Canada: കാനഡയിലേക്ക് ചേക്കേറല്‍ എളുപ്പമാകില്ല, വിദ്യാര്‍ഥികളും തൊഴിലാളികളും കടക്ക് പുറത്ത്; ഇന്ത്യക്കാരെ എങ്ങനെ ബാധിക്കും?

Canadian Immigration Law: 2021നും 2023നും ഇടയില്‍ അനുവദിച്ച തൊഴില്‍ വീസകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം 2.4 ലക്ഷം പേരാണ് ടിഎഫ്ഡബ്ല്യൂ സംവിധാനത്തിലൂടെ കാനഡയില്‍ ജോലിക്കെത്തിയത്. റസ്‌റ്റോറന്റ്, റീട്ടെയ്ല്‍ മേഖലകളിലാണ് ഭൂരിഭാഗം ആളുകളും ജോലി ചെയ്തിരുന്നത്.

Canada: കാനഡയിലേക്ക് ചേക്കേറല്‍ എളുപ്പമാകില്ല, വിദ്യാര്‍ഥികളും തൊഴിലാളികളും കടക്ക് പുറത്ത്; ഇന്ത്യക്കാരെ എങ്ങനെ ബാധിക്കും?
Published: 

28 Aug 2024 08:04 AM

ഒട്ടാവ: വിദേശത്ത് നിന്നുള്ള തൊഴിലാളികളുടെയും വിദ്യാര്‍ഥികളുടെയും വരവ് നിയന്ത്രിക്കാന്‍ തീരുമാനിച്ച് കാനഡ. താത്കാലിക തൊഴില്‍ വിസയില്‍ രാജ്യത്തേക്ക് എത്തുന്നവരെ നിയന്ത്രിക്കാനുള്ള പുതിയ മാനദണ്ഡങ്ങള്‍ സെപ്റ്റംബര്‍ 26 മുതല്‍ പ്രാബല്യത്തില്‍ വരും. രാജ്യത്ത് തൊഴിലവസരങ്ങള്‍ കുറയുകയും തദ്ദേശീയരായ യുവാക്കള്‍ തൊഴില്‍ രഹിതരാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കനേഡിയന്‍ സര്‍ക്കാരിന്റെ പുതിയ നീക്കം.

വിവിധ തൊഴില്‍ മേഖലയില്‍ 20 ശതമാനം വരെ കുറഞ്ഞ വേതനത്തില്‍ താത്കാലികമായി വിദേശ തൊഴിലാളികള്‍ക്ക് നിലവിലുണ്ടായിരുന്ന അവസരം 10 ശതമാനമായി കുറച്ചു. അതിരൂക്ഷമായ തൊഴിലില്ലായ്മയാണ് രാജ്യം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് 6.4 ശതമാനമാണ്. എന്നാല്‍ യുവാക്കളിലെ തൊഴിലില്ലായ്മ നിരക്ക് 14.2 ശതമാനമാണെന്നാണ് കനേഡിയന്‍ എംപ്ലോയ്‌മെന്റ്, വര്‍ക്‌ഫോഴ്‌സ് ഡെവലപ്പ്‌മെന്റ് ആന്റ് ഒഫീഷ്യല്‍ ലാംഗ്വേജസ് മന്ത്രാലയത്തിന്റെ കണക്കുകളില്‍ പറയുന്നത്.

Also Read: Maternity Leave : അബുദാബിയിൽ പ്രസവാവധി 30 ദിവസം കൂടി നീട്ടി; സെപ്തംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ

2021നും 2023നും ഇടയില്‍ അനുവദിച്ച തൊഴില്‍ വീസകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം 2.4 ലക്ഷം പേരാണ് ടിഎഫ്ഡബ്ല്യൂ സംവിധാനത്തിലൂടെ കാനഡയില്‍ ജോലിക്കെത്തിയത്. റസ്‌റ്റോറന്റ്, റീട്ടെയ്ല്‍ മേഖലകളിലാണ് ഭൂരിഭാഗം ആളുകളും ജോലി ചെയ്തിരുന്നത്.

അതേസമയം, കാനഡയില്‍ കുടിയേറ്റ നയം നടപ്പാക്കിയതോടെ നിരവധി വിദേശ വിദ്യാര്‍ഥികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. 70,000ത്തോളം വിദേശ വിദ്യാര്‍ഥികള്‍ കാനഡയില്‍ പുറത്താക്കല്‍ ഭീഷണി നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്റ്റഡി പെര്‍മിറ്റ് പരിമിതപ്പെടുത്തിയതിനോടൊപ്പം സ്ഥിരതാമസത്തിനുള്ള അനുമതി വെട്ടിക്കുറച്ചതുമാണ് വിദ്യാര്‍ഥികള്‍ക്ക് വെല്ലുവിളിയായത്. വര്‍ക്ക് പെര്‍മിറ്റ് അവസാനിക്കുന്നതോടെ ഈ വര്‍ഷാവസാനം നിരവധി ബിരുദധാരികള്‍ നാടുകടത്തലിന് വിധേയരാകേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.

പുതിയ പ്രവിശ്യാനയങ്ങളിലൂടെ സ്ഥിരതാമസ അപേക്ഷകളില്‍ 25 ശതമാനമാണ് സര്‍ക്കാര്‍ കുറവ് വരുത്തിയിരിക്കുന്നത്. 2023ല്‍ കാനഡയിലുള്ള ആകെ വിദ്യാര്‍ഥികളില്‍ 37 ശതമാനവും വിദേശ വിദ്യാര്‍ഥികളാണെന്നാണ് കണക്ക്. ഭവനം, ആരോഗ്യസംരക്ഷണം, മറ്റ് സേവനങ്ങള്‍ എന്നിവയില്‍ ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നാണ് കനേഡിയന്‍ സര്‍ക്കാര്‍ പറയുന്നത്. ഇത് പരിഗണിച്ചാണ് അടുത്ത രണ്ട് വര്‍ഷത്തേക്ക് വിദേശ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്റ്റഡി പെര്‍മിറ്റ് നല്‍കുന്നത് നിയന്ത്രിക്കുന്നത്.

തൊഴിലില്ലായ്മ നിരക്ക് ആറ് ശതമാനം അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള മേഖലകളില്‍ താത്ക്കാലിക വിദേശ തൊഴിലാളികളെ നിയമിക്കുന്നത് തടയും. തൊഴിലുടമകള്‍ക്ക് നിയമിക്കാനാകുന്ന കുറഞ്ഞ വേതനമുള്ള താത്ക്കാലിക വിദേശ തൊഴിലാളികളുടെ എണ്ണം മൊത്തം തൊഴില്‍ശേഷിയുടെ വിഹിതം 10 ശതമാനം ആയി കുറയ്ക്കും. കുറഞ്ഞ വേതനമുള്ള താത്ക്കാലിക വിദേശ തൊഴിലാളികളുടെ പെര്‍മിറ്റ് രണ്ട് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമാക്കി കുറയ്ക്കും തുടങ്ങിയ മാറ്റങ്ങളാണ് നിലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൃഷി, ഭക്ഷ്യ സംസ്‌കരണം, നിര്‍മാണം, ആരോഗ്യ സംരക്ഷണം എന്നിവയുള്‍പ്പെടെയുള്ള ചില മേഖലകളെ ഈ മാറ്റങ്ങളില്‍ നിന്ന് ഒഴിവാക്കുന്നു.

ഇന്ത്യക്കാരെ എങ്ങനെ ബാധിക്കും?

കാനഡയിലെ ജനസംഖ്യയില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷത്തെ കാനഡയിലെ ജനസംഖ്യാ വളര്‍ച്ചയുടെ ബഹുഭൂരിപക്ഷവും കുടിയേറ്റം കാരണമാണ്. ജസ്റ്റിന്‍ ട്രൂഡോയും അദ്ദേഹത്തിന്റെ സര്‍ക്കാരും സേവനങ്ങളും താമസ സൗകര്യങ്ങളും വര്‍ധിപ്പിക്കാതെ കുടിയേറ്റം വര്‍ധിപ്പിക്കുകയാണെന്ന് നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

എംപ്ലോയ്മെന്റ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്മെന്റ് കാനഡയുടെ കണക്കനുസരിച്ച് 2023ല്‍ ഏകദേശം 1,83,820 താതക്കാലിക വിദേശ തൊഴിലാളി പെര്‍മിറ്റുകള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇത് 2019നെ അപേക്ഷിച്ച് 88 ശതമാനം കൂടുതലാണ്. 2024ന്റെ തുടക്കത്തില്‍ താത്ക്കാലിക വിദേശ തൊഴിലാളി പ്രോഗ്രാമിന്റെ കുറഞ്ഞ വേതന സ്ട്രീം വഴി 28,730 പേരെ നിയമിക്കുന്നതിന് തൊഴിലുടമകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടായിരുന്നു.

കാനഡയിലുള്ള ഇന്ത്യക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള 26,495 തൊഴിലാളികളാണ് താത്കാലിക ഫോറിന്‍ വര്‍ക്കര്‍ പ്രോഗ്രാമിന് കീഴില്‍ 2023ല്‍ കാനഡയില്‍ എത്തിയത്. 2022ല്‍ 2,20,000 പുതിയ വിദ്യാര്‍ഥികളാണ് ഇന്ത്യയില്‍ നിന്നും കാനഡയിലേക്കെത്തിയത്. കാനഡയിലേക്ക് ഏറ്റവുമധികം വിദ്യാര്‍ഥികളെയെത്തിക്കുന്ന രാജ്യം കൂടിയായി ഇന്ത്യ മാറി.

Also Read: Right to disconnect law: അവധി ദിവസം വിളിക്കുന്ന ബോസിനെ മൈൻഡ് ചെയ്യേണ്ട; പുതിയ നിയമവുമായ ഓസ്ട്രേലിയ

2000നും 2020നും ഇടയില്‍ കാനഡയില്‍ രജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ ജനസംഖ്യ 6,70,000ല്‍ നിന്ന് പത്ത് ലക്ഷമായി വര്‍ധിച്ചു. 2020ലെ കണക്ക് അനുസരിച്ച് 10,21,356 രജിസ്റ്റര്‍ ചെയ്ത ഇന്ത്യക്കാര്‍ കാനഡയില്‍ താമസിക്കുന്നുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 18 ലക്ഷം ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ ഏകദേശം 28 ലക്ഷം ഇന്ത്യക്കാര്‍ ഇപ്പോള്‍ കാനഡയില്‍ ഉണ്ട്.

ഇവിടെ താത്ക്കാലികമായി താമസിക്കുന്നവരുടെ എണ്ണം മൂന്ന് വര്‍ഷത്തിനുള്ളില്‍ മൊത്തം ജനസംഖ്യയുടെ അഞ്ച് ശതമാനമായി കുറയ്ക്കാനാണ് കനേഡിയന്‍ സര്‍ക്കാരിന്റെ ലക്ഷ്യമിട്ടിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലെ കണക്ക് പ്രകാരം അത് 6.8 ശതമാനം ആയിരുന്നു ഇത്. ഇപ്പോഴത്തെ നടപടികള്‍ താത്ക്കാലിക വിദേശ തൊഴിലാളികളുടെ എണ്ണം 65,000 ആയി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എംപ്ലോയ്മെന്റ് മന്ത്രി റാണ്ടി ബോയ്സോണോള്‍ട്ട് പറയുന്നു.

രാജ്യത്ത് എത്തുന്ന വിദേശ വിദ്യാര്‍ഥികളുടെ എണ്ണം കുറക്കുന്നതിനായി വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള ജീവിത ചെലവ് ഇരട്ടിയാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ അടുത്തിടെ കാനഡ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. ഇന്ത്യക്കാരെ ബാധിക്കുന്ന കാനഡയുടെ നയമാറ്റത്തിന് പിന്നില്‍ അടുത്തിടെ ഉണ്ടായ നയതന്ത്ര രംഗത്തെ വിള്ളലാണ് എന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്.

Related Stories
Saudi Arabia : അധ്യാപകർക്ക് ലൈസൻസ് നിർബന്ധമാക്കി സൗദി അറേബ്യ; നിബന്ധനകളിൽ ഇളവ്
Jyotiraditya Scindia: ഇന്ത്യ ഉടൻ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും. 2027-ൽ അത് മൂന്നാമതാകും- കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ
Israel-Hezbollah Conflict: സ്‌ഫോടന ശബ്ദം നിലയ്ക്കാതെ ലെബനന്‍; വീണ്ടും ബോംബാക്രമണം
Pakistan Attack: പാകിസ്ഥാനില്‍ വാഹനങ്ങള്‍ക്ക് നേരെ ഭീകരവാദികളുടെ വെടിവെപ്പ്; 50 മരണം
Gautam Adani: അദാനിക്ക് തിരിച്ചടി; വിമാനത്താവളം പാട്ടത്തിനെടുക്കന്നതിന് അദാനി ഗ്രൂപ്പുമായി ഒപ്പുവെച്ച കരാറുകൾ റദ്ധാക്കി കെനിയ
News9 Global Summit: ഇന്ത്യ-ജർമ്മനി ബന്ധത്തിൻ്റെ ചരിത്രപരമായ നാഴികക്കല്ല്, ജർമ്മനിയോട് നന്ദി: ടിവി നെറ്റ്‌വർക്ക് എംഡി & സിഇഒ ബരുൺ ദാസ്
സ്‌ട്രെസ് കുറയ്ക്കണോ? ഇക്കാര്യങ്ങൾ ചെയ്യൂ...
എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
മുടികൊഴിച്ചിൽ കുറയ്ക്കണോ? കരിഷ്മ തന്നയുടെ ടിപ്സ് പരീക്ഷിച്ചു നോക്കൂ
ഐപിഎൽ ഭാഗ്യം കാത്ത് മലയാളി താരങ്ങൾ