Brazil Plane Crash: ബ്രസീലിൽ വിമാനം തകര്‍ന്നു വീണു; യാത്രക്കാരും ജീവനക്കാരും അടക്കം 62 പേര്‍ മരിച്ചു
Brazil Plane Crash Updates: ബ്രസീലിലെ സാവോപോളോയിൽ യാത്ര വിമാനം തകർന്നു ജനവാസ മേഖലയിൽ വീണു. വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരും ക്രൂ അംഗങ്ങളും ഉൾപ്പടെ എല്ലാവരും മരിച്ചു.
ബ്രസീലിൽ യാത്ര വിമാനം തകർന്ന് വീണു 62 പേർ മരിച്ചു. ബ്രസീലിലെ സാവോ പോളോയിലേക്ക് പോയ എടിആർ-72 വിമാനമാണ് അപകടത്തിൽപ്പെട്ടത്. 58 യാത്രക്കാരും, 4 ക്രൂ അംഗങ്ങളുമുൾപ്പടെ വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായാണ് പുറത്തു വരുന്ന റിപോർട്ടുകൾ.
സാവോപോളോയിലേക്ക് പോകുകയായിരുന്ന വിമാനം വെള്ളിയാഴ്‌ച വിൻഹെഡോ നഗരത്തിന് സമീപമുള്ള ഒരു ജനവാസ മേഖലയിൽ തകർന്ന് വീഴുകയായിരുന്നു. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. വിൻഹെഡോ നഗരത്തിലെ ഒരു വീട്ട്മുറ്റതാണ് വിമാനം തകർന്നു വീണതെന്ന് പ്രാഥമിക അഗ്നിശമന സേന സ്ഥിതീകരിച്ചിട്ടുണ്ട്.
വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുന്നതിന്റെയും, ആ പ്രദേശത്ത് നിന്ന് തീ പടരുന്നതും പുക ഉയരുന്നതുമെല്ലാം നമുക്ക് ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. ബ്രസീൽ ടിവി ഗ്ലോബോ ന്യൂസ് ആണ് ദൃശ്യങ്ങൾ പങ്കുവെച്ചത്.
🇧🇷GRAPHIC CONTENT WARNING ⚠️
Tragically, there are no chances of survivors from the plane crash in Vinhedo, SP.
My thoughts are with the victims and their families during this incredibly difficult time.🙏🙏#Brazil #planecrash #Boeing pic.twitter.com/iiwk3Mvucl
— Lianbawi (@the_singtangpa) August 9, 2024
“തിരിച്ചറിയലിനായി ഇരകളുടെ അവശിഷ്ടങ്ങൾ വീണ്ടെടുക്കൽ ആരംഭിച്ചു, രാത്രി മുഴുവൻ തുടരും,” എന്ന് സാവോ പോളോ സ്റ്റേറ്റ് ഗവർണർ ടാർസിസിയോ ഡി ഫ്രീറ്റാസ് സംഭവസ്ഥലത്ത് നിന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അപകടത്തിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് കിട്ടുന്ന വിവരം. അപകടത്തിന്റെ കാരണം വ്യക്തമല്ല. ബ്രസീലിലെ സെനിപ(CENIPA) ഏവിയേഷൻ അപകട ഏജൻസി അന്വേഷണം ആരംഭിച്ചു.
സംഭവ സമയത്ത് ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്ന പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ, അപകട വാർത്ത എല്ലാവരെയും അറിയിക്കുകയും ഒരു മിനിറ്റ് മൗനം അഭ്യർത്ഥിക്കുകയും ചെയ്തു. രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
2010ൽ നിർമ്മിച്ച വിമാനം ആണിത്. വിമാനത്തിന് എല്ലാവിധ രജിസ്ട്രേഷനുകളും സർട്ടിഫിക്കറ്റുകളും ഉണ്ടെന്ന് ബ്രസീൽ സിവിൽ ഏവിയേഷൻ ഏജൻസി അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന നാല് ജീവനക്കാരും ലൈസൻസും ആവശ്യമായ യോഗ്യതകളും ഉള്ളവരായിരുന്നു.
READ MORE: പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഒമ്പതായി കുറയ്ക്കണം; ഇറാഖിന്റെ വിവാദ ബിൽ
2007 ൽ സാവോപോളോയിലെ കോങ്കോണാസ് വിമാനത്താവളത്തിൽ സമാനമായ അപകടം നടന്നിരുന്നു. സാവോപോളോയിലെ കോങ്കോണാസ് വിമാനത്താവളത്തിൽ ടിഎഎം എക്‌സ്‌പ്രസ് വിമാനം ആണ് തകർന്ന് വീണത്. വിമാനത്തിൽ ഉണ്ടായിരുന്ന 199 പേർക്കാണ് ജീവൻ നഷ്ടമായത്. അതിനു ശേഷം ബ്രസീലിൽ ഉണ്ടായ ഏറ്റവും വലിയ വിമാനാപകടം ആണിത്.
ഏവിയേഷൻ സേഫ്റ്റി നെറ്റ്‌വർക്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ വിമാനാപകടങ്ങൾ നടന്ന രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ബ്രസീൽ. ഇതുവരെ 193 വിമാനാപകടങ്ങളാണ് ബ്രസീലിൽ ഉണ്ടായിട്ടുള്ളത്. ആദ്യ രണ്ട് സ്ഥാനങ്ങളിൽ യുഎസ്എ, റഷ്യ എന്നീ രാജ്യങ്ങളാണ്. പത്താം സ്ഥാനത്താണ് ഇന്ത്യ.