5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Starliner mission: തകരാർ കണ്ടെത്തിയതിനെ തുടർന്ന് ബോയിങ് സ്റ്റാർലൈനർ വിക്ഷേപണം മാറ്റിവച്ചു

യുഎസിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് ബോയിങ്‌ സ്റ്റാർലൈനർ വിക്ഷേപണത്തിന് തയ്യാറായത്.

Starliner mission: തകരാർ കണ്ടെത്തിയതിനെ തുടർന്ന് ബോയിങ് സ്റ്റാർലൈനർ വിക്ഷേപണം മാറ്റിവച്ചു
Boeing Starliner mission launching postponed
neethu-vijayan
Neethu Vijayan | Published: 07 May 2024 09:06 AM

ന്യൂയോർക്ക്: തകരാർ കണ്ടെത്തിയതിനെ തുടർന്ന് ബോയിങ്‌ സ്റ്റാർലൈനറിൻ്റെ വിക്ഷേപണം മാറ്റിവച്ചു. റോക്കറ്റിലെ ഓക്സിജൻ വാൽവിലാണ് തകരാർ കണ്ടെത്തിയത്. വിക്ഷേപണത്തിന് രണ്ട് മണിക്കൂർ മുമ്പാണ് തകരാർ കണ്ടെത്തിയത്. യാത്രികരായ ബുച്ച് വിൽമോറും സുനിത വില്യംസും വിക്ഷേപണത്തിനായി പേടകത്തിൽ പ്രവേശിച്ചിരുന്നു. വിക്ഷേപണം മാറ്റിവെച്ചതോടെ ഇവരെ പേടകത്തിൽ നിന്ന് തിരിച്ചിറക്കിയതായും അധികൃതർ അറിയിച്ചു.

ഇന്ത്യൻ സമയം രാവിലെ എട്ടിന് ശേഷമാണ് ബോയിങ്‌ സ്റ്റാർലൈനറിൻ്റെ വിക്ഷേപണം തീരുമാനിച്ചിരുന്നത്. യുഎസിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് ബോയിങ്‌ സ്റ്റാർലൈനർ വിക്ഷേപണത്തിന് തയ്യാറായത്. വിക്ഷേപണത്തിന് രണ്ട് മണിക്കൂർ മുമ്പ് റോക്കറ്റിലെ ഓക്സിജൻ വാൽവിൽ തകരാർ കണ്ടെത്തിയതോടെ വിക്ഷേപണം മാറ്റിവയ്ക്കുകയായിരുന്നു.

പേടകത്തിലെ ഇന്ധനം ഒഴിപ്പിക്കാനുള്ള നടപടികൾ ഉടൻ ഉണ്ടാകും. അടുത്ത വിക്ഷേപണം എന്നാണെന്ന് പിന്നീട് അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ബഹിരാകാശത്തേക്ക് പോകുന്നത് തൻ്റെ വീട്ടിലേക്ക് മടങ്ങുന്നതു പോലെയാണെന്ന് സുനിത വില്യംസ് പറഞ്ഞിരുന്നു.

പുതിയ പേടകത്തിൽ ബഹിരാകാശത്തേക്ക് പോകുന്നതിൽ ചെറിയ പരിഭ്രമമുണ്ടെന്നും എന്നാൽ വലിയ ആശങ്കകളൊന്നും ഇല്ലെന്നും സുനിത വ്യക്തമാക്കി. 2006ലും 2012ലുമായി രണ്ടു തവണ ബഹിരാകാശത്തേക്ക് സുനിത വില്യംസ് പറന്നിട്ടുണ്ട്. ഇതുവരെ 322 ദിവസമാണ് സുനിത ബഹിരാകാശത്ത് ചെലവഴിച്ചത്.

ഏഴ് തവണയായി 50 മണിക്കൂറിലേറെ ബഹിരാകാശത്ത് നടന്ന റെക്കോർഡും സുനിതയ്ക്ക് സ്വന്തമാണ്. പിന്നീട് ബഹിരാകാശത്ത് 10 തവണ നടന്ന പെഗ്ഗി വിറ്റ്സൺ ആ റെക്കോർഡ് മറികടന്നു. ബോയിങ് സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൻ്റെ ആദ്യ ദൗത്യത്തിലെ പൈലറ്റാണ് സുനിത വില്യംസ്.

ബോയിങ്ങിൻ്റെ ക്രൂ ഫ്ലൈറ്റ് ടെസ്റ്റ് കൂടി ആയാണ് വിക്ഷേപണത്തെ കാണുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള മൂന്നാമത്തെ യാത്രയാണ് സ്റ്റാർലൈനിൻ്റേത്. ബഹിരാകാശത്തേക്ക് മനുഷ്യരെ എത്തിക്കാനുള്ള ബോയിങിൻ്റെ ശേഷി വികസിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ദൗത്യം സംഘടിപ്പിച്ചിരിക്കുന്നത്.

1965 സെപ്റ്റംബർ 19ന് ഓഹിയോവിലെ യൂക്ലിഡിലാണ് സുനിത വില്യംസ് ജനിച്ചത്. ദീപക് പാണ്ഡ്യയുടെയും ബോണി പാണ്ഡ്യയുടെയും മകളാണ്. സുനിത വില്യംസിൻ്റെ പിതാവ് ഗുജറാത്ത് സ്വദേശിയാണ്. പിന്നീട് അമേരിക്കയിലേക്ക് കുടിയേറി‌യ അദ്ദേഹം പിന്നീട് സ്ലോവേനിയക്കാരിയെ വിവാഹം കഴിച്ചു.

ആദ്യമായി ബഹിരാകാശ യാത്രികയായി സുനിതയെ തിരഞ്ഞെടുക്കപ്പെട്ടത് 1998ലാണ്. ബഹിരാകാശയാത്രക്ക് നാസ തെരഞ്ഞെടുക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജയാണ് സുനിത വില്യംസ്. ബഹിരാകാശത്ത് സമൂസ തിന്നാൻ ഇഷ്ടപ്പെടുന്ന, ഗണേശ വിഗ്രഹം കൂടെ കൊണ്ടുപോകാൻ ഇഷ്ടപ്പെടുന്ന ബഹിരാകാശ യാത്രികയാണ് സുനിത വില്യംസ്.

1987ലാണ് സുനിത വില്യംസ് യുനൈറ്റഡ് സ്റ്റേറ്റ്സ് നേവിയിൽ അവരുടെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2006 ഡിസംബർ 9നാണ് ഡിസ്കവറി ബഹിരാകാശ പേടകത്തിൽ സുനിത വില്യംസ് തൻ്റെ ആദ്യത്തെ ബഹിരകാശ യാത്രക്ക് തുടക്കമിട്ടത്.