവീണ് ഒരു തീഗോളമാവുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഡിഎച്ച്എൽ കാർഗോയുടെ വിമാനമാണ് തകർന്നത്. പൈലറ്റ് അടക്കം അഞ്ച് ജീവനക്കാർ വിമാനത്തിലുണ്ടായിരുന്നു. ഇവരിൽ നാല് പേർ അപകടത്തിൽ രക്ഷപ്പെട്ടു. വിമാനം തകർന്നുവീണ വീട്ടിലെ 12 താമസക്കാരെയും സുരക്ഷിതമായ ഇടത്തേക്ക് മാറ്റി. വിമാനത്താവളത്തോടടുക്കവെ വിമാനം സാവധാനം താഴുന്നത് വിഡിയോയിൽ കാണാം. വലതുവശത്തേക്ക് ചെരിഞ്ഞ് വീഴുന്ന വിമാനം നിലത്തിടിക്കുമ്പോൾ തന്നെ തീ ഉയരുന്നുണ്ട്. തുടർന്ന് നൂറ് കണക്കിന് മീറ്റർ ദൂരം നിരങ്ങിയാണ് രണ്ട് നില വീട്ടിൽ ഇടിക്കുന്നത്. പിന്നാലെ ഒരു വലിയ തീഗോളമായി മാറി വീട്ടിലേക്ക് തകർന്നുവീഴുകയാണ്. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. അഗ്നിരക്ഷാസേന ഏറെ പണിപ്പെട്ടാണ് തീ കെടുത്തിയത്. വിമാനം തകർന്നുവീണതിൻ്റെ ദൃശ്യങ്ങളും കെട്ടിടാവശിഷ്ടങ്ങളും ചിത്രങ്ങളായി പ്രചരിക്കുന്നുണ്ട്.

വിമാനം തകരാനുള്ള കാരണം വ്യക്തമായിട്ടില്ല. അപകടത്തിൽ ഒരു മരണം ഉണ്ടായിട്ടുണ്ടെന്ന് ക്രൈസിസ് മാനേജ്മെൻ്റ് ചെയർമാൻ വിൽമൻ്റാസ് വിറ്റ്കൗസ്കസ് പ്രതികരിച്ചു. അപകടത്തിൻ്റെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റ രണ്ട് ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വിമാനം തകർന്നുവീണ വീട്ടിൽ ആർക്കും പരിക്കില്ല.

Also Read : Earth Axis: ഭൂമിയുടെ അച്ചുതണ്ട് ചരിഞ്ഞു, കാരണമറിയാമോ ? അനന്തരഫലങ്ങൾ എന്തൊക്കെ ?

വീടും വീടിന് സമീപത്തുണ്ടായിരുന്ന ചില നിർമ്മിതികളും അഗ്നിക്കിരയായിരുന്നു. വീട് ചെറുതായി തകർന്നിട്ടുണ്ട്. പക്ഷേ, ആളുകളെ ഒഴിപ്പിക്കാനായി എന്ന് ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെൻ്റ് ചീഫ് റെനാറ്റാസ് പൊസേല പറഞ്ഞു.

ജർമ്മനിയിലെ ലെപ്സിഗിൽ നിന്ന് വിൽനിയസ് വിമാനത്താവളത്തിലേക്ക് സഞ്ചരിക്കുകയായിരുന്നു ഈ വിമാനം. എന്നാൽ, വിമാനത്താവളത്തിന് കിലോമീറ്റർ അകലെ വിമാനം തകർന്നുവീണു. സംഭവത്തിന് പിന്നിൽ തീവ്രവാദബന്ധമുണ്ടോ എന്ന് സംശയമുണ്ടെന്ന് ലിത്വാനിയൻ ഇൻ്റലിജൻസ് ചീഫ് ഡാരിയസ് ജുവാനിസ്കിസ് പറഞ്ഞു. സംഭവത്തിൽ റഷ്യയെ സംശയമുണ്ടെന്നും ആ വഴിയ്ക്ക് സമാന്തര അന്വേഷണം നടത്തുമെന്നും ഇൻ്റലിജൻസ് വ്യക്തമാക്കി. നിലവിൽ ഇതിന് തെളിവില്ലെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്നും ഇൻ്റലിജൻസ് അറിയിച്ചു. ജർമ്മൻ വിദേശകാര്യ മന്ത്രി അന്നലേന ബേർബോക്ക് ആക്രമണത്തെ അപലപിച്ചു. ഇതൊരു അപകടമാണോ ആസൂത്രിത ആക്രമണമാണോ എന്ന് അന്വേഷിക്കുമെന്നും അവർ പറഞ്ഞു.