Burj Khalifa NYE 2024 Fireworks: പുതുവർഷ കരിമരുന്ന് കലാപ്രകടനത്തിനൊരുങ്ങി ബുർജ് ഖലീഫ; കാണാൻ പോകുന്നവർ അറിഞ്ഞിരിക്കേണ്ടത്
Burj Khalifa NYE 2024 Fireworks A Complete Guide : ബുർജ് ഖലീഫയിലെ പുതുവർഷ വെടിക്കെട്ട് വളരെ പ്രശസ്തമാണ്. ഇത് നേരിട്ട് കാണാൻ പോകുന്നവർ ഒരുപാടുണ്ട്. ഇങ്ങനെ നേരിട്ട് കാണാൻ പോകുന്നവർ അറിയേണ്ട ചില കാര്യങ്ങൾ.
ബുർജ് ഖലീഫയിലെ പുതുവർഷ വെടിക്കെട്ട് വളരെ പ്രശസ്തമാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ പോലും ഇത് കാണാൻ ദുബായിൽ എത്താറുണ്ട്. പുതുവർഷത്തലേന്ന് നടക്കുന്ന ഈ വെടിക്കെട്ട് ലൈവ് സ്ട്രീം ചെയ്യാറുണ്ടെങ്കിലും നേരിട്ട് കാണുന്നതാണ് മനോഹരം. ഓരോ വർഷവും ഈ വെടിക്കെട്ട് കാണാൻ ആളുകൾ കൂടുതലെത്തുന്നതും ഇതുകൊണ്ടാണ്. ഈ കരിമരുന്ന് കലാപ്രകടനം കാണാൻ പോകുന്നവർ അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ദുബായിലെത്തിക്കഴിഞ്ഞ് കാര്യങ്ങൾ തീരുമാനിക്കാമെന്ന് കരുതിയാൽ പണി പാളും. അതിനാൽ നേരത്തെ തയ്യാറാവണം. നാല് മാർഗങ്ങളിലൂടെ ബുർജ് ഖലീഫ കരിമരുന്ന് കലാപ്രകടനം കാണാൻ കഴിയുന്ന ഏറ്റവും മികച്ച സ്ഥലങ്ങളിലെത്താം. ഒന്നുകിൽ പൊതുവായി ആളുകൾക്ക് വെടിക്കെട്ട് കാണാവുന്ന ഏതെങ്കിലും ഇടങ്ങളിൽ നേരത്തെ എത്തി സീറ്റ് പിടിക്കുക. ഇതിന് പണം നൽകേണ്ട. പക്ഷേ, വളരെ നേരത്തെ സ്ഥലത്തെത്തി ഏറെ നേരം കാത്തിരിക്കേണ്ടിവരും. ബുർജ് പാർക്കിലെ ആഘോഷങ്ങളിലേക്ക് ടിക്കറ്റെടുക്കുകയെന്നതാണ് രണ്ടാമത്തെ രീതി. ഇതിലൂടെ നേരിട്ട് ആഘോഷങ്ങളിൽ പങ്കാവാം. ബുർജ് ഖലീഫ, ദുബായ് ഫൗണ്ടേഷൻ എന്നിവകളുടെ വിശാലമായതും കൃത്യമായതുമായ കാഴ്ച ലഭിക്കുന്ന റെസ്റ്റോറൻ്റുകളിലോ കഫേകളിലോ ടേബിൾ റിസർവ് ചെയ്യുക എന്നതാണ് മൂന്നാമത്തെ രീതി. സമീപത്തെ ഏതെങ്കിലും ഹോട്ടലിൽ റൂം ബുക്ക് ചെയ്ത് വളരെ സൗകര്യപ്രദമായി കരിമരുന്ന് കലാപ്രകടനം ആസ്വദിക്കാമെന്നതാണ് നാലാമത്തെ രീതി.
പൊതുസ്ഥലത്തുനിന്നാണ് കാണുന്നതെങ്കിൽ ശ്രദ്ധിക്കേണ്ടത്
ഡൗൺടൗൺ ദുബായുടെ വിവിധ ഇടങ്ങളിലായി പബ്ലിക് വ്യൂവിങ് ഏരിയകളുണ്ട്. ഇവിടെ നിന്ന് കാണാൻ സൗജന്യമാണ്. സൗജന്യമായതുകൊണ്ട് തന്നെ ഇവിടങ്ങളിൽ ജനക്കൂട്ടമുണ്ടാവും. ആദ്യം വരുന്നവർക്ക് സൗകര്യപ്രദമായി വെടിക്കെട്ട് കാണാം. അതുകൊണ്ട് തന്നെ എത്രയും നേരത്തെ സ്ഥലത്തെത്തി സീറ്റ് പിടിയ്ക്കണം. അർദ്ധരാത്രിയിൽ വെടിക്കെട്ട് നടക്കുന്നത് വരെ അവിടെ തുടരുകയും വേണം. അഞ്ച് മണിയ്ക്കാണ് ഈ സ്ഥലങ്ങൾ തുറക്കുക. അപ്പോൾ തന്നെ എത്തി സീറ്റ് പിടിച്ചാൽ ഏറ്റവും നല്ലത്. ഭക്ഷണം കൊണ്ടുവന്ന് കഴിക്കാൻ അനുവാദമുണ്ട്.
ബുർജ് പാർക്കിലെ ആഘോഷം
ബുർജ് പാർക്കിലെ ആഘോഷത്തിൽ പങ്കെടുക്കാനാണ് തീരുമാനമെങ്കിൽ ടിക്കറ്റെടുക്കണം. വെടിക്കെട്ട് ഏറ്റവും നന്നായി കാണാൻ കഴിയുന്ന ഇടമാണിത്. 580 ദിർഹമാണ് ടിക്കറ്റ് വില. ഇതിൽ 60 ദിർഹമിൻ്റെ ഭക്ഷണ കൂപ്പണുമുണ്ടാവും. കുട്ടികൾക്ക് 30 ദിർഹമിൻ്റെ ഭക്ഷണ കൂപ്പൺ സഹിതം 370 ദിർഹമാണ് ടിക്കറ്റ് വില. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റെടുക്കേണ്ടതില്ല. https://dubai.platinumlist.net/event-tickets/emaar-new-years-eve എന്ന ലിങ്കിൽ നിന്ന് ടിക്കറ്റ് വാങ്ങാം. ടിക്കറ്റിനെക്കൂടാതെ ബുർജ് പാർക്കിൽ പ്രവേശിക്കാൻ ബാഡ്ജും വേണം. ദുബായ് മാൾ, ദുബായ് ഹിൽസ് മാൾ, ദുബായ് മറീന മാൾ എന്നിവിടങ്ങളിൽ നിന്ന് ഡിസംബർ 26 മുതൽ 30 വരെ ബാഡ്ജുകൾ സ്വീകരിക്കാം.
റെസ്റ്റോറൻ്റ്
ബുർജ് ഖലീഫയ്ക്ക് ചുറ്റും വിവിധ റെസ്റ്റോറൻ്റുകളിലിരുന്ന് വെടിക്കെട്ട് കാണാം. സാധാരണയിലും ഉയർന്ന വിലയാവും ഈ സമയത്ത് റിസർവേഷനായി നൽകേണ്ടത്. ഈ സ്ലോട്ടുകളൊക്കെ വേഗം നിറയാറുണ്ട്. അതിനാൽ എത്രയും വേഗം സീറ്റ് റിസർവ് ചെയ്യുക. റിസർവ് ചെയ്താൽ ബാഡ്ജുകളും റിസ്റ്റ്ബാൻഡുകളും ലഭിക്കും.
ഹോട്ടൽ മുറി
സ്ഥലത്തെ പല ഹോട്ടലുകളും വെടിക്കെട്ടിൻ്റെ നല്ല കാഴ്ചയൊരുക്കാറുണ്ട്. എന്നാൽ, ഈ ഹോട്ടലുകളിൽ പലതും മാസങ്ങൾക്ക് മുമ്പേ ബുക്ക് ചെയ്യപ്പെടാറുണ്ട്. സാധാരണയിലും അഞ്ചിരട്ടി വിലയാണ് ഈ സമയത്ത് മുറികൾക്ക് ഈടാക്കുക. ഹോട്ടലുകളിൽ മുറി റിസർവ് ചെയ്യുന്നവർക്കും ബാഡ്ജ് ലഭിക്കും.
വൈകുന്നേരം ആറിനും എട്ടിനും ഇടയിൽ പല റോഡുകളും അടയ്ക്കും. അതിനാൽ, അതിന് മുൻപേ എത്താൻ ശ്രമിക്കുക. ദുബായ് മെട്രോയും യാത്രയ്ക്ക് ഉപയോഗിക്കാം.