Justin Trudeau: കാനഡയില്‍ ഖലിസ്ഥാന്‍ക്കാരുണ്ട്, എല്ലാ ഹിന്ദുക്കളും മോദിയെ പിന്തുണയ്ക്കുന്നവരല്ല: ജസ്റ്റിന്‍ ട്രൂഡോ
India-Canada Conflicts: 2023ല്‍ സെപ്റ്റംബറിലാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായത്. ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. ഇതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്.
ഒട്ടാവ: കാനഡയില്‍ ഖലിസ്ഥാന്‍ അനുകൂലികളുടെ സാന്നിധ്യമുണ്ടെന്ന് സമ്മതിച്ച് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇന്ത്യ-കാനഡ നയതന്ത്ര സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് ജസ്റ്റിന്‍ ട്രൂഡോയുടെ വെളിപ്പെടുത്തല്‍. ഇതാദ്യമായാണ് രാജ്യത്ത് ഖലിസ്ഥാന്‍ സാന്നിധ്യമുണ്ടെന്ന് ജസ്റ്റിന്‍ ട്രൂഡോ തുറന്നുസമ്മതിക്കുന്നത്. ഒട്ടാവയിലെ പാര്‍ലമെന്റ് ഹില്ലില്‍ നടന്ന ദീപാവലി ആഘോഷത്തിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്ന ഒട്ടേറെ ഹിന്ദുക്കള്‍ കാനഡയിലുണ്ട്. എന്നാല്‍ അവരെല്ലാം കാനഡയിലെ മുഴുവന്‍ ഹിന്ദുക്കളെയും പ്രതിനിധീകരിക്കുന്നില്ലെന്ന് ദീപാവലി ആഘോഷവേളയിലെ പ്രസംഗത്തില്‍ ട്രൂഡോ പറഞ്ഞു.
“കാനഡയില്‍ ഖലിസ്ഥാനെ പിന്തുണയ്ക്കുന്ന ഒട്ടേറെയാളുകളുണ്ട്. എന്നാല്‍ പൂര്‍ണമായും സിഖ് സമൂഹം അങ്ങനെയല്ല. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരും ഇവിടെയുണ്ട്. എന്നാല്‍ എല്ലാ കനേഡിയന്‍ ഹിന്ദുക്കളും അങ്ങനെയല്ല,” ട്രൂഡോ പറഞ്ഞു.
2023ല്‍ സെപ്റ്റംബറിലാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായത്. ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. ഇതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. ഇരുരാജ്യങ്ങളിലുമുള്ള നയതന്ത്ര ഉദ്യോഗസ്ഥരെ പരസ്പരം പുറത്താക്കുകയും ചെയ്തു. കാനഡയിലെ സ്ഥാനപതിയായിരുന്ന സഞ്ജയ് കുമാര്‍ വര്‍മയുള്‍പ്പെടെയുള്ള ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നിക്ഷിപ്ത താത്പര്യമുണ്ടെന്ന് കനേഡിയന്‍ പോലീസ് കഴിഞ്ഞ മാസം ആരോപിക്കുകയും ചെയ്തിരുന്നു.
അതേസമയം, കാനഡയിലെ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. ഭീഷണിപ്പെടുത്തുന്നത് ഭീരുത്വം. കനേഡിയന്‍ സര്‍ക്കാര്‍ നീതി ഉറപ്പാക്കുമെന്നും നിയമവാഴ്ച ഉയര്‍ത്തിപിടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും തന്റെ എക്‌സ് ഹാന്‍ഡിലില്‍ പങ്കുവെച്ച പോസ്റ്റില്‍ പ്രധാനമന്ത്രി പറഞ്ഞു. ആക്രമണത്തില്‍ പ്രതികരിച്ചുകൊണ്ട് ജസ്റ്റിന്‍ ട്രൂഡോയും രംഗത്തെത്തിയിരുന്നു. ഇത്തരം സംഭവങ്ങള്‍ അംഗീകരിക്കാനാകില്ലെന്നാണ് ട്രൂഡോ പ്രതികരിച്ചത്.
അതേസമയം, വിദേശവിദ്യാര്‍ഥികള്‍ക്ക് ഫാസ്റ്റ് ട്രാക്ക് വിസ നല്‍കുന്നത് അവസാനിപ്പിച്ചിരിക്കുകയാണ് കാനഡ. സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്ഡിഎസ്) അടിയന്തരമായി അവസാനിപ്പിക്കുന്നതായി ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്റ് സിറ്റിസണ്‍ഷിപ് കാനഡ (ഐആര്‍സിസി) പ്രസ്താവനയിലൂടെ അറിയിച്ചു. വിദേശവിദ്യാര്‍ഥികള്‍ക്ക് വളരെ വേഗത്തില്‍ രേഖകളുടെ പരിശോധനകള്‍ നടത്തുകയും ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ അംഗീകരിക്കുകയും ചെയ്തിരുന്ന കാനഡയുടെ പദ്ധതിയാണ് എസ്ഡിഎസ്.
എസ്ഡിഎസ് പദ്ധതി 2018 ലാണ് കാനഡ ആവിഷ്‌കരിച്ചത്. കാനഡയില്‍ തുടര്‍വിദ്യാഭ്യാസം നേടാന്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് കാലതാമസം വരാതിരിക്കുന്നതിന് എസ്ഡിഎസ് പദ്ധതി ഗുണം ചെയ്തിരുന്നു. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള വിദ്യാര്‍ഥികളെ മുന്നില്‍ കണ്ടായിരുന്നു കാനഡ എസ്ഡിഎസ് പദ്ധതി ആവിഷ്‌കരിച്ചത്. ഈ പദ്ധതിയില്‍ കാനഡ പരിഗണിച്ചിരുന്നത് ഭാഷയും സാമ്പത്തിക പ്രതിബദ്ധതയും മാത്രമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ പ്രാദേശിക സമയം നവംബര്‍ എട്ടിന് ഉച്ചയ്ക്ക് രണ്ടുവരെ ലഭിച്ച അപേക്ഷകള്‍ മാത്രമെ ഇനി പരിഗണിക്കൂ എന്നാണ് അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഈ സമയത്തിന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സാധാരണ സ്റ്റഡി പെര്‍മിറ്റ് അപേക്ഷകള്‍ പോലെയാകും ഇനി മുതല്‍ പരിഗണിക്കുക. കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് അനുമതി ലഭിക്കുന്നതും അതിവേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന തരത്തിലുള്ളതുമായിരുന്നു എസ്ഡിഎസ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് കാനഡയിലേക്ക് പോകുന്നതിന് ഇനി ദൈര്‍ഘ്യമേറിയ വിസ നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടിവരുമെന്ന കാര്യം ആശങ്കകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.